
പതിമൂന്നു വയസ്സുള്ള മകളുമായി അമ്മ സൈക്കോളജിസ്റ്റിനെ സമീപിക്കാൻ തീരുമാനിച്ചു. അടുത്തകാലത്തായി അവളുടെ സ്വഭാവത്തിൽ വലിയ വ്യത്യാസങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ഇതേത്തുടർന്നാണ് സൈക്കോളജിസ്റ്റിനെ കാണാൻ അമ്മ തീരുമാനിച്ചത്. അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ കണ്ടാണ് ചെറിയ പ്രായം മുതലേ അവൾ വളർന്നത്. ഒരു ഘട്ടത്തിൽ അച്ഛനും അമ്മയും പിരിയുന്നതാണ് നല്ലത് എന്നുവരെ അവരുടെ നിരന്തരമായ പ്രശ്നങ്ങൾ കണ്ട് അവൾ പറയുകയുണ്ടായി. കൂട്ടുകാരുമായി ഒത്തുപോകാൻ അവൾക്കു വലിയ ബുദ്ധിമുട്ടായിരുന്നു. ആരെങ്കിലും കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്താൽ അത് ഒട്ടും സഹിക്കാനാവാത്ത അവസ്ഥയിൽ ആയിരുന്നു അവൾ. ഒരിക്കൽ അവൾ ഒറ്റയ്‌ക്കിരുന്നു വല്ലാതെ കരയുന്നത് അവളുടെ അമ്മ കണ്ടു. അടുത്തു ചെന്നു നോക്കിയ അമ്മ കണ്ടത് കുട്ടി കയ്യിൽ ഒരുപാട് മുറിവുകൾ ഉണ്ടാക്കുന്നതാണ്. പിന്നീടാണ് അമ്മ അറിയുന്നത് ഇതിനു മുൻപും പല തവണ അങ്ങനെ അവൾ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട് എന്നത്. അവൾക്കൊരു പ്രണയം ഉള്ളതായി അമ്മയ്ക്ക് അറിയാമായിരുന്നു. എന്നാൽ ആ പയ്യൻ അവളോട് നിരന്തരം ദേഷ്യപ്പെടുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്യും. എങ്കിലും അതെല്ലാം സഹിച്ചുകൊണ്ട് അവൾ ആ ബന്ധത്തിൽ തുടർന്നു. ഇതെല്ലം സഹിച്ചു നിൽക്കുന്നതെന്തിനാണെന്ന് പോലും പല തവണ ആ അമ്മ അവളോട് ചോദിച്ചു. അവൾ ഒരിക്കലും അതിൽ നിന്നും പിന്മാറാൻ തയ്യാറായില്ല. കാരണം, അച്ഛനിൽ നിന്നും കിട്ടാത്ത സ്നേഹം ആ പയ്യനിൽ നിന്നും കിട്ടണം എന്ന ആഗ്രഹമായിരുന്നു അവളുടെ മനസ്സിൽ. ഇതുപോലുള്ള നിരവധി കുട്ടികൾ നമുക്ക് ചുറ്റുമുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് കുട്ടികളുടെ മനസ് മറ്റു കാര്യങ്ങളിലേക്കും ശീലങ്ങളിലേക്കും ശ്രദ്ധതിരിക്കുന്നത്.
ചെറുപ്പം മുതലേ പ്രശ്നങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ വളരുന്നത് കുട്ടികളിൽ ഒറ്റപ്പെടലും സ്നേഹത്തിനു വേണ്ടിയുള്ള അമിതമായ ആഗ്രഹത്തിനും കാരണമാകും. ടീനേജ് പ്രായത്തിൽ അവർ എത്തുമ്പോൾ ഈ കാരണത്താൽ അപകടകരമായ ബന്ധങ്ങളിൽ എത്തിച്ചേരാനും സാധ്യത കൂടുതലാണ്. മാതാപിതാക്കൾ പിരിയുകയല്ലാതെ മറ്റു മാർഗ്ഗമില്ല എന്ന സാഹചര്യത്തിൽപോലും, കുട്ടികൾക്ക് അവരാൽ കഴിയുംവിധം സ്നേഹം നൽകാനായാൽ അത് അവർക്ക് വലിയ ആശ്വാസം ലഭിക്കും. കുട്ടിക്കൊപ്പം മാതാപിതാക്കളിൽ ഒരാൾ മാത്രമാണുള്ളത് എങ്കിലും അവരെ കേൾക്കാനും അവർ പറയുന്ന കാര്യങ്ങൾക്ക് വില കൊടുക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ചില കാര്യങ്ങൾ അവരുടെ പ്രായത്തിന്റേതായ പക്വത കുറവു കൊണ്ടു പറയുന്നതാണെകിൽ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ. അവരോടു ദേഷ്യപ്പെട്ട് അവർ പറയുന്നത് മണ്ടത്തരമാണ് എന്ന് പറയാതിരിക്കാൻ ശ്രദ്ധിക്കണം. അവർ പറയുന്നതിന്റെ കുഴപ്പങ്ങളെപ്പറ്റി സാവധാനം ക്ഷമയോടെ പറഞ്ഞു മനസ്സിലാക്കുകയാണ് ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ടത്. അല്ലെങ്കിൽ അല്പസമയം മനസ്സൊന്നു ശാന്തമായതിനു ശേഷം മാത്രം കുട്ടിയോടു സംസാരിക്കാൻ ശ്രമിക്കുക.
എപ്പോഴും സങ്കടപ്പെട്ടിരിക്കുക, ഭാവിയെപ്പറ്റി വലിയ പേടി തോന്നുക, സ്വയം വില തോന്നാതിരിക്കുക, ഉറക്കമില്ലായ്മ, മരിച്ചാൽ മതിയെന്ന തോന്നൽ, മറ്റുള്ളവരുമായി അമിതമായ താരതമ്യം ചെയ്യുക തുടങ്ങിയ കുട്ടികളിലെ ഈ ലക്ഷണങ്ങൾ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിൽ പലയിടത്തും മുറിവുകളോ പാടുകളോ കണ്ടാൽ, ചൂടുള്ള കാലാവസ്ഥയിലും പാടുകൾ മറയ്ക്കാൻ ഫുൾ സ്ലീവ് വസ്ത്രം ധരിക്കുന്നപോലെയുള്ള രീതി, ഒട്ടും പ്രതീക്ഷിക്കാത്തപ്പോൾ പെട്ടെന്നു മൂഡ് മാറുക, മൂർച്ചയുള്ള വസ്‌തുക്കൾ മുറിയിൽ ഒളിപ്പിച്ചു വെക്കുക, എപ്പോഴും സ്വയം കുറ്റപ്പെടുത്തി സംസാരിക്കുക, എപ്പോഴും ഒറ്റയ്ക്കിരിക്കാൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങളെയും അവഗണിക്കരുത്. കുട്ടികൾക്ക് അവരുടെ മനസ്സിനെ അലട്ടുന്ന കാര്യങ്ങൾ ആരോടും തുറന്നു പറയാൻ കഴിയാത്ത സാഹചര്യം വരുമ്പോഴാണ് ശരീരത്തിൽ മുറിവുകൾ വരുത്താൻ അവർ ശ്രമിക്കുന്നത്. മരിക്കണം എന്ന ഉദ്ദേശത്തോടെ അല്ല എങ്കിലും ചിലപ്പോൾ ഈ പ്രവണത ഭാവിയിൽ ആത്മഹത്യാ ചിന്തയായി മാറാൻ ഇടയുണ്ട്. ഇത് 12-14 പ്രായക്കാരിലും താരതമ്യേന കൂടുതലാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam