പ്രമേഹരോഗികള്‍ക്ക് ഉണ്ടാകാനിടയുള്ള ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍

By Web TeamFirst Published Sep 23, 2021, 5:11 PM IST
Highlights

പ്രമേഹം എത്രത്തോളം നീണ്ടുനില്‍ക്കുന്നുവോ അത്രത്തോളം ഹൃദ്രോഗ സാധ്യതകളും വര്‍ധിക്കുന്നു.  എന്നാല്‍ ജീവിതശൈലിയില്‍  മാറ്റം വരുത്തുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കഴിയുമെന്നത് ആശ്വാസകരമാണ്. 

പ്രമേഹവും (diabetes) ഹൃദ്രോഗവും പരസ്പരപൂരകങ്ങളാണ്. പ്രമേഹമുള്ള വ്യക്തിക്ക് ഹൃദ്രോഗമോ (heart disease) പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണ്. ചെറുപ്പത്തില്‍തന്നെ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹരോഗികള്‍ക്ക് കൂടുതലാണ്.

പ്രമേഹം എത്രത്തോളം നീണ്ടുനില്‍ക്കുന്നുവോ അത്രത്തോളം ഹൃദ്രോഗ സാധ്യതകളും വര്‍ധിക്കുന്നു.  എന്നാല്‍ ജീവിതശൈലിയില്‍  മാറ്റം വരുത്തുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം (heart healthy) മെച്ചപ്പെടുത്തുന്നതിനും കഴിയുമെന്നത് ആശ്വാസകരമാണ്. കൂടാതെ ഇത്തരം മാറ്റങ്ങള്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും സഹായകമാകും.

പ്രമേഹരോഗികള്‍ക്ക് ഉണ്ടാകാനിടയുള്ള ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍...

എല്ലാതരം ഹൃദ്രോഗങ്ങളെയും, പക്ഷാഘാതത്തെയും  രക്തക്കുഴല്‍ രോഗങ്ങളെയുമാണ്  ഹൃദ്രോഗം അല്ലെങ്കില്‍ കാര്‍ഡിയോവാസ്‌കുലര്‍ ഡിസീസ് എന്ന് പൊതുവായി   സൂചിപ്പിക്കുന്നത്. ഇവയില്‍ ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുന്ന ഹൃദയ ധമനീ രോഗമാണ് (കൊറോണറി ആര്‍ട്ടറി ഡിസീസ്) ഏറ്റവും സാധാരണയായി കാണപ്പെടുന്നത്.

ഹൃദയത്തിലേക്കുള്ള ധമനികളുടെ ഉള്‍ഭിത്തികളില്‍ കൊഴുപ്പും മറ്റു നിക്ഷേപങ്ങളും (പ്ലേക്ക്) അടിഞ്ഞുകൂടി ധമനികള്‍ ഇടുങ്ങിയതായി മാറുന്നു.  ഈ പ്രക്രിയയെ അതെറോസ്‌കെലെറോസിസ് അഥവാ  ധമനികളുടെ കാഠിന്യമേറല്‍ എന്നു പറയുന്നു. തന്‍മൂലം ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നു. ഇത് നെഞ്ചുവേദനയ്ക്ക് (ആന്‍ജൈന) കാരണമാകുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്യുന്നു.   

തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നത് പക്ഷാഘാതത്തിനും വഴിതെളിയ്ക്കുന്നു. അതെറോസ്‌കെലെറോസിസ് മറ്റു ശരീരഭാഗങ്ങളിലും ഉണ്ടായേക്കാം. കാലുകളിലും പാദങ്ങളിലും കാണപ്പെടുന്നതിനെ പെരിഫെറല്‍ അര്‍ട്ടീരിയല്‍ ഡിസീസ് (പിഎഡി) എന്നറിയപ്പെടുന്നു. 

നടക്കുമ്പോള്‍ കാലിന് വേദനയുണ്ടാകുക, നടത്തതിന്റ വേഗത കുറയ്ക്കുന്നതിനും നടത്തം അവസാനിപ്പിച്ച് വിശ്രമിക്കുന്നതിനും പ്രേരണയുണ്ടാകുക തുടങ്ങി പ്രമേഹമുള്ളവരിലെ ലക്ഷണങ്ങള്‍ ഹൃദ്രോഗത്തിന്റെയും പ്രഥമ ലക്ഷണങ്ങളാണ്. 

പ്രമേഹം ഹൃദയത്തെ ബാധിക്കുന്നതെങ്ങനെ?

രക്തത്തിലെ ഉയര്‍ന്ന പഞ്ചാസാരയുടെ അളവ് കാലക്രമേണ രക്തക്കുഴലുകളെയും ഹൃദയത്തെ നിയന്ത്രിക്കുന്ന നാഡികളെയും നശിപ്പിക്കും. പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റ് അവസ്ഥകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അവ ഇങ്ങനെയാണ്:

1. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്താതിമര്‍ദ്ദം ധനമികളിലൂടെയുള്ള രക്തയോട്ടത്തിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ധമനികളുടെ ഭിത്തികള്‍ നശിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഹൃദ്രോഗത്തിനുള്ള സാധ്യത വന്‍തോതില്‍ വര്‍ദ്ധിപ്പിക്കും.

2. രക്തത്തിലെ അമിതമായ ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍) ഹൃദയ ധനമികളുടെ ഭിത്തികളില്‍ അടിഞ്ഞുകൂടി അവയെ നശിപ്പിക്കും.

3. ട്രൈഗ്ലിസറൈഡുകളുടെ (രക്തത്തിലെ ഒരു തരം കൊഴുപ്പ്) ഉയര്‍ന്ന അളവും എച്ച്ഡിഎല്ലിന്റെ (നല്ല കൊളസ്‌ട്രോള്‍) കുറഞ്ഞ അളവും അല്ലെങ്കില്‍  എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ ഉയര്‍ന്ന അളവും അതെറോസ്‌കെലെറോസിസിന് കാരണമാകുമെന്ന് കരുതപ്പെടുന്നു.

ഇവയൊന്നും ലക്ഷണങ്ങള്‍ പ്രകടമാക്കില്ല എന്നതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം.   ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് എന്നിവയൊക്കെയാണ് നാം പതിവായി പരിശോധിക്കുക. എന്നാല്‍ പ്രമേഹത്താലുള്ള  ഹൃദയ ധമനീ രോഗങ്ങള്‍ പലപ്പോഴും നിശബ്ദമായിരിക്കും. മുന്‍പ് ഹൃദയാഘാതം ഉണ്ടായിട്ടുണ്ട് എന്നറിയുമ്പോഴാണ് അത്ഭുതപ്പെടുക. പ്രമേഹമുള്ളവര്‍ക്ക് ഹൃദയാഘാതമുണ്ടാകുമ്പോള്‍ സാധാരണ ലക്ഷണമായ നെഞ്ചുവേദന അനുഭവപ്പെട്ടെന്നുവരില്ല. താഴെപ്പറയുന്ന ഘടകങ്ങളും ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കും.

•    പുകവലി
•    അമിതഭാരം അല്ലെങ്കില്‍ പൊണ്ണത്തടി (ഒബീസിറ്റി)
•    ശാരീരികാധ്വാനത്തിന്റെ കുറവ് 
•    സാച്ചുറേറ്റഡ് ഫാറ്റ്, ട്രാന്‍സ് ഫാറ്റ്, കൊളസ്‌ട്രോള്‍, സോഡിയം എന്നിവ കൂടുതലടങ്ങിയ ഭക്ഷണക്രമം.
•    അമിത മദ്യപാനം

പ്രമേഹമുള്ളവര്‍ക്ക് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നത് ഗുരുതര അവസ്ഥയാണ്. എന്നാല്‍ ഹൃദയസ്തംഭനം എന്നതുകൊണ്ട് ഹൃദയമിടിപ്പ് നിലച്ചു എന്നര്‍ത്ഥമില്ല. ഹൃദയത്തിന് നന്നായി രക്തം പമ്പ് ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് ഇതിനര്‍ത്ഥം. 

തന്‍മൂലം കാലുകളില്‍ നീര്‍വീക്കം ഉണ്ടാകുകയും ശ്വാസകോശത്തില്‍ ദ്രാവകം രൂപപ്പെടുകയും ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും. ഹൃദയസ്തംഭനം കാലക്രമേണ വഷളാകുകയും ചെയ്യും. എന്നാല്‍ മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും ചികിത്സയും രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനോ ഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങാതിരിക്കുന്നതിനോ സാധിക്കും.

പ്രമേഹമുള്ളവരിലെ  ഹൃദ്രോഗ പരിശോധന...

രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പഞ്ചസാരയുടെ തോത് , എച്ച്ബിഎ1സി, ഭാരം എന്നിവ രോഗിയുടെ ഹൃദ്രോഗ സാധ്യത മനസ്സിലാക്കാന്‍ ഡോക്ടറെ സഹായിക്കും.  ഹൃദയാരോഗ്യം മനസ്സിലാക്കുന്നതിനായി മറ്റു പരിശോധനകളും ഡോക്ടര്‍ നിര്‍ദേശിക്കും. അവയില്‍ ഉള്‍പ്പെടുന്നവ:

1.  ഹൃദയത്തിന്റെ ഇലക്ട്രിക്കല്‍ ആക്ടിവിറ്റി അളക്കുവാനുള്ള ഇലക്‌ട്രോ കാര്‍ഡിയോഗ്രാം (ഇസിജി/ ഇകെജി). ഹൃദയത്തിലൂടെ സഞ്ചരിക്കുന്ന  ഇലക്ട്രിക്കല്‍ ഇമ്പള്‍സിന്റെ ഫലമായാണ് ഹൃദയമിടിപ്പുണ്ടാകുന്നത്.

2. ഹൃദയ ധമനികളുടെ കട്ടിയും ഹൃദയം എത്ര നന്നായി പമ്പുചെയ്യുന്നുണ്ടെന്നും പരിശോധിക്കുന്നതിനുള്ള എക്കോകാര്‍ഡിയോഗ്രാം (എക്കോ).

3. കഠിനാദ്ധ്വാനം ചെയ്യുമ്പോള്‍ ഹൃദയം എത്രത്തോളം പ്രവര്‍ത്തിക്കുന്നതിനുള്ള വ്യായാമ സമ്മര്‍ദ പരിശോധന (ട്രെഡ്മില്‍ ടെസ്റ്റ്).

നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുക...

     ജീവിത ശൈലിയിലുള്ള മാറ്റങ്ങളിലൂടെ ഹൃദ്രോഗസാധ്യതയും അപകടവും കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സാധിക്കും.

1. ആരോഗ്യകരമായ ആഹാരക്രമം സ്വീകരിക്കുക. ശുദ്ധമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിക്കുക. പ്രോട്ടീന്‍ ഉള്‍പ്പെടുന്ന ആഹാരങ്ങളും ധാന്യങ്ങളും ഭക്ഷണത്തിലുള്‍പ്പെടുത്തുക. സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ (ചിപ്‌സ്, മധുരപലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ് പോലുള്ളവ)വളരെ കുറച്ചുമാത്രമേ കഴിക്കാവൂ.  ധാരാളം വെള്ളം കുടിക്കുക. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. മദ്യപാനം കുറയ്ക്കുക.

2. ആരോഗ്യകരമായ ശരീരഭാരം ലക്ഷ്യമിടുക. അമിതഭാരമുള്ളവരാണെങ്കില്‍ മിതമായ അളവില്‍ ാരം കുറയ്ക്കുന്നത്  ട്രൈഗ്ലിസറൈഡുകളേയും രക്തത്തിലെ പഞ്ചസാരയേയും കുറയ്ക്കുന്നതിന് സഹായകമാണ്. അതായത്  മൊത്തം ശരീരാരത്തിന്റെ 5% മുതല്‍ 7 % വരെ  കുറയ്ക്കുക. ഉദാ: 90 കിലോ ഭാരമുള്ള വ്യക്തിയാണെങ്കില്‍ 5-6 കിലോഗ്രാം വരെ കുറയ്ക്കുക.

3. സജീവമായിരിക്കുക. പ്രവര്‍ത്തന നിരതനാണെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ  ഇന്‍സുലിന്‍ (രക്തത്തിലെ പഞ്ചസാരയെ ഊര്‍ജമാക്കി മാറ്റാന്‍ ഉപയോഗിക്കാന്‍ ശരീരത്തിലെ കോശങ്ങളെ  അനുവദിക്കുന്ന ഹോര്‍മോണ്‍) കൂടുതല്‍ സംവേദനക്ഷമമാകും. പ്രമേഹ നിയന്ത്രണത്തിന് ഇത് സഹായകമാണ്.  അദ്ധ്വാനത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കഴിയും. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും വേഗത്തില്‍  നടക്കാന്‍ ശ്രമിക്കണം.

'എബിസി'-കളെ നിയന്ത്രിക്കുക...

എ: രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസ്സിലാക്കാനായി മൂന്നുമാസത്തിലൊരിക്കല്‍ എ1സി ടെസ്റ്റ് നടത്തുക. അളവ്  7 ന് അടുപ്പിച്ച് നിലനില്‍ത്താന്‍ ശ്രമിക്കുക.
ബി: രക്തസമ്മര്‍ദ്ദം  130/80  ല്‍ നിലനിര്‍ത്താന്‍ ശ്രമിക്കുക.
സി: കൊളസ്‌ട്രോള്‍ നില - എല്‍ഡിഎല്‍ 100 എംജി/ഡിഎല്‍-ല്‍ താഴെയാക്കുക
എസ്:  പുകവലി നിര്‍ത്തുക/ പുകവലി തുടങ്ങരുത്.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം മാനസിക പിരിമുറുക്കം നിയന്ത്രിക്കണം. രക്തസമ്മര്‍ദ്ദം കൂടുന്നതിനും  അമിത മദ്യപാനം,  അമിതാഹാരം തുടങ്ങിയ അനാരോഗ്യ ശീലങ്ങള്‍ക്കും പിരിമുറുക്കം കാരണമാകാറുണ്ട്. ഇത് നിയന്ത്രിക്കാനും മാനസികാരോഗ്യം നിയന്ത്രിക്കാനുമായി ഒരു കൗണ്‍സലറെ സന്ദര്‍ശിക്കുക. ധ്യാനം, ദീര്‍ഘമായി ശ്വാസമെടുക്കല്‍ തുടങ്ങിയവ ശീലിക്കുക. ശാരീരികക്ഷമത നിലനിര്‍ത്തുക. സുഹൃത്തുകളുടേയും കുടുംബാംഗങ്ങളുടേയും പിന്തുണ തേടുക.  രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ് എന്നിവയുടെ തോത് നിയന്ത്രണവിധേയമാക്കുക. 

എഴുതിയത്:
ഡോ. രമേഷ് നടരാജന്‍,
സീനിയര്‍ കണ്‍സള്‍ട്ടന്റ്,
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കാര്‍ഡിയോളജി,
കിംസ്‌ഹെല്‍ത്ത്‌

click me!