Asianet News MalayalamAsianet News Malayalam

Covid 19 : കൊവിഡിന്‍റെ ഭാഗമായി മറവിയും ശ്രദ്ധക്കുറവും; നിസാരമാക്കല്ലേ

കൊവിഡ് മുക്തിക്ക് ശേഷം ഏറെ നാള്‍ നീണ്ടുനില്‍ക്കുന്ന ഇതിന്‍റെ അനുബന്ധ പ്രശ്നങ്ങള്‍/ ലോംഗ് കൊവിഡ് അവസ്ഥയില്‍ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രശ്നമായിരുന്നു 'ബ്രെയിൻ ഫോഗ്'.പേരില്‍ സൂചനയുള്ളത് പോലെ തന്നെ തലച്ചോറിനെ മൂടല്‍മഞ്ഞ് പൊതിയുന്നത് പോലൊരു അനുഭവം തന്നെയാണിത്

covid 19 related bran fog may lead to neurodegenerative diseases says studies
Author
Trivandrum, First Published Jul 9, 2022, 5:10 PM IST

കൊവിഡ് 19മായുള്ള ( Covid 19 ) നിരന്തര പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ആദ്യഘട്ടത്തില്‍ ഇത് ശ്വാസകോശത്തെ മാത്രം ബാധിക്കുന്ന രോഗമാണെന്ന രീതിയിലാണ് വിലയിരുത്തലുകള്‍ വന്നിരുന്നതെങ്കില്‍ പിന്നീടിത് ഹൃദയവും തലച്ചോറും അടക്കം പല പ്രധാനപ്പെട്ട അവയവങ്ങളെയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. 

ഇത്തരത്തില്‍ കൊവിഡ് ( Covid 19 ) മുക്തിക്ക് ശേഷം ഏറെ നാള്‍ നീണ്ടുനില്‍ക്കുന്ന ഇതിന്‍റെ അനുബന്ധ പ്രശ്നങ്ങള്‍/ ലോംഗ് കൊവിഡ് അവസ്ഥയില്‍ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രശ്നമായിരുന്നു 'ബ്രെയിൻ ഫോഗ്' ( Brain Fog ).

പേരില്‍ സൂചനയുള്ളത് പോലെ തന്നെ തലച്ചോറിനെ മൂടല്‍മഞ്ഞ് പൊതിയുന്നത് പോലൊരു അനുഭവം തന്നെയാണിത്. മറവി, കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, ചിന്താശേഷി കുറയല്‍ തുടങ്ങിയ ഒരുപിടി പ്രശ്നങ്ങളെയാണ് 'ബ്രെയിൻ ഫോഗ്' ( Brain Fog )എന്ന് വിളിക്കുന്നത്.

കുട്ടികളിലും മുതിര്‍ന്നവരിലുമെല്ലാം ഇത് വ്യാപകമായി കണ്ടുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഏറ്റവും പുതിയ ചില പഠനറിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തരത്തില്‍ ബ്രെയിന്‍ ഫോഗ് ഉണ്ടാകുന്നത് അല്‍ഷിമേഴ്സ് പോലെയോ പാര്‍ക്കിന്‍സണ്‍സ് രോഗം പോലെയോ ഉള്ള ഗുരുതരമായ രോഗങ്ങളുടെ ആദ്യഘട്ടങ്ങളിലേതിന് സമാനമാണ്. 

ലോംഗ് കൊവിഡ് ഇത്തരത്തില്‍ തലച്ചോറിനെ ബാധിക്കുന്ന പല രോഗങ്ങളിലേക്കും ഭാവിയില്‍ നമ്മെ നയിച്ചേക്കാമെന്നും ചില പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മേഖലയില്‍ ഗൗരവമുള്ള പഠനങ്ങള്‍ കൂടുതലായി നടക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ അറിയിക്കുന്നു. 

അല്‍ഷിമേഴ്സ്- പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളില്‍ ആദ്യഘട്ടങ്ങളില്‍ തലച്ചോറിനകത്ത് കാണുന്ന പ്രോട്ടീൻ കട്ടകള്‍ പോലെ തന്നെ കൊവിഡ് രോഗികളിലും ഒരു വിഭാഗക്കാരില്‍ തലച്ചോറിനകത്ത് പ്രോട്ടീൻ കട്ടയായി കാണപ്പെടുന്നുണ്ടത്രേ. ഇത് ഈ അവസ്ഥകളെല്ലാം തമ്മിലുള്ള സാമ്യതയെ സൂചിപ്പിക്കുന്നതാണ്. 

പതിവായി ഉറക്കമില്ലായ്മ, മരുന്നുകളുടെ പാര്‍ശ്വഫലം, കീമോതെറാപ്പിയുടെ പാര്‍ശ്വഫലം എന്നിങ്ങനെ പല രീതിയില്‍ ബ്രെയിന്‍ ഫോഗ് സംഭവിക്കാം. ഇത് കാലക്രമേണ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വലിയ സങ്കീര്‍ണതകളുണ്ടാകാം. 

22 മുതല്‍ 32 ശതമാനം വരെയുള്ള കൊവിഡ് രോഗികളില്‍ ബ്രെയിന്‍ ഫോഗ് ഉണ്ടാകാമെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്സ്റ്റിയില്‍ നിന്നുള്ള ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ മറ്റൊരു സര്‍വേ ഇതിലുമധികം രോഗികള്‍ ബ്രെയിൻഫോഗ് നേരിടുന്നതായാണ് പറയുന്നത്. 

ഓര്‍മ്മക്കുറവ്, ചിന്തകളില്‍ കൃത്യതയില്ലായ്മ, ശ്രദ്ധയില്ലായ്മ, കാര്യങ്ങള്‍ മനസിലാകാതിരിക്കുക, മൂഡ് സ്വിംഗ്സ്, അസ്വസ്ഥത, മനസ് വിട്ടുപോവുന്ന അവസ്ഥ, വിഷാദം തുടങ്ങിയവയെല്ലാം ബ്രെയിന്‍ ഫോഗിന്‍റെ ഭാഗമായി വരാം. കൊവിഡ് മുക്തിക്ക് ശേഷം മാസങ്ങളോളവും ഇത്തരം പ്രശ്നങ്ങള്‍ കാണുന്നപക്ഷം വൈദ്യപരിശോധന നടത്തുന്നതാണ് ഉചിതം. 

Also Read:- അറിയാം കുട്ടികളിലെ 'ലോംഗ് കൊവിഡ്' ലക്ഷണങ്ങള്‍

Follow Us:
Download App:
  • android
  • ios