'കൊറോണ വരുത്തിയ മാറ്റം'; ഞെട്ടിക്കുന്ന ഫോട്ടോകള്‍ പങ്കുവച്ച് രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍...

By Web TeamFirst Published May 22, 2020, 11:24 PM IST
Highlights

മാര്‍ച്ച് മാസത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം വരും മുമ്പ് മിയാമിയിലെ ബീച്ചില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മൈക്കിന് കൊവിഡ് വൈറസ് പിടിപെട്ടത്. ആ പാര്‍ട്ടിയില്‍ അന്ന് പങ്കെടുത്ത നിരവധി പേര്‍ക്ക് രോഗം ബാധിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് അധികം വൈകാതെ തന്നെ മൈക്കിന്റെ സ്ഥിതി മോശമാകാന്‍ തുടങ്ങി. ബോധമില്ലാതെ ദിവസങ്ങളോളമാണ് ആശുപത്രിക്കിടക്കയില്‍ കിടന്നത്
 

കൊറോണ വൈറസ് എന്ന മഹാമാരിയെ സംബന്ധിച്ച് വ്യത്യസ്തമായ ധാരണകളാണ് നമ്മളില്‍ പലര്‍ക്കുമുള്ളത്. മരണം ഉറപ്പിക്കാനാകില്ല എന്നത് കൊണ്ട് തന്നെ അത്ര ഗൗരവമുള്ള രോഗമല്ല എന്ന തരത്തില്‍ ഇതിനെ നോക്കിക്കാണുന്നവരാണ് ഏറെപ്പേരും. അതേസമയം രോഗത്തില്‍ നിന്ന് ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവന്നവരും രോഗികളെ നേരില്‍ കണ്ട് പരിചരിച്ച ആരോഗ്യപ്രവര്‍ത്തകരും പങ്കുവയ്ക്കുന്ന വിവരങ്ങള്‍ വളരെ ആശങ്കയുണ്ടാക്കുന്നതാണ്. 

പല തരത്തിലാണ് കൊവിഡ് 19 ഓരോ രോഗിയേയും ബാധിക്കുന്നതെന്നും ചിലപ്പോള്‍ സാധാരണജീവിതത്തിലേക്കെത്താന്‍ രോഗികളായിരുന്നവര്‍ മാസങ്ങളോ വര്‍ഷങ്ങളോ വരെ എടുത്തേക്കുമെന്നുമെല്ലാം ഇവര്‍ പറയുന്നു. ഈ വാദങ്ങളെല്ലാം ശരിയാണെന്ന് തോന്നിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാപകമായ ശ്രദ്ധ നേടുന്നത്. 

സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശിയായ മൈക്ക് ഷല്‍ട്‌സ് എന്ന മെയില്‍ നഴ്‌സാണ് രോഗം പിടിപെടുന്നതിന് മുമ്പും ശേഷവുമുള്ള തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ഫിറ്റ്‌നസ് പ്രേമി കൂടിയായ മൈക്കിന് കൊവിഡ് പിടിപെടുന്നതിന് മുമ്പ് 86 കിലോ ഭാരമുണ്ടായിരുന്നു. പൂര്‍ണ്ണ ആരോഗ്യവാനുമായിരുന്നു നാല്‍പത്തിമൂന്നുകാരനായ മൈക്ക്. 

മാര്‍ച്ച് മാസത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം വരും മുമ്പ് മിയാമിയിലെ ബീച്ചില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മൈക്കിന് കൊവിഡ് വൈറസ് പിടിപെട്ടത്. ആ പാര്‍ട്ടിയില്‍ അന്ന് പങ്കെടുത്ത നിരവധി പേര്‍ക്ക് രോഗം ബാധിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. 

ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് അധികം വൈകാതെ തന്നെ മൈക്കിന്റെ സ്ഥിതി മോശമാകാന്‍ തുടങ്ങി. ബോധമില്ലാതെ ദിവസങ്ങളോളമാണ് ആശുപത്രിക്കിടക്കയില്‍ കിടന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസനം നടന്നിരുന്നത്. പിന്നീട് ബോധം വന്നപ്പോള്‍ മാത്രമാണ് എത്രയോ ദിവസങ്ങളായി താന്‍ ആശുപത്രിയിലാണെന്ന് പോലും മൈക്ക് മനസിലാക്കുന്നത്. ആറ് ആഴ്ചയാണ് മൈക്ക് രോഗവുമായി മല്ലിട്ട് കിടന്നത്. 

ഇതിന് ശേഷം ഇപ്പോള്‍ രോഗം ഭേദമായപ്പോള്‍ 20 കിലോയാണ് മൈക്കിന്റെ ശരീരഭാരത്തില്‍ കുറവ് വന്നിരിക്കുന്നത്. അങ്ങനെ 63 കിലോയില്‍ എത്തിനില്‍ക്കുന്നു ഇപ്പോള്‍. രോഗം ഭേദമായി ആദ്യം കണ്ണാടിയില്‍ തന്നെത്തന്നെ കണ്ടപ്പോള്‍ കരഞ്ഞുപോയി എന്നാണ് മൈക്ക് പറയുന്നത്. എങ്കിലും ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്ന ആഹ്ലാദം മൈക്ക് മറച്ചുവയ്ക്കുന്നില്ല. 

Also Read:- കൊവിഡ് 19 രണ്ട് വര്‍ഷക്കാലത്തേക്ക് നീണ്ടുനില്‍ക്കുമോ? ഞെട്ടിക്കുന്ന വിവരങ്ങളുമായി ഗവേഷകര്‍...

രോഗത്തോടെ തന്റെ ശ്വാസകോശത്തിന്റെ 'കപ്പാസിറ്റി'യില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുവെന്നാണ് മൈക്ക് പറയുന്നത്. ശക്തമായ ന്യൂമോണിയ ബാധിച്ചതോടെയാണ് ശ്വാസകോശം പ്രശ്‌നത്തിലായതെന്നും മൈക്ക് പറയുന്നു. ഇപ്പോള്‍ വൈറലായിരിക്കുന്ന ഈ ഫോട്ടോ എടുക്കാന്‍ വേണ്ടി എഴുന്നേറ്റുനില്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ലെന്നും അത്രയും ക്ഷീണമാണ് ഇപ്പോഴും അനുഭവപ്പെടുന്നതെന്നും മൈക്ക് പറയുന്നു. 

'ഞാനീ ഫോട്ടോ ഷെയര്‍ ചെയ്തത് മറ്റൊന്നിനുമല്ല, കൊവിഡ് 19 തങ്ങളെ ബാധിക്കില്ല എന്ന മുന്‍വിധിയില്‍ തുടരുന്ന എത്രയോ പേരുണ്ട്. അത് തെറ്റിദ്ധാരണയാണ്. ആര്‍ക്ക് വേണമെങ്കിലും ഇത് വരാം. നിങ്ങള്‍ ചെറുപ്പമാണോ, പ്രായമായ ആളാണോ എന്നതൊന്നും ഇതിനൊരു മാനദണ്ഡമേയല്ല. രോഗം വന്നുകഴിഞ്ഞാല്‍ അത് എങ്ങനെയെല്ലാമാണ് നിങ്ങളെ മാറ്റിമറിക്കുകയെന്നും പറയാനാകില്ല. എന്റെ കേസ് ഒരുദാഹരണമായി കാണിക്കാനാണ് ഞാനാഗ്രഹിക്കുന്നത്...'- മൈക്ക് പറയുന്നു.

Also Read:- മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന മൈതാനം; നെഞ്ച് തകര്‍ക്കുന്ന കാഴ്ചയുമായി ഒരു ചിത്രം...

click me!