വിഷാദത്തെ തുടര്‍ന്ന് മിസ് യൂണിവേഴ്‌സ് ന്യുസീലാന്‍ഡ് ഫൈനലിസ്റ്റ് ആത്മഹത്യ ചെയ്തു

By Web TeamFirst Published May 22, 2020, 9:06 PM IST
Highlights

പൊരുതിവന്ന വ്യക്തി ആയതിനാല്‍ ആംബെര്‍ ന്യുസീലാന്‍ഡില്‍ ഫാഷന്‍ ലോകത്ത് ഏറെ ആദരിക്കപ്പെട്ടിരുന്നു. തന്നെപ്പോലെ ഒറ്റപ്പെട്ട സ്ത്രീകള്‍ കഠിനാദ്ധ്വാനം കൊണ്ട് ഉയര്‍ന്നുവരണമെന്ന് എപ്പോഴും ആവര്‍ത്തിച്ചിരുന്ന ഒരാള്‍ കൂടിയാണ് ആംബെര്‍. അങ്ങനെയൊരാള്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നാണ് അവിടത്തെ ഫാഷന്‍ ലോകം ഒരേ സ്വരത്തില്‍ പറയുന്നത്

ഒട്ടും ഭംഗിയില്ലാത്ത മുഖം, മടക്കുകള്‍ വീണ കണ്ണ്, ആകര്‍ഷകമല്ലാതെ തടിച്ചുതൂങ്ങിയ ശരീരം... 2018 മിസ് യൂണിവേഴ്‌സ് ന്യുസീലാന്‍ഡ് ഫൈനലിസ്റ്റായ ആംബെര്‍ ലീ ഫ്രിസ് തന്റെ കൗമാരത്തില്‍ പതിവായി കേട്ടുകൊണ്ടിരുന്ന കമന്റുകളായിരുന്നു ഇവയെല്ലാം. ഒടുക്കം, അപകര്‍ഷതാബോധം കൊണ്ട് ജീവിതത്തോട് തന്നെ ആകെയും വെറുപ്പായിത്തുടങ്ങി. സ്വന്തം ഫോട്ടോ നോക്കുന്നത് പോലും ആ വെറുപ്പിനെ വീണ്ടും വീണ്ടും തുടച്ചുമിനുക്കി വയ്ക്കാനായിരുന്നുവെന്ന് ആംബെര്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. 

അറിയപ്പെടുന്ന ഒരു സൗന്ദര്യമത്സരത്തില്‍ അവസാന റൗണ്ട് മത്സരാര്‍ത്ഥിയായ ഒരാളുടെ ഭൂതകാലം ഇത്തരത്തിലൊന്നായിരുന്നുവെന്ന് ആരും ചിന്തിച്ചില്ല. അന്ന് ജേതാവായില്ലെങ്കില്‍ പോലും ആംബെര്‍ ഒരു ജേതാവിനെപ്പോലെ തന്നെ ശ്രദ്ധിക്കപ്പെടാനുള്ള കാരണം ഇത്തരത്തിലൊരു ഭൂതകാലമുണ്ടായിരുന്നു എന്നതിനാലാണ്. 

പതിനഞ്ചാം വയസില്‍ വീട്ടുകാരോട് പിണങ്ങിയിറങ്ങിയതില്‍ പിന്നെ സ്വന്തം അധ്വാനം കൊണ്ട് തന്നെയായിരുന്നു ആംബെര്‍ പിടിച്ചുനിന്നത്. ഒരു പിസ ഹട്ടില്‍ ജോലി ചെയ്ത് പഠിച്ചു. ആകെ കൂടെയുണ്ടായിരുന്നത് ഒരു കൂട്ടുകാരന്‍ മാത്രം. പലപ്പോഴും പട്ടിണി കിടന്നിട്ടുണ്ടെന്ന് വരെ ഒരു മിസ് യൂണിവേഴ്‌സ് ഫൈനലിസ്റ്റ് മത്സരാര്‍ത്ഥി പറയുമ്പോള്‍ അത് അതിശയോക്തിയാണോയെന്ന് ചിന്തിച്ചവര്‍ പോലുമുണ്ടായിരുന്നു. 

 

 

ഇത്തരത്തില്‍ പൊരുതിവന്ന വ്യക്തി ആയതിനാല്‍ ആംബെര്‍ ന്യുസീലാന്‍ഡില്‍ ഫാഷന്‍ ലോകത്ത് ഏറെ ആദരിക്കപ്പെട്ടിരുന്നു. തന്നെപ്പോലെ ഒറ്റപ്പെട്ട സ്ത്രീകള്‍ കഠിനാദ്ധ്വാനം കൊണ്ട് ഉയര്‍ന്നുവരണമെന്ന് എപ്പോഴും ആവര്‍ത്തിച്ചിരുന്ന ഒരാള്‍ കൂടിയാണ് ആംബെര്‍. അങ്ങനെയൊരാള്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നാണ് അവിടത്തെ ഫാഷന്‍ ലോകം ഒരേ സ്വരത്തില്‍ പറയുന്നത്. 

ഇന്നലെയാണ് ഇരുപത്തിമൂന്നുകാരിയായ ആംബെറിനെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രാദേശിക മാധ്യമങ്ങള്‍ ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്. വിഷാദരോഗത്തെ തുടര്‍ന്നാണ് ആംബെര്‍ ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

കൗമാരത്തില്‍ താന്‍ നേരിട്ട 'ബോഡി ഷെയിമിംഗ്' നെ കുറിച്ച് വളരെ വിശദമായിത്തന്നെ ആംബെര്‍ മുമ്പ് സംസാരിച്ചിട്ടുണ്ട്. പിസ ഹട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് അമിതവണ്ണമുണ്ടായിരുന്നു. ഒരു സമയത്ത് അത് 96 കിലോ വരെ എത്തി. അക്കാലത്താണ് ഏറ്റവും മോശം കമന്റുകള്‍ കേട്ടത്. അങ്ങനെയിരിക്കെ ഒറ്റ ദിവസം കൊണ്ടാണ് മാറ്റം വേണമെന്ന തീരുമാനത്തിലേക്ക് ആംബെര്‍ എത്തുന്നത്.

 

 

പിറ്റേന്ന് മുതല്‍ ജിമ്മില്‍ പോയിത്തുടങ്ങി. ആറ് മാസം കൊണ്ട് ആംബെര്‍ തന്റെ തീരുമാനം ശരിയായ തെരഞ്ഞെടുപ്പായിരുന്നുവെന്ന് തെളിയിച്ചു. വര്‍ക്കൗട്ട് മുടക്കാതെ തുടര്‍ന്നു. സ്വന്തം ശരീരത്തില്‍ അഭിമാനം കണ്ടെത്താന്‍ ശീലിച്ചതോടെ എവിടെയും പോയിനിന്ന് ആരോടും സംസാരിക്കാനും, ഇടപെടാനുള്ള ആര്‍ജ്ജവവും നേടി. അങ്ങനെ പതിയെ, ഓരോ ചുവടുകളായി നടന്നുകയറിയാണ് മിസ് യൂണിവേഴ്‌സ് മത്സരവേദി വരെ ആംബെര്‍ എത്തിയത്. 

Also Read:- ഗര്‍ഭാവസ്ഥയ്ക്കിടെ കടുത്ത വിഷാദത്തിലെന്ന് ലക്ഷങ്ങളുടെ ആരാധനാപാത്രമായ സുന്ദരി!...

ഇരുപത്തിയൊന്നാം വയസില്‍ തികച്ചും അപ്രതീക്ഷിതമായി ഒരു വലിയ വഴിത്തിരിവിലേക്ക് ജീവിതമെത്തിയപ്പോള്‍ ആംബെര്‍ അതുവരേയും താനനുഭവിച്ച എല്ലാ ദുരിതങ്ങള്‍ക്കും നന്ദി അറിയിക്കുകയാണ് ചെയ്തത്. ജീവിതം നല്‍കിയ പാഠങ്ങളാണ് ആ തിക്താനുഭവങ്ങളെന്നും, തന്റെ പക്കലുള്ള അറിവുകളെല്ലാം അതില്‍ നിന്നുണ്ടായതാണെന്നും ആംബെര്‍ ലോകത്തോട് പ്രഖ്യാപിച്ചു. 

എന്നാല്‍ ഈ വിയോഗം അപ്രതീക്ഷിതമായിപ്പോയി എന്നാണ് ആംബെറിനെ അടുത്തറിയുന്നവരെല്ലാം പറയുന്നത്. എപ്പോഴും 'പൊസിറ്റീവ്' ആയി കാണപ്പെടുന്ന പെണ്‍കുട്ടിക്ക് എങ്ങനെയാണ് ഇത്തരമൊരു അന്ത്യം തെരഞ്ഞെടുക്കാനായതെന്നും ഇവര്‍ ചോദിക്കുന്നു.

Also Read:- നെഗറ്റീവ് ചിന്തകൾ എങ്ങനെ മാറ്റിയെടുക്കാം; സൈക്കോളജിസ്റ്റ് എഴുതുന്നു...

click me!