ശരീരവേദന, വേദനയുള്ള ഭാഗങ്ങളില്‍ നീര് എന്നിവ കണ്ടാല്‍ നിസാരമാക്കരുത്, കാരണമുണ്ട്...

By Web TeamFirst Published Mar 27, 2023, 7:19 PM IST
Highlights

വ്യക്തിജീവിതവും തൊഴിലുമെല്ലാം കാര്യമായ രീതിയില്‍ ബാധിക്കപ്പെടാം. അതിനാല്‍ തന്നെ ഇതിന് ചികിത്സയെടുക്കുന്നതാണ് ഉചിതം. ശരീരത്തില്‍ എല്ലുകളോട് അനുബന്ധമായി വേദന വരുന്നതോ, നീര് വരുന്നതോ എല്ലാമാണ് കാര്യമായും ഇതില്‍ ശ്രദ്ധിക്കേണ്ടത്.

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇവയില്‍ മിക്കപ്പോഴും ഉള്‍പ്പെടുന്നൊരു പ്രശ്നമാണ് ശരീരവേദന. ജോലിഭാരം, പരിചിതമല്ലാത്ത ജോലിയെടുക്കല്‍, ഭാരമെടുക്കല്‍, മാനസിക സമ്മര്‍ദ്ദം, വാതം, ഉറക്കമില്ലായ്മ എന്നിങ്ങനെ ശരീരവേദനയിലേക്ക് സാധാരണഗതിയില്‍ നമ്മെ നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. 

എന്നാല്‍ ഇക്കാരണങ്ങളില്‍ അധികം ഗൗരവമുള്ള പല അസുഖങ്ങളുടെയും ഭാഗമായും ലക്ഷണമായുമെല്ലാം ശരീരവേദന അനുഭവപ്പെടാം. പക്ഷേ അധികപേരും ശരീരവേദനയെ അങ്ങനെ കാര്യമായി എടുക്കാറില്ല എന്നതാണ് സത്യം. ശരീരവേദന പതിവാകുന്നുവെങ്കില്‍ അത് തീര്‍ച്ചയായും ഡോക്ടറെ കാണിക്കേണ്ടതുണ്ട്. സമയബന്ധിതമായി ചികിത്സയെടുത്തില്ലെങ്കില്‍ സങ്കീര്‍ണമാകുന്ന എന്തെങ്കിലും പ്രശ്നമാണെങ്കില്‍ അത് വേഗം തന്നെ പരിഹരിക്കുന്നതാണല്ലോ ഉചിതം.

ഇത്തരത്തില്‍ ശരീരവേദനയ്ക്ക് കാരണമായി വരുന്ന, ശ്രദ്ധിക്കേണ്ട ഒരവസ്ഥയെ പറ്റിയാണിനി പങ്കുവയ്ക്കുന്നത്. എല്ലിനെ ബാധിക്കുന്ന അണുബാധ. ഇതെക്കുറിച്ചാണ് പറയാനുള്ളത്. 'ഓസ്റ്റിയോമയെലൈറ്റിസ്' എന്നും വിളിക്കും ഈ അവസ്ഥയെ. 

ബാക്ടീരിയ- ഫംഗസ് പോലുള്ള രോഗാണുക്കള്‍ വഴിയുണ്ടാകുന്ന അണുബാധ എല്ലിനെ കൂടി കടന്നുപിടിക്കുന്ന അവസ്ഥയാണിത് എന്ന് ലളിതമായി പറയാം. ചില അണുബാധ പെട്ടെന്നായിരിക്കും സംഭവിക്കുക. മറ്റ് ചിലതാകട്ടെ സമയമെടുത്തും. ഇത് രോഗിയുടെ ജീവന് ഭീഷണി ഉയര്‍ത്തും വിധത്തിലുള്ള ഒരു പ്രശ്നമല്ല.

അതേസമയം നിത്യജീവിതത്തില്‍ രോഗിയെ ആകെയും വലയ്ക്കാൻ ഇതിന് സാധിക്കുകയും ചെയ്യും. കാരണം വേദന, നീര്, അസ്വസ്ഥത, തളര്‍ച്ച, ഇടയ്ക്കിടെ പനി, ഓക്കാനം, ചലനത്തിനുള്ള തടസങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം എല്ലിലെ അണുബാധ മൂലമുണ്ടാകുന്നുണ്ട്. ഇവയെല്ലാം തന്നെ വ്യക്തിയുടെ നിത്യജീവിതത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാമല്ലോ. 

വ്യക്തിജീവിതവും തൊഴിലുമെല്ലാം കാര്യമായ രീതിയില്‍ ബാധിക്കപ്പെടാം. അതിനാല്‍ തന്നെ ഇതിന് ചികിത്സയെടുക്കുന്നതാണ് ഉചിതം. ശരീരത്തില്‍ എല്ലുകളോട് അനുബന്ധമായി വേദന വരുന്നതോ, നീര് വരുന്നതോ എല്ലാമാണ് കാര്യമായും ഇതില്‍ ശ്രദ്ധിക്കേണ്ടത്. ഇവിടങ്ങളില്‍ തൊലിയില്‍ ചുവന്ന നിറം, ചൊറിച്ചിലടക്കമുള്ള അസ്വസ്ഥത എന്നിവയുണ്ടെങ്കില്‍ അതും ശ്രദ്ധിക്കുക. മറ്റ് ലക്ഷണങ്ങളാണ് നേരത്തെ സൂചിപ്പിച്ചത്. 

ആന്‍റി-ബയോട്ടിക്സ് മുതല്‍ ചെറിയ സര്‍ജറി വരെ ഇതിന് ചികിത്സയായി വരാം. ഓര്‍ക്കുക എല്ലിലെ അണുബാധ ഗൗരവമായ രീതിയിലേക്ക് എത്തുന്നുവെങ്കില്‍ ആ ശരീരഭാഗം നീക്കം ചെയ്യേണ്ടുന്ന അവസ്ഥ വരെയെത്താം. അതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കുക. 

Also Read:- മുഖത്തും കണ്ണിലും ഈ ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ ശ്രദ്ധിക്കൂ; ഞരമ്പ് പിടച്ചിരിക്കുന്നതും നിസാരമാക്കല്ലേ...

 

click me!