
ചൈനയില്‍ നിന്ന് പടര്‍ന്നുപിടിച്ച 'കൊറോണ വൈറസ്' സാധാരണക്കാര്‍ക്കിടയില്‍ വലിയ തോതിലുള്ള ആശങ്കകളാണ് ഇപ്പോഴും പരത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് ഉദാഹരണമാവുകയാണ് സിഡ്‌നിയിലെ ചൈനാടൗണില്‍ ചൊവ്വാഴ്ച രാത്രി നടന്ന ഒരു സംഭവം.
തിരക്കുള്ള തെരുവിലെ ഒരു റെസ്‌റ്റോറന്റിന് മുമ്പില്‍ വച്ച് ചൈനീസ് പൗരനായ ഒരു വൃദ്ധന് ഹൃദയാഘാതമുണ്ടായി. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹം റെസ്റ്റോറന്റിന് മുമ്പിലെ റോഡില്‍ കുഴഞ്ഞുവീഴുകയും ചെയ്തു. എന്നാല്‍ ചൈനക്കാരനാണെന്ന് മനസിലായതോടെ തെരുവിലുണ്ടായിരുന്ന ആളുകള്‍ അദ്ദേഹത്തില്‍ നിന്ന് അകലം പാലിച്ച് നില്‍ക്കുകയാണ് ചെയ്തത്.
നിമിഷങ്ങള്‍ക്കകം തന്നെ തെരുവിലാകെ അഭ്യൂഹങ്ങളും പരന്നു. 'കൊറോണ വൈറസ്' ബാധിച്ച ഒരു ചൈനക്കാരന്‍ റോഡില്‍ കുഴഞ്ഞുവീണിട്ടുണ്ട് എന്നായിരുന്നു വ്യാജപ്രചരണം. ഇത് കേട്ടതോടെ പരമാവധി ആളുകള്‍ അവിടെ നിന്നും മാറി. അല്‍പസമയം കൂടി കഴിഞ്ഞപ്പോള്‍, വിവരമറിഞ്ഞ റെസ്‌റ്റോറന്റ് മാനേജര്‍ എമര്‍ജന്‍സി സര്‍വീസിലേക്ക് വിളിച്ച് കാര്യം അറിയിച്ചു.
ആംബുലന്‍സും ഡോക്ടര്‍മാരുമായി എമര്‍ജന്‍സി സേവനസംഘം എത്തിയപ്പോഴേക്കും വൃദ്ധന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ഒരുപക്ഷേ, സമയത്തിന് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് സംഭവത്തോട് പ്രതികരിച്ചുകൊണ്ട് വിദഗ്ധര്‍ പറയുന്നത്. ഏതായാലും വൃദ്ധന്റെ ദാരുണമരണം ഓസ്‌ട്രേലിയയില്‍ വലിയ വിവാദങ്ങള്‍ തന്നെ സൃഷ്ടിച്ചു.
'കൊറോണ വൈറസി'നെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതിനാലാണ് ജനം ഇത്തരത്തില്‍ പെരുമാറിയതെന്നും ഒരിക്കലും ഇതൊരു മാതൃകാപരമായ പ്രവണതയല്ലെന്നും സാമൂഹിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഇതുവരെ 170 പേരാണ് 'കൊറോണ വൈറസ്' ബാധയെത്തുടര്‍ന്ന് മരിച്ചത്. ഏഴായിരത്തിലധികം പേര്‍ക്ക് ചൈനയില്‍ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ പത്തിലധികം രാജ്യങ്ങളില്‍ ഇതിനോകം 'കൊറോണ' കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam