വൈറസ് വകഭേദങ്ങള്‍ മാറുന്നതിന് അനുസരിച്ച് കൊവിഡ് ലക്ഷണങ്ങളിലും നേരിയ വ്യത്യാസങ്ങള്‍ വരുന്നതായി പഠനങ്ങളും വിദഗ്ധരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു വിവരം പങ്കുവയ്ക്കുകയാണ് യുഎസില്‍ നിന്നുള്ള ഒരു ഡോക്ടര്‍. 

കൊവിഡ് 19 ഭീഷണിയില്‍ നിന്ന് ഇപ്പോഴും ലോകം മുക്തമായിട്ടില്ല. വാക്സിൻ അല്‍പം ആശ്വാസം പകര്‍ന്നെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങള്‍ കാര്യമായ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഒമിക്രോണും അതിന്‍റെ ഉപവകഭേദങ്ങളുമാണ് ( Omicron Variant ) നിലവില്‍ ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ സൃഷ്ടിക്കുന്നത്. 

വൈറസ് വകഭേദങ്ങള്‍ മാറുന്നതിന് അനുസരിച്ച് കൊവിഡ് ലക്ഷണങ്ങളിലും ( Covid Symptoms ) നേരിയ വ്യത്യാസങ്ങള്‍ വരുന്നതായി പഠനങ്ങളും വിദഗ്ധരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു വിവരം പങ്കുവയ്ക്കുകയാണ് യുഎസില്‍ നിന്നുള്ള ഒരു ഡോക്ടര്‍. 

ഒമിക്രോണ്‍ ബിഎ. 5 മൂലം ( Omicron Variant ) തനിക്ക് കൊവിഡ് ബാധിക്കപ്പെട്ടുവെന്നും ഇതില്‍ താൻ അനുഭവിച്ചൊരു രോഗലക്ഷണം പലരിലും ഇന്ന് കാണുന്നുവെന്നുമാണ് ഡോ. മൈക്ക് ഹാൻസെൻ പറയുന്നത്. ശ്വാസകോശ രോഗ വിദഗ്ധൻ കൂടിയാണ് ഡോ. മൈക്ക്. 

ഒമിക്രോണില്‍ ഏറ്റവും കൂടുതല്‍ പേരില്‍ കാണപ്പെടുന്ന ലക്ഷണമാണ് ( Covid Symptoms ) തൊണ്ടവേദന. ഇതുതന്നെ തനിക്കും പിടിപെട്ടുവെന്നും എന്നാല്‍ ഭക്ഷണമോ വെള്ളമോ ഇറക്കുമ്പോള്‍ വലിയ വേദനയില്ലായിരുന്നുവെങ്കിലും തുപ്പല്‍ ഇറക്കുമ്പോള്‍ മാത്രം തൊണ്ടയില്‍ കുത്തിയിറങ്ങുന്നത് പോലെ വേദന അനുഭവപ്പെട്ടുവെന്നാണ് ഡോ. മൈക്ക് അവകാശപ്പെടുന്നത്. 

ഇത് ഒമിക്രോണ്‍ ബിഎ.5ന്‍റെ സവിശേഷമായ ലക്ഷണമായി തന്നെ കണക്കാക്കാമെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. രോഗം ബാധിക്കപ്പെട്ട് ആദ്യത്തെ മൂന്ന് മുതല്‍ നാല് ദിവസങ്ങള്‍ വരെ ആയിരുന്നുവത്രേ കാര്യമായും ഈ അസഹനീയമായ തൊണ്ടവേദന അനുഭവപ്പെട്ടത്. വാക്സിൻ സ്വീകരിച്ചയാളായിരുന്നു ഡോക്ടര്‍ എന്നതും ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. 

കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് പങ്കുവയ്ക്കുന്ന യുകെയിലെ, സൂ കൊവിഡ് സ്റ്റഡി ആപ്പ് പറയുന്നത് പ്രകാരം തൊണ്ടവേദനയാണ് നിലവില്‍ ഏറ്റവുമധികം പേര്‍ പരാതിപ്പെടുന്ന കൊവിഡ് ലക്ഷണം. ഇതും ഏറ്റവുമധികം കേസുകള്‍ ഒമിക്രോണ്‍ മൂലമാണ് എന്നതിനാലാണ്. മുഴുവൻ ഡോസ് വാക്സിൻ സ്വീകരിച്ചവരില്‍ പോലും ഒമിക്രോണ്‍ തൊണ്ടവദനയുണ്ടാക്കുന്നുവെന്നും ആപ്പ് നല്‍കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. 

ശരാശരി അഞ്ച് ദിവസമാണത്രേ കൊവിഡ് സംബന്ധമായ തൊണ്ടവേദനയുടെ ആയുസ്. ഇതിലധികം നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് കൊവിഡ് മൂലമുള്ളത് ആയിരിക്കില്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. എന്തായാലും തൊണ്ടവേദനയ്ക്കൊപ്പം മറ്റ് കൊവിഡ് ലക്ഷണങ്ങള്‍ കൂടി കാണുകയാണെങ്കില്‍ തീര്‍ച്ചയായും മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും കഴിയുമെങ്കില്‍ പരിശോധന നടത്തുകയും ചെയ്യുന്നതാണ് ഉചിതം. 

Also Read:- കൊവിഡ് വന്ന് ഭേദമായതിന് ശേഷം എപ്പോഴും ക്ഷീണമോ? എങ്കിലറിയാം...