രണ്ട് മുഖവുമായി പിറന്നു; ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞ്...

By Web TeamFirst Published Oct 1, 2022, 8:23 PM IST
Highlights

ട്രെസിന്‍റെ കാര്യവും മറിച്ചല്ല. രണ്ട് വ്യത്യസ്തമായ മൂക്കുകളും രണ്ട് തലയോട്ടിയും എല്ലാമായി രണ്ട് മുഖവുമായിത്തന്നെയാണ് ട്രെസ് ജനിച്ചത്. തലച്ചോറിനും കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നു

നിത്യവും നമ്മെ അത്ഭുതപ്പെടുത്തുന്ന അല്ലെങ്കില്‍ നമുക്ക് അവിശ്വസനീയമെന്ന് തോന്നുന്ന എത്രയോ സംഭവങ്ങളാണ് വാര്‍ത്തകളിലൂടെ നാം അറിയുന്നത്. ഒരുപക്ഷെ ശാസ്ത്രത്തിനുമപ്പുറം എന്തെങ്കിലും സത്യമുണ്ടോ എന്ന ചിന്തയിലേക്ക് അറിയാതെയെങ്കിലും നമ്മെ നയിച്ചേക്കാവുന്ന, അത്തരം സംശയങ്ങളില്‍ ചിന്ത കുഴഞ്ഞുപോയേക്കാവുന്ന സംഭവങ്ങള്‍!

സമാനമായൊരു വാര്‍ത്തയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ കൊണ്ടുപോകുന്നത്. യുഎസിലെ മിസോറിയില്‍ നിന്നുള്ള ഒരു കൗമാരക്കാരനാണ് ഈ വാര്‍ത്തയിലെ താരം. ട്രെസ് ജോണ്‍സണ്‍ എന്നാണിദ്ദേഹത്തിന്‍റെ പേര്. 

അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗവുമായിട്ടായിരുന്നു ട്രെസ് ജോൺസൺ ജനിച്ചുവീണത് തന്നെ. 'ക്രാനിയോ ഫേഷ്യല്‍ ഡ്യൂപ്ലിക്കേഷൻ' എന്ന അസാധാരമായ ജനിതകരോഗമായിരുന്നു ട്രെസിനെ ബാധിച്ചിരുന്നത്. രണ്ട് മുഖമായിരിക്കും ഈ രോഗം ബാധിക്കപ്പെട്ട വ്യക്തികള്‍ക്ക്. 

ട്രെസിന്‍റെ കാര്യവും മറിച്ചല്ല. രണ്ട് വ്യത്യസ്തമായ മൂക്കുകളും രണ്ട് തലയോട്ടിയും എല്ലാമായി രണ്ട് മുഖവുമായിത്തന്നെയാണ് ട്രെസ് ജനിച്ചത്. തലച്ചോറിനും കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നു. ഇടയ്ക്കിടെ ചുഴലിയും വരുമായിരുന്നു. ദിവസത്തില്‍ തന്നെ നാഞ്ഞൂറിനടുത്ത് തവണ ചുഴലി (സീഷര്‍) വരുമായിരുന്നുവത്രേ. 

ഈ കുഞ്ഞ് ജീവിച്ചിരിക്കല്ലെന്നായിരുന്നുവത്രേ അന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാലിന്ന് ട്രെസ് തന്‍റെ പതിനെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. മരുന്നും ചികിത്സയുമെല്ലാം അത്ഭുതപൂര്‍വമായിരുന്നു ട്രെസില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. 

ആദ്യം ചുഴലി നിയന്ത്രണത്തിലായി. പിന്നീട് പതിയെ ആകെ ആരോഗ്യനിലയില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങി. 

തങ്ങള്‍ അനുവദിച്ചിരുന്നുവെങ്കില്‍ അന്നുതന്നെ ഡോക്ടര്‍മാര്‍ കുഞ്ഞിന് ദയാവധം നല്‍കുമായിരുന്നുവെന്നും എന്നാല്‍ താനും ഭര്‍ത്താനും അതിന് സമ്മതിച്ചില്ല, ഭര്‍ത്താവ് ഒരുപാട് പൊരുതിയാണ് കുഞ്ഞിനെ സ്വന്തമാക്കിയതെന്നും ട്രെസിന്‍റെ അമ്മ ബ്രാൻഡി പറയുന്നു. 

പതിനെട്ട് വയസിന്‍റെ ബുദ്ധി വികാസമോ പക്വതയോ ഇല്ലെങ്കില്‍ കൂടിയും ഓരോ ദിവസവും ട്രെസ് അതിശയകരമായ മാറ്റങ്ങളാണ് പ്രകടിപ്പിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഇത് തങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ഇത്തരം രോഗങ്ങള്‍ ബാധിച്ച കുഞ്ഞുങ്ങള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും തങ്ങളുടെ അനുഭവങ്ങള്‍ ഒരു പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറയുന്നു. 

Also Read:- 'അത്ഭുത ശിശു'; ഏവരെയും അതിശയപ്പെടുത്തി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ്

click me!