Frequent Urination : ഇടവിട്ട് അനുഭവപ്പെടുന്ന മൂത്രശങ്ക; ഏതെങ്കിലും അസുഖങ്ങളുടെ ലക്ഷണമാണോ?

By Web TeamFirst Published Apr 17, 2022, 7:32 PM IST
Highlights

എന്തുകൊണ്ടാണ് ഇടവട്ട് മൂത്രശങ്ക അനുഭവപ്പെടുന്നതെന്നാല്‍ അതിന് പിന്നില്‍ പല കാരണങ്ങള്‍ വരാം. അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാരണങ്ങളാണിനി പങ്കുവയ്ക്കുന്നത്

നിത്യജീവിതത്തില്‍ നാം നേരിടുന്ന ( Daily Life ) പല ആരോഗ്യപ്രശ്‌നങ്ങളും ( Health Issues ) പല അസുഖങ്ങളുടെയും സൂചനകളാകാം. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ നാം കണ്ടില്ലെന്ന് വയ്ക്കുകയോ നിസാരമായി തള്ളിക്കളയുകയോ ചെയ്യാറാണ് പതിവ്. ഇങ്ങനെ ഒഴിവാക്കിവിടുന്ന പ്രശ്‌നങ്ങള്‍ പിന്നീട് സങ്കീര്‍ണമായ സാഹചര്യങ്ങളിലേക്ക് നമ്മെ എത്തിക്കാം. 

അത്തരത്തിലൊരു പ്രശ്‌നമാണ് ഇടവിട്ട് അനുഭവപ്പെടുന്ന മൂത്രശങ്ക. ഇത് വ്യക്തിജീവിതത്തെയും ജോലിയെയുമെല്ലാം കാര്യമായ രീതിയില്‍ തന്നെ ബാധിക്കാം. എത്രയും പെട്ടെന്ന് ചികിത്സ എടുക്കാത്ത പക്ഷം കൂടുതല്‍ വിഷമകരമായ അവസ്ഥകളിലേക്ക് ഇത് നമ്മെ കൊണ്ടെത്തിക്കുകയും ചെയ്‌തേക്കാം. 

എന്തുകൊണ്ടാണ് ഇടവട്ട് മൂത്രശങ്ക അനുഭവപ്പെടുന്നതെന്നാല്‍ അതിന് പിന്നില്‍ പല കാരണങ്ങള്‍ വരാം. അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാരണങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

മൂത്രാശയ അണുബാധ...

മൂത്രാശയ അണുബാധയുടെ ഭാഗമായി ഇത്തരത്തില്‍ ഇടവിട്ട് മൂത്രശങ്ക അനുഭവപ്പെടാം. മൂത്രാശയത്തെമാത്രമല്ല, മൂത്രനാളി, വൃക്കകള്‍ എന്നിങ്ങനെയുള്ള ഭാഗങ്ങളെ ബാധിക്കുന്ന അണുബാധയുടെ ലക്ഷണമായും ഇടവിട്ട് മൂത്രമൊഴിക്കാനുള്ള പ്രവണതയുണ്ടാകാം. 

പ്രമേഹം...

പ്രമേഹരോഗികളിലും രോഗലക്ഷണമായി ഈ പ്രശ്‌നം കടന്നുവരാം. ടൈപ്പ്-1 പ്രമേഹം, ടൈപ്പ്-2 പ്രമേഹം എന്നീ രണ്ട് അവസ്ഥകളിലും ഇതുണ്ടായേക്കാം. രക്തത്തില്‍ ഷുഗര്‍ ലെവല്‍ ഉയരുമ്പോള്‍ അതിനെ ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ വൃക്കകള്‍ ശ്രമിക്കുന്നു. ഇതോടെയാണ് കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ ശങ്ക തോന്നുന്നത്. 

'ഹൈപ്പര്‍ തൈറോയ്ഡിസം'

ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഇടവിട്ട് മൂത്രശങ്കയ്ക്ക് കാരണമാകാം. പ്രത്യേകിച്ച് തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് അധികമായി ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്ന 'ഹൈപ്പര്‍ തൈറോയഡിസം' എന്ന അവസ്ഥയിലാണിത് കാണപ്പെടുന്നത്. 

പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ പ്രശ്‌നങ്ങള്‍...

പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടുള്ള തകരാറുകളുടെ ഫലമായും ഇടവിട്ട് മൂത്രശങ്ക അനുഭവപ്പെടാം. ഇത് സമയത്ത് പരിശോധന നടത്തി ചികിത്സയെടുത്തില്ലെങ്കില്‍ ഒരുപക്ഷേ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ അസുഖങ്ങള്‍ വരെ കണ്ടെത്തപ്പെടാതെ പോകാം. 

മൂത്രത്തില്‍ കല്ല്...

മൂത്രത്തില്‍ കല്ല് (കിഡ്‌നി സ്റ്റോണ്‍) എന്ന അസുഖത്തെ കുറിച്ച് നിങ്ങളില്‍ ഭൂരിഭാഗം പേരും കേട്ടിരിക്കും. ഇതിന്റെ ഭാഗമായും ഇടവിട്ട് മൂത്രശങ്ക അനുഭവപ്പെടാം. അസഹനീയമായ വേദനയാണ് ഇതില്‍ ലക്ഷണമായി വരിക. 

പക്ഷാഘാതം...

പക്ഷാഘാതം ( സ്‌ട്രോക്ക്) സംഭവിച്ചവരിലും ഇടവിട്ട് മൂത്രശങ്കയുണ്ടാകാം. മൂത്രാശയത്തില്‍ മൂത്രം നിറയുന്നതിന് അനുസരിച്ച് അതിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയാതെ പോകുന്ന അവസ്ഥയാണിതില്‍ ഉണ്ടാകുന്നത്. ഇതോടെയാണ് കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ പോകേണ്ടിവരുന്നത്. 

ഉത്കണ്ഠ...

ഉത്കണ്ഠ ( ആംഗ്‌സൈറ്റി) നേരിടുന്നവരിലും ഈ പ്രശ്‌നം കണ്ടേക്കാം. ഉത്കണ്ഠയുള്ളവരില്‍ പേശികളുടെ പ്രവര്‍ത്തനം നിയന്ത്രണവിധേയമല്ലാതായി മാറാം. ഇങ്ങനെ മൂത്രാശയ പേശികളിലുമുള്ള നിയന്ത്രണം നഷ്ടമാകുമ്പോഴാണ് ഇടവിട്ട് മൂത്രശങ്കയുണ്ടാകുന്നത്.

Also Read:- പ്രമേഹരോ​ഗികൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളിതാ...

 

മൂത്രത്തില്‍ കല്ലിന് സാധ്യത കൂടുതലും ആര്‍ക്ക്? ലക്ഷണങ്ങളും അറിയാം; മൂത്രത്തില്‍ കല്ല് അഥവാ 'കിഡ്നി സ്റ്റോണ്‍'എന്ന അസുഖത്തെ കുറിച്ച് നിങ്ങളെല്ലാവരും തന്നെ കേട്ടിരിക്കാം. എന്നാല്‍ ഇതെക്കുറിച്ച് പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത ധാരാളം കാര്യങ്ങളുണ്ട്. ആരിലാണ് ഈ അസുഖത്തിന് സാധ്യതകളേറെയുള്ളത്, എന്തെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങള്‍, എങ്ങനെയാണ് ചികിത്സ തേടേണ്ടത്, മൂത്രത്തില്‍ കല്ല് വരാതിരിക്കാന്‍ ചെയ്യേണ്ട മുന്നൊരുക്കങ്ങള്‍ ഇങ്ങനെ പല വശങ്ങളാണ് ഇന്ന് നമ്മള്‍ വിശദീകരിക്കാന്‍ പോകുന്നത്... Read More...

click me!