Urinary Tract Infection : ടോയ്‌ലറ്റ് സീറ്റിൽ നിന്ന് യൂറിനറി ഇൻഫെക്ഷൻ പിടിപെടുമോ?

By Web TeamFirst Published Mar 2, 2022, 6:57 PM IST
Highlights

മിക്ക സ്ത്രീകളും ടോയ്‌ലറ്റ് സീറ്റുകളിൽ നിന്ന് യുടിഐ പിടിപെടുന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്. പ്രത്യേകിച്ചും അവർ പബ്ലിക്ക് ടോയ്‌ലറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ. ടോയ്‌ലറ്റ് സീറ്റിൽ നിന്ന് യൂറിനറി ഇൻഫെക്ഷൻ പിടിപെടുമോ?

യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (urinary tract infection) അഥവാ മൂത്രാശയ അണുബാധ ഏറ്റവും കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയാണ്. വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവ ഉൾപ്പെടെയുള്ള മൂത്രനാളിയിലെ ഏതെങ്കിലും ഭാഗത്തെ ബാധിക്കുന്ന അണുബാധയാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (UTI) അഥവാ മൂത്രനാളിയിലെ അണുബാധ. 

കുടലിൽ നിന്നുള്ള ബാക്ടീരിയകളാണ് യുടിഐയുടെ ഏറ്റവും സാധാരണ കാരണം. എന്നാൽ, ഫംഗസ്, വൈറസ് എന്നിവയും അണുബാധയ്ക്ക് കാരണമാകും. ഇത് കൂടാതെ ശരീരത്തിൽ ജലാംശം കുറയുന്നതും യുടിഐ ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ്. മിക്ക സ്ത്രീകളും ടോയ്‌ലറ്റ് സീറ്റുകളിൽ നിന്ന് യുടിഐ പിടിപെടുന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്.

പ്രത്യേകിച്ചും അവർ പബ്ലിക്ക് ടോയ്‌ലറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ. ടോയ്‌ലറ്റ് സീറ്റിൽ നിന്ന് യൂറിനറി ഇൻഫെക്ഷൻ പിടിപെടുമോ? ഇൻസ്റ്റാഗ്രാമിൽ 'ഡോ ക്യുട്ടറസ്' എന്ന പേരിൽ അറിയപ്പെടുന്ന ഡോ.തനയ അടുത്തിടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. നിങ്ങൾ ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുമ്പോൾ യോനിയുമായി യഥാർത്ഥത്തിൽ സമ്പർക്കം പുലർത്തുന്നില്ലെന്ന് വീഡിയോയിൽ പറയുന്നു.  

 

 

മൂത്രമൊഴിച്ചതിന് ശേഷം ചിലർ പുറകിൽ നിന്ന് മുൻവശത്തേക്ക് തുടയ്ക്കുകയും അത് ബാക്ടീരിയയെ പീ ഹോളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത് യുടിഐ അണുബാധ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വീഡിയോയിൽ അവർ പറയുന്നു. മൂത്രമൊഴിച്ചതിന് ശേഷം മുന്നിൽ നിന്ന് പിന്നിലേക്ക് വേണം തുടയ്ക്കേണ്ടതെന്നും ഡോ.തനയ പറഞ്ഞു.

ആവശ്യത്തിന് വെള്ളം കുടിക്കുകയും ഇടയ്ക്കിടെ മൂത്രം ഒഴിക്കുകയും ചെയ്യുന്നത് യുടിഐയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. നിർജ്ജലീകരണവും മൂത്രം പിടിച്ച് വയ്ക്കുന്നത് മറ്റെന്തിനെക്കാളും യുടിഐ ബാധിക്കാനുള്ള രണ്ട് പ്രധാനപ്പെട്ട കാരണങ്ങളാണെന്നും അവർ വീഡിയോയിൽ പറഞ്ഞു. 

മൂത്രാശയ അണുബാധ; ശ്രദ്ധിക്കേണ്ടത്...

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് യൂറിനറി ഇൻഫെക്ഷൻ കൂടുതലായി കണ്ട് വരുന്നത്. മൂത്രം ഒഴിക്കുമ്പോൾ വേദനയും പുകച്ചിലും, കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന തോന്നൽ രക്തം കലർന്ന് മുത്രം പോകുക, രൂക്ഷമായ ദുർഗന്ധം, മൂത്രത്തിനു നിറവ്യത്യാസം എന്നിവയാണ് ലക്ഷണങ്ങൾ. 

ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. ചൂടുള്ള കാലാവസ്ഥയാണെങ്കിൽ ഇതിന്റെ അളവ് കൂട്ടണം. ശരീരത്തിൽ വിഷാംശങ്ങളെ നീക്കം ചെയ്യാൻ വെള്ളത്തിനോളം കഴിവ് മറ്റൊന്നിനുമില്ല. പഴച്ചാറുകൾ കുടിക്കുന്നതും നല്ലതാണ്. മദ്യം, കാർബോനേറ്റഡ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കാം. 

മൂത്രം ഒഴിക്കണമെന്ന് തോന്നിയാൽ പിടിച്ചു വയ്‌ക്കാതെ ഉടൻ മൂത്രം ഒഴിക്കുക. ഇത് വളരെ പ്രധാനമാണ്. കൂടുതൽ നേരം മൂത്രം പിടിച്ചു നിർത്തുന്നത് അണുക്കളെ കൂടുതൽ ശക്തരാക്കുകയേയുള്ളൂ.

ഒന്ന് ശ്രദ്ധിക്കൂ, പൊതു ശൗചാലയം ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്...

click me!