വാക്സിൻ സ്വീകരിച്ചവരില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്ന കൊവിഡ് ലക്ഷണം...

By Web TeamFirst Published Jul 14, 2022, 3:29 PM IST
Highlights

വാക്സിൻ സ്വീകരിച്ചാലും കൊവിഡ് പിടിപെടുമെങ്കില്‍ പിന്നെന്തിനാണ് വാക്സിൻ സ്വീകരിക്കുന്നതെന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ വാക്സിൻ കൊവിഡ് തീവ്രതയെ നല്ലതോതില്‍ കുറയ്ക്കുന്നതായും മരണനിരക്ക് കുത്തനെ കുറച്ചതായും നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഒമിക്രോണ്‍ വകഭേദത്തിന്‍റെ ( Omicron Variant ) ഉപവകഭേദങ്ങളാണ് പ്രധാനമായും നിലവില്‍ ലോകത്താകമാനം കൊവിഡ് കേസുകള്‍ വര്‍ധിപ്പിക്കുന്നത്. ആദ്യഘട്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് പ്രതിരോധം കൂടുതല്‍ ഊര്‍ജ്ജസ്വലമാണ് ഇപ്പോള്‍. കൊവിഡ് വാക്സിൻ ( Covid Vaccine ) വലിയ അളവ് വരെ ഇതിന് കാരണമാകുന്നുണ്ട്. 

വാക്സിൻ സ്വീകരിച്ചാലും കൊവിഡ് പിടിപെടുമെങ്കില്‍ പിന്നെന്തിനാണ് വാക്സിൻ സ്വീകരിക്കുന്നതെന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ വാക്സിൻ കൊവിഡ് തീവ്രതയെ നല്ലതോതില്‍ കുറയ്ക്കുന്നതായും മരണനിരക്ക് കുത്തനെ കുറച്ചതായും നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

വാക്സിൻ വ്യാപകമായി ലഭ്യമാകുന്നതിന് മുമ്പാണ് ഇന്ത്യയില്‍ ഡെല്‍റ്റ വകഭേദം കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ചത്. ഇതില്‍ കൊവിഡ് തീവ്രത വര്‍ധിച്ചത് മൂലം നൂറ് കണക്കിന് പേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. എന്നാല്‍ വാക്സിൻ വ്യാപകമായ ശേഷം വന്ന ഒമിക്രോണ്‍ ( Omicron Variant )  പുതിയ തരംഗം സൃഷ്ടിച്ചപ്പോള്‍ അത് കൊവിഡ് കേസുകളും മരണനിരക്കും വലിയ രീതിയില്‍ കുറച്ചിരുന്നു. ഇതാണ് വാക്സിന്‍റെ പ്രത്യേകത.

അങ്ങനെയെങ്കില്‍ കൊവിഡ് വാക്സിൻ ( Covid Vaccine ) സ്വീകരിച്ചവരില്‍ രോഗം പിടിപെടുമ്പോള്‍ കാര്യമായ വ്യത്യാസങ്ങളും കാണില്ലേയെന്ന് സംശയം തോന്നാം. അതെ സത്യമാണ്, കൊവിഡ് തീവ്രത കുറയുമെന്നത് മാത്രമല്ല, ലക്ഷണങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ കാണുമെന്നാണ് പുതിയൊരു റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നത്. 

കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഘട്ടം മുതല്‍ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പല രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച് പങ്കുവയ്ക്കുന്ന യുകെയിലെ 'സൂ ആപ്പ്' ഇപ്പോള്‍ പുറത്തുവിട്ട വിവരപ്രകാരം വാക്സിൻ സ്വീകരിച്ചവരില്‍ ഏറ്റവും സാധാരണമായി കാണുന്ന കൊവിഡ് ലക്ഷണം തുമ്മലാണ്. 

ഇതിന് കാരണവുമുണ്ടത്രേ. വാക്സിൻ സ്വീകരിച്ചവരില്‍ രോഗകാരിയായ വൈറസ് വീണ്ടും പ്രവേശിക്കുമ്പോള്‍ അതിനെതിരായ പ്രതിരോധം സജീവമായി നടക്കും. അധികവും മൂക്കിലൂടെയാണ് വൈറസ് കടക്കുന്നത് എന്നതിനാല്‍ അവിടെ വച്ച് തന്നെ വൈറസുമായുള്ള പ്രതിരോധം ആരംഭിക്കുകയാണ്. ഇക്കാരണം കൊണ്ടാണത്രേ വാക്സിൻ സ്വീകരിച്ചവരില്‍ തുമ്മല്‍ പ്രധാന ലക്ഷണമായി വരുന്നത്. 

തുമ്മലിന് പുറമെ ജലദോഷം, തൊണ്ടവേദന, തലവേദന, ചുമ എന്നിവയും വാക്സിൻ സ്വീകരിച്ചവരില്‍ കൂടുതലായി കണ്ടുവരാമെന്നും ആപ്പ് സൂചിപ്പിക്കുന്നു. എന്നാല്‍ ഭൂരിപക്ഷം പേരിലും വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ രോഗം മൂലമുള്ള വിഷമതകള്‍ ലഘുവായിരിക്കുമെന്നും ആപ്പ് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോഴും വാക്സിൻ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഈ വിവരങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. 

പലരും ഇന്ന് വാക്സിനെതരായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. വാക്സിൻ ഉപയോഗപ്രദമല്ലെന്ന് വിശ്വസിച്ച് അതുപേക്ഷിച്ചവരും ഏറെയാണ്. എന്നാല്‍ ആരോഗ്യാവസ്ഥ പിന്നാക്കം നില്‍ക്കുന്നവര്‍ അടക്കം പല വിഭാഗക്കാര്‍ക്കും വാക്സിൻ ഇന്നും നിര്‍ബന്ധം തന്നെയാണെന്നതാണ് സത്യം. 

Also Read:- കൊവിഡിന്‍റെ ഭാഗമായി മറവിയും ശ്രദ്ധക്കുറവും; നിസാരമാക്കല്ലേ

click me!