
വാഷിംഗ്ടണ്‍: കൊവിഡ് 19 രോഗം തടയാനുള്ള വാക്സിന്‍ പരീക്ഷണം നടത്താനൊരുങ്ങി അമേരിക്ക. പൂര്‍ണ ആരോഗ്യമുള്ള 45 വളന്‍റിയര്‍മാരിലാണ് വാക്സിന്‍ കുത്തിവെക്കുകയെന്ന് അമേരിക്കന്‍ ഗവണ്‍മെന്‍റിലെ ഉന്നതരെ ഉദ്ധരിച്ച് ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് പരീക്ഷണത്തിന് ധനസഹായം നല്‍കിയത്. അതേസമയം, ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
സീറ്റില്‍സിലെ കൈസര്‍ പെര്‍മനന്‍റെ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വളന്‍റിയര്‍മാര്‍ക്ക് വാക്സിന്‍ നല്‍കുക. കൊവിഡ് 19ന് കാരണമാകുന്ന വൈറസിന്‍റെ നിരുപദ്രവകരമായ ജനിതക കോഡിന്‍റെ പകര്‍പ്പ് ഉള്‍ക്കൊള്ളുന്നതാണ് വാക്സിന്‍. വാക്സിന്‍ പരീക്ഷണം മൊത്തത്തില്‍ ഗുണകരമാണോ എന്നറിയാന്‍ മാസങ്ങള്‍ എടുത്തേക്കുമെന്നും ശാസ്ത്രജ്‍ഞര്‍ അറിയിച്ചു. ലോകത്തിന്‍റെ നാനാഭാഗങ്ങളിലെ ശാസ്ത്രജ്ഞര്‍ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. കൊവിഡ് 19നെതിരെയുള്ള വാക്സിന്‍ ആദ്യമായാണ് മനുഷ്യനില്‍ കുത്തിവെച്ച് പരീക്ഷിക്കുന്നത്.
വാക്സിന്‍ സുരക്ഷിതമാണെന്നും ഉയര്‍ന്ന ഗുണനിലവാരമുള്ളതാണെന്നും ഫലം സൂക്ഷ്മമായി വിലയിരുത്തുമെന്നും വിദഗ്ധന്‍ ഡോ. ജോണ്‍ ട്രെഗോണിംഗ് പറഞ്ഞു. വാക്സിന്‍ ഫലപ്രദമായാല്‍ മനുഷ്യരാശിക്ക് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത അളവിലാണ് വളന്‍രിയര്‍മാരില്‍ വാക്സിന്‍ കുത്തിവെക്കുക. 28 ദിവസത്തിനിടയില്‍ കൈത്തണ്ടയില്‍ രണ്ട് പ്രാവശ്യമാണ് കുത്തിവെക്കുക. വാക്സിന്‍ നിര്‍മാണവും വിതരണവും പൂര്‍ത്തിയാകാന്‍ 18 മാസമെങ്കിലും എടുക്കുമെന്നും വിദഗ്ധര്‍ അറിയിച്ചു. കൊവിഡ് 19ന് ഇതുവരെ വാക്സിനോ മരുന്നോ കണ്ടുപിടിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam