Covid 19 : കൊവിഡ് ഭാവിയില്‍ തലച്ചോറിനെ ബാധിക്കുന്നത് എങ്ങനെ?

Published : Aug 03, 2022, 11:07 AM IST
Covid 19 : കൊവിഡ് ഭാവിയില്‍ തലച്ചോറിനെ ബാധിക്കുന്നത് എങ്ങനെ?

Synopsis

'ഏജിംഗ് റിസര്‍ച്ച് റിവ്യൂസ്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തില്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. യുഎസിലെ 'ഹൂസ്റ്റണ്‍ മെത്തേഡിസ്റ്റ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട്'ല്‍ നിന്നുള്ള ഗവേഷകരായ ജോയ് മിത്ര, മുരളീധര്‍.എല്‍. ഹെഗ്ഡെ എന്നിവരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.

കൊവിഡ് 19 രോഗം ( Covid 19 )  പ്രാഥമികമായി ശ്വാസകോശത്തെ മാത്രം ബാധിക്കുന്നതാണെന്ന തരത്തിലായിരുന്നു നിഗമനങ്ങള്‍. എന്നാല്‍ പിന്നീട് ഇത് ഹൃദയം അടക്കമുള്ള പല അവയവങ്ങളെയും ഭാഗികമായും അല്ലാതെയും ബാധിക്കുന്നതായി വിവിധ പഠനങ്ങള്‍ കണ്ടെത്തി. 

ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് 'ഏജിംഗ് റിസര്‍ച്ച് റിവ്യൂസ്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തില്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. യുഎസിലെ 'ഹൂസ്റ്റണ്‍ മെത്തേഡിസ്റ്റ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട്'ല്‍ നിന്നുള്ള ഗവേഷകരായ ജോയ് മിത്ര, മുരളീധര്‍.എല്‍. ഹെഗ്ഡെ എന്നിവരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. 

കൊവിഡ് 19 രോഗം എങ്ങനെയാണ് ഭാവിയില്‍ തലച്ചോറിനെ ( Covid Affects Brain ) ബാധിക്കുകയെന്നാണ് പഠനം വിശദീകരിക്കുന്നത്. തിരിച്ചുപിടിക്കാൻ കഴിയാത്ത രീതിയില്‍ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കാനും അതുവഴി പലതരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കാനും കൊവിഡിന് സാധിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

പ്രായമായവരിലും ആരോഗ്യപരമായി പിന്നാക്കം നില്‍ക്കുന്നവരിലുമാണ് ഈ അപകടസാധ്യത കൂടുതലും കാണുന്നതത്രേ. കൊവിഡ് വന്ന് ഭേദമായ ശേഷവും 'ബ്രെയിൻ ഫോഗ്' നേരിടുന്നത് ഇതിന് തെളിവാണെന്നും ഗവേഷകര്‍ പറയുന്നു. കൊവിഡ് ബാധയ്ക്ക് ശേഷം മറവി, കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ അവ്യക്തത തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്ന അവസ്ഥയാണ് 'ബ്രെയിൻ ഫോഗ്'.

കൊവിഡ് രോഗം Covid 19 ) ബാധിക്കപ്പെടുന്നവരില്‍ 20-30 ശതമാനം പേരില്‍ വരെ 'ബ്രെയിൻ ഫോഗ്' കാണപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓര്‍മ്മശക്തി കുറയുക, ശ്രദ്ധ നഷ്ടപ്പെടുക, പതിവായി ചെയ്യുന്ന കാര്യങ്ങള്‍ മറന്നുപോവുക, സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്ക് വേണ്ടി തപ്പുക, സാധാരണ ഒരു കാര്യം ചെയ്യാനെടുക്കുന്ന സമയത്തെക്കാള്‍ സമയെടുക്കുക, ചിന്തകള്‍ ചിതറിപ്പോവുക, വൈകാരികമായ മരവിപ്പ് എന്നിവയെല്ലാം ഇതിന്‍റെ ഭാഗമായി കാണാം. 

ഇത്തരത്തില്‍ കൊവിഡ് തലച്ചോറിനെ ബാധിക്കുന്നത് അല്‍ഷിമേഴ്സ് രോഗത്തോടോ പാര്‍ക്കിന്‍സണ്‍സ് രോഗത്തോടോ ഒക്കെ സാമ്യതപ്പെടുത്താവുന്ന രീതിയിലാണെന്നും പഠനം വ്യക്തമാക്കുന്നു. 

നേരത്തെ തന്നെ പല ബ്രെയിൻ ഇമേജിംഗ് പഠനങ്ങളും കൊവിഡ് രോഗികളുടെ തലച്ചോറില്‍ ആഴത്തിലായി ചെറിയ രക്തസ്രാവമുണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. ഇത് ഓര്‍മ്മശക്തിയെ അടക്കം തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ തീര്‍ച്ചയായും പ്രതികൂലമായി ( Covid Affects Brain ) ബാധിക്കും. ഇതേ നിരീക്ഷണം തന്നെയാണ് ഈ പുതിയ പഠനവും പങ്കുവയ്ക്കുന്നത്. 

നാഡീവ്യവസ്ഥയെ കൊവിഡ് 19 എങ്ങനെയെല്ലാം ബാധിക്കുമെന്നതിനെ കുറിച്ച് വിവിധ പഠനങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്. പഠനറിപ്പോര്‍ട്ടുകളിലെ വിവരങ്ങള്‍ വസ്തുതകളാണെങ്കില്‍ തീര്‍ച്ചയായും കൊവിഡ് ഭാവിയില്‍ വലിയ രീതിയിലാണ് നമ്മെ ബാധിക്കുക. ഇതിനെതിരെ എങ്ങനെയെല്ലാം പൊരുതേണ്ടിവരുമെന്നതും തുടര്‍പഠനങ്ങളുടെ ഫലം അനുസരിച്ചേ പദ്ധതിപ്പെടുത്താനാകൂ. 

കൊവിഡ് 19 പ്രതിരോധം ശക്തമാക്കി, അണുബാധയില്‍ നിന്ന് പരമാവധി അകന്നുനില്‍ക്കാൻ ഈ ഘട്ടത്തിലും ശ്രദ്ധിക്കുക. മാസ്ക് ധരിക്കാനും സാമുഹികാകലം പാലിക്കാനും അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഐസൊലേഷനില്‍ പോകാനും മടിക്കല്ലേ... 

Also Read:- 'അസഹ്യമായ വേദനയുള്ള കൊവിഡ് ലക്ഷണം'; അനുഭവം പങ്കിട്ട് ഡോക്ടര്‍

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം