'ഭക്ഷണത്തില്‍ ഉപ്പ് അമിതമായാല്‍ അത് ആയുസിനെ തന്നെ ബാധിക്കാം'

Published : Jul 14, 2022, 02:48 PM IST
'ഭക്ഷണത്തില്‍ ഉപ്പ് അമിതമായാല്‍ അത് ആയുസിനെ തന്നെ ബാധിക്കാം'

Synopsis

നമ്മള്‍ ദിവസേന കഴിക്കുന്ന ഭക്ഷണത്തില്‍ നിര്‍ബന്ധമായും ചേര്‍ക്കുന്നൊരു ചേരുവയാണ് ഉപ്പ്. ഉപ്പിന്‍റെ അളവ് കൂടുതലായാല്‍ അത് എന്തുമാത്രം അപകടകരമാകുമെന്നാണ് പഠനം നിരീക്ഷിച്ചത്.

ഡയറ്റ് അഥവാ നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമുക്ക് എത്രത്തോളം പ്രധാനമാണെന്ന് ഏവര്‍ക്കും അറിയാം. ദൈനംദിന ജീവിതത്തില്‍ ശാരീരിക- മാനസികാരോഗ്യ കാര്യങ്ങളില്‍ ഭക്ഷണം നിരന്തരമായി ശക്തമായ പങ്ക് വഹിക്കുന്നു. ഭക്ഷണകാര്യങ്ങളില്‍ സംഭവിക്കുന്ന ചെറിയ പിഴവുകള്‍ പോലും ( Diet Mistake )  ക്രമേണ നമ്മളെ വലിയ സങ്കീര്‍ണതകളിലേക്ക് നയിക്കാം. 

അത്തരത്തില്‍ ഭക്ഷണത്തില്‍ വരാവുന്നൊരു അശ്രദ്ധയും അത് പിന്നീടുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ( Diet Mistake )  ഇനി പങ്കുവയ്ക്കുന്നത്. 'യൂറോപ്യൻ ഹാര്‍ട്ട് ജേണല്‍' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇതിന് ആധാരം. 

നമ്മള്‍ ദിവസേന കഴിക്കുന്ന ഭക്ഷണത്തില്‍ നിര്‍ബന്ധമായും ചേര്‍ക്കുന്നൊരു ചേരുവയാണ് ഉപ്പ്. ഉപ്പിന്‍റെ അളവ് ( Excess Salt ) കൂടുതലായാല്‍ അത് എന്തുമാത്രം അപകടകരമാകുമെന്നാണ് പഠനം നിരീക്ഷിച്ചത്. പതിവായി ഉപ്പ് കൂടുതല്‍ കഴിക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം തന്നെ കുറയുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

പ്രധാനമായും സോ‍ഡിയം ( Excess Salt ) തന്നെയാണ് ഇതിന് കാരണമാകുന്നത്. ബിപി അഥവാ രക്തസമ്മര്‍ദ്ദം പിടിപെടുന്നതിനാണ് അധികവും സോഡിയം കാരണമാകുന്നത്. ഇതിന് പുറമെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും കൂടുന്നു. ഒപ്പം തന്നെ പക്ഷാഘാത സാധ്യതയും വര്‍ധിക്കുന്നു. 

ഒമ്പത് വര്‍ഷത്തോളമെടുത്താണ് ഗവേഷകര്‍ ഈ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം പേര്‍ ആകെ പഠനത്തില്‍ പങ്കെടുത്തു. ഇവരില്‍ ഉപ്പ് ഉപയോഗം അനുസരിച്ച് ആരോഗ്യാവസ്ഥകള്‍ വിലയിരുത്തിയപ്പോഴാണ് ഇത് ആയുര്‍ദൈര്‍ഘ്യം തന്നെ കുറയ്ക്കുമെന്ന കണ്ടെത്തലിലേക്ക് ഗവേഷകരെത്തിയത്. 

പതിവായി ഉപ്പ് കാര്യമായി ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അകാലമരണത്തിന് 28 ശതമാനം അധിക സാധ്യതയാണുള്ളതത്രേ. ഇതിന് പുറമെ പ്രായം, ലിംഗവ്യത്യാസം, കാലാവസ്ഥ, മറ്റ് അസുഖങ്ങള്‍, മദ്യപാനം- പുകവലി പോലുള്ള ശീലങ്ങള്‍ എന്നിവയും ഇതിനെ സ്വാധീനിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. 

ഉപ്പ് ഉപയോഗം പരിമിതപ്പെടുത്തുക. ഉപ്പ് കാര്യമായി ചേര്‍ക്കുന്ന പാക്കറ്റ് ഭക്ഷണം, പ്രോസസ്ഡ് ഭക്ഷണം എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. പച്ചക്കറികളും പഴങ്ങളും നിര്‍ബന്ധമായി ഡയറ്റിലുള്‍പ്പെടുത്തുക. ഭക്ഷണവുമായി ബന്ധപ്പെട്ട മോശം ശീലങ്ങളുപേക്ഷിക്കുക. എന്നിവയെല്ലാം ഈ പ്രശ്നത്തെ പരിഹരിക്കാൻ ചെയ്യാവുന്നതാണ്. 

Also Read:- പ്രമേഹമുണ്ടെങ്കില്‍ നിങ്ങള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം