
കൊവിഡ് 19 (കൊറോണ) ന്റെ പശ്ചാത്തലത്തിൽ ഏവരുടെയും ശ്രദ്ധയിൽ വരുന്ന ഒരു ഉപാധിയാണ് സർജിക്കൽ മാസ്ക് അഥവാ ഫേസ് മാസ്ക്. സാധാരണയായി ലഭ്യമായ ഒന്ന് നീല(അല്ലെങ്കിൽ പച്ച)യും വെള്ളയും നിറങ്ങളുള്ള ശസ്ത്രക്രിയാ മാസ്ക് ആണ്. മൂന്ന് ലെയറുകളുള്ള മാസ്കാണ് രോഗികൾ/ രോഗ ലക്ഷണങ്ങൾ ഉള്ളവർ ധരിക്കേണ്ടത്. നീല (അല്ലെങ്കിൽ പച്ച) നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉൾവശത്തായും വരും രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്.
മാസ്ക് ധരിക്കുന്നതിന് മുൻപും പിൻപും കൈകൾ അണുവിമുക്തം ആക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി ആൽക്കഹോൾ ബേസ്‌ഡ് ഹാൻഡ് റബ് അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നിർദ്ദിഷ്ട രീതിയിൽ 20 സെക്കന്റ് എങ്കിലും എടുത്തു വൃത്തിയാക്കുക.
ഏത് മാസ്കാണ് ഉപയോഗിക്കേണ്ടത്...?
ആരോഗ്യ പ്രവർത്തകർ എൻ 95 മാസ്കാണ് ഉപയോഗിക്കേണ്ടത്. മറ്റുള്ളവർ ത്രീ ലെയർ സർജിക്കൽ മാസ്ക് ഉപയോഗിച്ചാൽ മതി. പരമാവധി ആറ് മണിക്കൂറേ ഒരു മാസ്ക് ഉപയോഗിക്കാവൂ. ഇതിനിടയിൽ നനയുകയോ അഴുക്ക് പറ്റുകയോ ചെയ്താൽ മാറ്റണം.
മാസ്ക് ധരിക്കുമ്പോൾ....
മൂക്കിന് മുകളിൽ നിന്ന് താടിക്ക് താഴ്‌ഭാഗത്തുവരെ എത്തുംവിധം ധരിക്കണം. ആദ്യം ചെവിക്ക് മുകളിലത്തെ കെട്ടും രണ്ടാമത് ചെവിക്ക് താഴെക്കൂടി കഴുത്തിന് പിറകിലുള്ളതുമാണ് കെട്ടേണ്ടത്.
മാസ്ക് അഴിക്കുമ്പോൾ....
ആദ്യം താഴ്‌ഭാഗത്തെ കെട്ടും പിന്നീട് മുകളിലത്തെ കെട്ടും അഴിക്കണം. മാസ്കിന്റെ മുൻവശത്ത് സ്പർശിക്കാതെയും മാസ്ക് ഉപയോഗിച്ച ആളുടെ ശരീരത്തിൽ സ്പർശിക്കാതെയും ശ്രദ്ധിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam