Covid 19 : കൊവിഡ് കേസുകള്‍ കൂടുന്നു; ഒരു ദിവസം കൊണ്ട് 90% വര്‍ധനവ്

Web Desk   | others
Published : Apr 18, 2022, 11:25 AM IST
Covid 19 : കൊവിഡ് കേസുകള്‍ കൂടുന്നു; ഒരു ദിവസം കൊണ്ട് 90% വര്‍ധനവ്

Synopsis

കേരളമടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ ഭാഗികമായും അല്ലാതെയും പിന്‍വലിച്ച സാഹചര്യത്തില്‍ കേസുകള്‍ വര്‍ധിക്കുന്നത് ചെറുതല്ലാത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. പലയിടങ്ങളിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴയടയ്ക്കണമെന്ന നിര്‍ദേശം പോലും പിന്‍വലിച്ചിട്ടുണ്ട്

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ ( Covid 19 India ) വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കൊവിഡ് കേസുകളില്‍ ( Covid Cases) 90% വര്‍ധനവാണുണ്ടായിരിക്കുന്നത്. ആകെ 2,183 പുതിയ കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. അതിന് മുമ്പുള്ള ദിവസം 1,150 കേസുകളായിരുന്നു പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. 

ഇന്നലെ ആകെ 214 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കേരളത്തില്‍ കൊവിഡ് മരണമാണെന്ന് ഉറപ്പിക്കാതെ വച്ചിരുന്ന 212 മരണങ്ങളും ഉള്‍പ്പെടും. ഇതിന് പുറമെ നാല് മരണങ്ങളാണ് വന്നതെങ്കിലും അതും കൊവിഡ് മരണനിരക്കില്‍ നിലവിലെ സാഹചര്യത്തില്‍ മോശമായ കണക്ക് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

രോഗവ്യാപനത്തിന്റെ തോത് മനസിലാക്കാന്‍ സഹായിക്കുന്ന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഇന്നലെ 0.31 ശതമാനത്തില്‍ നിന്ന് 0.83 ശതമാനത്തിലേക്കും ഉയര്‍ന്നു. നിലവില്‍ രാജ്യത്തുള്ള ആകെ കൊവിഡ് ആക്ടീവ്‌കേസുകള്‍ 11,542 ആണ്. ആക്ടീവ് കേസുകള്‍ മുന്‍ ദിവസത്തേതില്‍ നിന്ന് കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് 19 ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത് മുതല്‍ ഇത് വരെയായി രാജ്യത്ത് ആകെ നാലരക്കോടി കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. 517 കേസുകളാണ് ഒരു ദിവസത്തിനുള്ളില്‍ തന്നെ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 1,518 ആക്ടീവ് കേസുകള്‍ ദില്ലിയിലുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ദില്ലിയില്‍ വന്ന ഉയര്‍ന്ന നിരക്കാണിത്. 

പോയ ഏതാനും ആഴ്ചകളിലായി ദില്ലി, ഗസിയാബാദ്, നോയിഡ എന്നിവിടങ്ങളിലെല്ലാം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി കൊവിഡ് പരന്നിരുന്നു. ഇതാണ് തലസ്ഥാനത്തെ കൊവിഡ് നിരക്ക് വര്‍ധനയ്ക്ക് പിന്നിലെ ഒരു കാരണമെന്നാണ് അനുമാനം. ഇതോടെ പലയിടങ്ങളിലും സ്‌കൂളുകള്‍ അടച്ചിടുകയും ചെയ്തു. 

കേരളമടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ ഭാഗികമായും അല്ലാതെയും പിന്‍വലിച്ച സാഹചര്യത്തില്‍ കേസുകള്‍ വര്‍ധിക്കുന്നത് ചെറുതല്ലാത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. പലയിടങ്ങളിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴയടയ്ക്കണമെന്ന നിര്‍ദേശം പോലും പിന്‍വലിച്ചിട്ടുണ്ട്. ഇതോടെ മാസ്‌ക് ധരിക്കാതെ പൊതുവിടങ്ങളിലെത്തുന്ന ആളുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇതും കൊവിഡ് കേസുകള്‍ വരുംദിവസങ്ങളില്‍ കൂടാന്‍ ഇടയാക്കാം.

Also Read:- കൊവിഡ് 19 തൊണ്ടവേദനയും അല്ലാതെ പിടിപെടുന്നതും എങ്ങനെ തിരിച്ചറിയാം?

 

കുട്ടികളിലെ കൊവിഡ്; മാതാപിതാക്കള്‍ മനസിലാക്കേണ്ടത്- സ്‌കൂള്‍ തുറന്ന് കുട്ടികള്‍ കൂട്ടമായി വീണ്ടും പഠനത്തിലേക്കും കളികളിലേക്കുമെല്ലാം തിരിയുമ്പോള്‍ മാതാപിതാക്കളുടെ മനസില്‍ എപ്പോഴും ആധിയായിരിക്കും. കൊവിഡ് 19 രോഗത്തിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായി മോചിപ്പിക്കപ്പെടാത്ത സാഹചര്യമാണ് നമുക്കിപ്പോഴുമുള്ളത്. ഈ ഘട്ടത്തില്‍ കുട്ടികളുടെ ആരോഗ്യത്തെ ചൊല്ലി ആശങ്കയുണ്ടാകുന്നത് സ്വാഭാവികം തന്നെ. ഇതിനിടെ കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിനും എത്തി...Read More...

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക