ചൈനയില്‍ കൊറോണയുടെ രണ്ടാം വരവ്; ഒരു നഗരത്തില്‍ മാത്രം 7,500 പേര്‍ ക്വറന്റൈനില്‍...

By Web TeamFirst Published May 15, 2020, 8:17 PM IST
Highlights

ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടാകുമ്പോള്‍, സ്വാഭാവികമായും ആളുകള്‍ കൂടുതലായി ഒത്തുകൂടുകയും ഇടപഴകുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. നേരത്തേ ലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ വൈറസിനെ വഹിക്കുന്ന ആളുകള്‍ ഇക്കൂട്ടത്തിലുണ്ടെങ്കില്‍ അവരില്‍ നിന്ന് പ്രതിരോധശേഷി കുറഞ്ഞവരിലേക്ക് ഇത് എളുപ്പത്തിലെത്തുന്നു

ലോകരാജ്യങ്ങളെ ഒന്നടങ്കം വിറപ്പിച്ച കൊറോണ വൈറസ് എന്ന മാരക രോഗകാരിയുടെ ജനനം തന്നെ ചൈനയിലായിരുന്നു. ചൈനയിലെ വുഹാനില്‍ ഒരു മാംസ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. ആദ്യഘട്ടത്തില്‍ രോഗത്തെ പിടിച്ചുകെട്ടാനുള്ള കാര്യമായ ശ്രമങ്ങള്‍ ചൈന നടത്താതിരുന്നത് കൊണ്ടുതന്നെ സാരമായ തിരിച്ചടികളാണ് പിന്നീടേല്‍ക്കേണ്ടിവന്നത്. മറ്റ് രാജ്യങ്ങളിലേക്ക് തിരിച്ചവരിലൂടെ രോഗം പടരാനുള്ള സാഹചര്യമുണ്ടാക്കിയതും ഇതേ അശ്രദ്ധ തന്നെയെന്ന് വേണമെങ്കില്‍ പറയാം. 

പോയവര്‍ഷത്തിലെ അവസാനമാസങ്ങളിലാണ് വുഹാനില്‍ കൊറോണ പടര്‍ന്നത്. എന്നാല്‍ രോഗം സ്ഥിരീകരിക്കാനും ഗൗരവത്തിലെടുക്കാന്‍ ഏറെ ദിവസങ്ങളെടുത്തു. ആകെ 82,933 പേര്‍ക്കായിരുന്നു ചൈനയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 4,633 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 

തുടര്‍ന്ന് മാസങ്ങള്‍ നീണ്ട ലോക്ഡൗണും കടുത്ത നിയന്ത്രണങ്ങളുമായിരുന്നു ചൈനയില്‍. ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ കൊറോണയെ ചൈന, വരുതിയിലാക്കുക തന്നെ ചെയ്തു. വീണ്ടും സാധാരണജീവിതത്തിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു രാജ്യം. എന്നാല്‍ ഈ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് ഇവിടെ വീണ്ടും കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

 

 

ഇരുപതിന് താഴെ മാത്രം കേസുകളാണ് ഈ രണ്ടാം തരംഗത്തില്‍ വന്നിട്ടുള്ളതെന്നാണ് സൂചന. എന്നാല്‍ എത്രമാത്രം ആധികാരികമാണ് ഈ വിവരമെന്ന് ഉറപ്പിക്കവയ്യ. വടക്കുകിഴക്കന്‍ ചൈനീസ് നഗരമായ ഷെന്‍യാംഗില്‍ മാത്രം ഒരാഴ്ചയ്ക്കിടെ ക്വാറന്റൈനില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം തന്നെ നിലവിലെ പ്രതിസന്ധിയുടെ തീവ്രത തെളിയിക്കുന്നതാണ്. 7,500 പേരാണ് ഷെന്‍യാംഗില്‍ 21 ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ മൂന്ന് കേസുകള്‍ സ്ഥിരീകരിച്ചതോടെയാണ് നടപടിയെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇത്രയും പേര്‍ മൂന്ന് തവണകളിലായി ടെസ്റ്റുകള്‍ക്ക് വിധേയരാകണമെന്നും ഇവര്‍ പറയുന്നു. 

തൊട്ടടുത്ത പ്രവിശ്യയായ ജിലിനിലെ സ്ഥിതിയും മോശമാണെന്നാണ് റിപ്പോര്‍ട്ടുകളിലെ സൂചന. എന്നാല്‍ ഇവിടങ്ങളിലെ യഥാര്‍ത്ഥ അവസ്ഥയുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം ജിലിനില്‍ കര്‍ശനമായ നടപടികളാണ് രോഗബാധ ചെറുക്കുന്നതിനായി എടുക്കുന്നതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അറിയിച്ചിട്ടുണ്ട്. വഹാനിലും പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Also Read:- കൊറോണ വൈറസിനെ നിലം തൊടീക്കാത്ത ഒരേയൊരു ഭൂഖണ്ഡം ഇതാണ്...

ജിലിന്‍, ഷുലാന്‍, ഷെന്‍യാംഗ് എന്നിവിടങ്ങള്‍ ഇപ്പോള്‍ ലോക്ഡൗണിലാണ്. നേരത്തേ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്ന സ്‌കൂളുകളോ മറ്റ് സ്ഥാപനങ്ങളോ ഇവിടെ തുറക്കില്ല. യാത്രകള്‍ക്കും ആളുകള്‍ ഒത്തുകൂടുന്നതിനും കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു. 

എന്തുകൊണ്ട് രണ്ടാംവരവ്?

ചൈനയ്ക്ക് പുറമെ ജര്‍മ്മനി ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെല്ലാം കൊവിഡ് 19 രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരമൊരു പ്രതിഭാസം എന്ന ചോദ്യം ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. 

 

 

ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടാകുമ്പോള്‍, സ്വാഭാവികമായും ആളുകള്‍ കൂടുതലായി ഒത്തുകൂടുകയും ഇടപഴകുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. നേരത്തേ ലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ വൈറസിനെ വഹിക്കുന്ന ആളുകള്‍ ഇക്കൂട്ടത്തിലുണ്ടെങ്കില്‍ അവരില്‍ നിന്ന് പ്രതിരോധശേഷി കുറഞ്ഞവരിലേക്ക് ഇത് എളുപ്പത്തിലെത്തുന്നു. 

നിലവില്‍ കൊറോണയുടെ രണ്ടാം തരംഗത്തിന് കാരണമായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലം ഇതാണ്. അതുകൊണ്ടുതന്നെ ലോക്ഡൗണ്‍ ഇളവുകള്‍ വരുന്ന കാലത്ത് ജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Also Read:- 20 വര്‍ഷത്തിനിടെ ചൈനയില്‍ നിന്നും അഞ്ച് പകര്‍ച്ചവ്യാധികള്‍; അമേരിക്കന്‍ ആരോപണം...

click me!