
തണുപ്പുകാലം ഗർഭിണികളെ സംബന്ധിച്ചിടത്തോളം കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. ഈ സമയത്തെ തണുപ്പും, അണുബാധയ്ക്കുള്ള സാധ്യതയും, ക്ഷീണവുമെല്ലാം അമ്മയെയും ഗർഭസ്ഥ ശിശുവിനെയും ഒരുപോലെ ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ ശരിയായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. പോഷകങ്ങൾ നിറഞ്ഞ ആഹാരം അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം കുഞ്ഞിൻ്റെ ശാരീരികവും മാനസികവുമായ വളർച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു. തണുപ്പുകാലത്ത് ശരീരത്തിന് കൂടുതൽ ഊർജ്ജവും ചൂടും ആവശ്യമാണ്. അതിനാൽ ഭക്ഷണക്രമത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
ഗർഭിണികൾ തണുപ്പുകാലത്ത് ഇലക്കറികൾ കഴിക്കേണ്ടതുണ്ട്. ഇലക്കറികളിൽ ധാരാളം അയണും ഫൈബറും അടങ്ങിയിട്ടുണ്ട്. ബദാം, വാൾനട്ട്, ഉണക്കമുന്തിരി തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സും ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കും. പാൽ, തൈര് പോലുള്ള ക്ഷീര ഉത്പന്നങ്ങൾ കാൽസ്യത്തിൻ്റെ മികച്ച ഉറവിടമാണ്. ഇത് കുഞ്ഞിൻ്റെ എല്ലുകളുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. ഓറഞ്ച്, പേരയ്ക്ക, ആപ്പിൾ തുടങ്ങിയ സീസണൽ പഴങ്ങൾ വിറ്റാമിൻ സി നൽകുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. പരിപ്പ്, കടല എന്നിവയിൽ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
ഗർഭകാലത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യം ഉറപ്പാക്കാൻ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. വറുത്തതും പൊരിച്ചതും, മസാല അധികമുള്ളതും, ജങ്ക് ഫുഡും ഒഴിവാക്കുക. കാരണം ഇത് അസിഡിറ്റിക്കും മറ്റ് ദഹനപ്രശ്നങ്ങൾക്കും കാരണമാകും. ഐസ് ചേർത്ത പാനീയങ്ങളും തണുത്ത ഭക്ഷണങ്ങളും ദോഷകരമാകും. വേവിക്കാത്തതോ പകുതി വേവിച്ചതോ ആയ മാംസം, മുട്ട, മത്സ്യം എന്നിവ ഒഴിവാക്കുക. ഇവയിൽ അണുബാധയ്ക്ക് സാധ്യതയുണ്ട്. ചായ, കാപ്പി പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക. പാക്കറ്റിൽ വരുന്നതും പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം.
ഗർഭകാലത്ത് പരിചരണവും പ്രധാനമാണ്
ഭക്ഷണം മാത്രമല്ല, ഗർഭകാലത്ത് ശരിയായ പരിചരണവും ആവശ്യമാണ്. തണുപ്പുകാലത്ത് ശരീരത്തിന് ചൂട് ആവശ്യമാണ്. നന്നായി ഉറങ്ങുക, ചെറിയ വ്യായാമങ്ങൾ ചെയ്യുകയോ നടക്കാൻ പോകുകയോ ചെയ്യാം. കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണുന്നത് വളരെ പ്രധാനമാണ്. തണുപ്പുകാലത്തും ശരീരത്തിന് ജലാംശം ആവശ്യമുള്ളതുകൊണ്ട് വെള്ളം കുടിക്കുന്നത് കുറയ്ക്കരുത്. വ്യക്തിശുചിത്വം പാലിക്കുക, എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam