
അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട അസുഖമാണ് ചിക്കൻപോക്സ്. അതിവേഗം പടരുന്ന രോഗമാണ് ചിക്കൻപോക്സ്. ‘വേരിസെല്ലസോസ്റ്റര്‍’ എന്ന വൈറസാണ് ചിക്കന്‍പോക്സ് പടര്‍ത്തുന്നത്. പൊതുവേ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുമെന്നതിനാല്‍ ഗര്‍ഭിണികള്‍, എയ്ഡ്സ് രോഗികള്‍, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍ ഹോസ്റ്റലുകളിലും മറ്റും കൂട്ടത്തോടെ ഒരുമിച്ച് താമസിക്കുന്നവര്‍ തുടങ്ങിയവര്‍ ചിക്കൻപോക്സിനെ ജാഗ്രതയോടെ കാണുക.
രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നും ഉള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ സ്പര്‍ശനം മൂലവും ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മുതല്‍ കുമിള പൊന്തി 6-10 ദിവസംവരെയും രോഗം പരത്തും. സാധാരണ ഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഈ രോഗം വരാതെയിരിക്കാം. എന്നാല്‍ പൊതു പ്രതിരോധം തകരാറിലായാല്‍ മാത്രം വീണ്ടും രോഗം വരാറുണ്ട്.
പ്രധാന ലക്ഷണങ്ങള്‍...
ഒന്ന്...
കുമിളകള്‍ പൊങ്ങുന്നതിന് മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത്. ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന തുടങ്ങിയവ ലക്ഷണങ്ങളാണ്.
രണ്ട്...
കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതാണ് മിക്കവരിലും ചിക്കന്‍പോക്സ് പ്രകടമാക്കുന്ന ആദ്യ ലക്ഷണം. ഏകദേശം 2-6 വരെ ദിവസം ഈ ഘട്ടം നീളും. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങല്‍ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്.
മൂന്ന്...
മിക്കവരിലും തലയിലും വായിലും ആണ് കുരുക്കള്‍ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചത്തും പുറത്തും ഉണ്ടാകുന്നു. എണ്ണത്തില്‍ ഇത് കൂടുതലാണ്. എന്നാല്‍, കൈകാലുകളില്‍ എണ്ണം കുറവാണെന്ന പ്രത്യേകതയുമുണ്ട്.
നാല്...
ചിക്കന്‍പോക്സിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് ചൊറിച്ചില്‍. കുരുക്കളുള്ള ഭാഗത്ത് മാത്രമായോ ശരീരം മുഴുവനുമായോ ചൊറിച്ചില്‍ അനുഭവപ്പെടാം. ചൊറിഞ്ഞ് പൊട്ടിയാല്‍ പഴുക്കാന്‍ സാധ്യത കൂടുതലാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
1. ഇളം ചൂടുവെള്ളത്തില്‍ ദിവസവും കുളിക്കുക.
2. ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.
3. മതിയായ വിശ്രമം, രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം.
4. എളുപ്പത്തില്‍ പകരുന്ന രോഗമായത് കൊണ്ട് രോഗികള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
5. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
6. എണ്ണ, എരിവ്,പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
7. കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പില ഇട്ട് തിളപ്പിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam