ന്യൂയോര്‍ക്ക്:  20 വര്‍ഷത്തിനിടയില്‍ ചൈനയില്‍ നിന്നും ലോകത്ത് പൊട്ടിപ്പുറപ്പെട്ടത് അഞ്ച് പകര്‍ച്ചവ്യാധികളാണെന്ന ആരോപണവുമായി അമേരിക്കയ. ഈ പകര്‍ച്ച വ്യാധികള്‍ ചൈന നിര്‍മ്മിച്ചതാണെങ്കിലും തനിയെ ഉണ്ടായത് ആണെങ്കിലും അത് അംഗീകരിക്കാനാകില്ലെന്ന് അമേരിക്കയുടെ സുരക്ഷ ഉപദേഷ്ടാവ് ആരോപിച്ചു. ലാബില്‍ നിന്നായാലും മാര്‍ക്കറ്റില്‍ നിന്നായാലും ഈ അണുവ്യാപനം അംഗീകരിക്കാന്‍ കഴിയില്ലന്നും ഇത് ചൈന മാത്രമല്ല ഇതിന്‍റെ ദുരിതം പേറേണ്ടി വന്നതെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ര്‍ട്ട ഒബ്രിയാന്‍ ആരോപിച്ചു.

ചൈനയിലെ വുഹാനില്‍ നിന്നും ആരംഭിച്ച വൈറസ്ബാധയുടെ ദുരിതം ഏറ്റവും അനുഭവിക്കേണ്ടി വന്നത് അമേരിക്കയാണ്. രോഗത്തിന്‍റെ തുടക്കത്തില്‍ അതിനെ ഗൗരവമായി എടുക്കാതിരുന്ന അമേരിക്കയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ കാര്യങ്ങള്‍ പിടിവിട്ട നിലയിലായതോടെ ചൈനയ്‌ക്കെതിരേ അമേരിക്ക രൂക്ഷ വിമര്‍ശനം പതിവാക്കിയിട്ടുണ്ട്. സാര്‍സ്, ഏവിയന്‍ഫ്‌ളൂ, പന്നിപ്പനി, കോവിഡ് 19 എന്നിവയെല്ലാം പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നുമാണെന്നാണ് അമേരിക്കന്‍ ആരോപണം.

ഇപ്പോഴത്തെ രോഗം തുടക്കമിട്ടത് ലാബില്‍ നിന്നായാലും മാര്‍ക്കറ്റില്‍ നിന്നായാലും ചൈനയിലെ വുഹാനില്‍ നിന്നുമാണ് വന്നത് എന്ന കാര്യത്തിന് സാഹചര്യതെളിവുകളുണ്ട്. ഇതൊരു പൊതുജന പ്രശ്‌നമാണ്. ഇത്തരം നടപടികള്‍ ചൈന സൃഷ്ടിക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അമേരിക്ക ഇപ്പോള്‍ രോഗത്തിന്റെ ആഗോള കേന്ദ്രമായി മാറിയിരിക്കുകയാണ്.  

ചൈനയിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ അയയ്ക്കാന്‍ യുഎസ് താല്‍പര്യപ്പെട്ടിരുന്നെങ്കിലും ചൈന അനുവദിച്ചിട്ടില്ല. എന്നാല്‍ കൃത്യമായി ഒരു സമയം പറയാന്‍ കഴിയുകില്ലെങ്കിലും വൈറസിന്റെ ഉത്ഭവം സംബന്ധിച്ച തെളിവുകള്‍ സമയത്ത് തന്നെ വിശകലനം ചെയ്യുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ര്‍ട്ട ഒബ്രിയാന്‍ പറയുന്നു.

കോവിഡ് ലാബില്‍ വെച്ച് സൃഷ്ടിച്ചെടുത്തതാണെന്ന അമേരിക്കയുടെ വാദത്തിന് പിന്തുണ കൂടുകയാണ്. കഴിഞ്ഞ ദിവസം ഇക്കാര്യം ഇന്ത്യന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പറഞ്ഞു. 

അതിനിടയില്‍ കൊറോണ തങ്ങളുടെ സൃഷ്ടിയാണെന്ന വാദം ചൈന തള്ളിക്കളഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ചൈനയെ കുറ്റംപറയുന്നതിനെതിരേ ചൈനീസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ അമേരിക്കന്‍ പ്രസിഡന്റ് ക്ഷുഭിതനായി മടങ്ങിയിരുന്നു.