
രാജ്യത്ത് കൊവിഡ് കേസുകള്‍ ( Covid 19 India ) കുത്തനെ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ( Omicron India )വ്യാപകമായതോടെയാണ് കൊവിഡ് കേസുകളിലും വര്‍ധനവ് രേഖപ്പെടുത്തി തുടങ്ങിയത്.
ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ കഴിവുള്ള ഡെല്‍റ്റ എന്ന വകഭേദം ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും ശക്തമായ കൊവിഡ് തരംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഡെല്‍റ്റയെക്കാള്‍ മൂന്ന് മടങ്ങിലധികം വേഗതയില്‍ രോഗവ്യാപനം നടത്തുമെന്നതാണ് ഒമിക്രോണിന്റെ സവിശേഷത.
അതിനാല്‍ തന്നെ കാര്യമായ ആശങ്കയിലാണ് ഏവരും മുന്നോട്ടുപോകുന്നത്. ഇതിനിടെ രാജ്യത്ത് മൂന്നാം തരംഗം ആരംഭിച്ചുവെന്ന സ്ഥിരീകരണവും വന്നു. ഇതോടെ പലയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രധാനമായും ദില്ലി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ രോഗം വ്യാപകമാകുന്നതും ആശങ്ക പരത്തുന്നുണ്ട്.
ഇപ്പോഴിതാ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം എപ്പോള്‍ ശക്തി പ്രാപിക്കുമെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് ഐഐടി മദ്രാസില്‍ നിന്നുള്ള ഒരു സംഘം വിദഗ്ധര്‍. സാങ്കേതികമായ ഉപാധികളുടെ സഹായത്തോടെയാണ് ഇവര്‍ കൊവിഡ് സാഹചര്യം വിലയിരുത്തുന്നത്.
ഇത് പ്രകാരം ഫെബ്രുവരി 1 മുതല്‍ 15 വരെയുള്ള ദിവസങ്ങളായിരിക്കും കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് മൂര്‍ദ്ധന്യത്തിലെത്തുക. എത്ര പേര്‍ക്ക് രോഗം ബാധിക്കുന്നു എന്ന വിവരത്തെ അടിസ്ഥാനപ്പെടുത്തി, ഇവരില്‍ ഓരോരുത്തരില്‍ നിന്നും ഏകദേശം എത്ര പേരിലേക്ക് രോഗം കൈമാറ്റം ചെയ്യപ്പെടുമെന്നതിനെ വിലയിരുത്തിയാണ് കൊവിഡ് തരംഗത്തിന്റെ ശക്തി ഇവര്‍ മനസിലാക്കിയെടുക്കുന്നത്.
'കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശക്തമായ നിയന്ത്രണങ്ങള്‍ വരികയാണെങ്കില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം തെറ്റായി വരാം. അതായത് കൊവിഡ് കേസുകള്‍ കുറഞ്ഞേക്കാം. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ തന്നെ മുന്നോട്ടുപോവുകയാണെങ്കില്‍ ഞങ്ങളുടെ കണക്ക് കൃത്യമായിരിക്കും...-' ഐഐടി മദ്രാസില്‍ നിന്നുള്ള അധ്യാപകന്‍ ഡോ. ജയന്ത് ജാ പറയുന്നു.
അതേസമയം മുന്‍പുണ്ടായ കൊവിഡ് തരംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്നാം തരംഗം അത്രമാത്രം ശക്തമാകില്ലെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. വാക്‌സിനേഷന്‍, സാമൂഹികാകലം പാലിക്കുന്നത്, ആള്‍ക്കൂട്ടത്തിന്മേലുള്ള നിയന്ത്രണം എന്നിവ കൊവിഡ് വ്യാപനം കാര്യമായി തടയുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
ഈ ഘട്ടത്തില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയെന്നത് മാത്രമാണ് നമുക്ക് മുമ്പിലുള്ള ഏക മാര്‍ഗം. മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക, ആള്‍ക്കൂട്ടങ്ങളൊഴിവാക്കുക, പുറത്തുപോകുന്നത് കുറയ്ക്കുക, കൈകള്‍ ശുചിയായി സൂക്ഷിക്കുക, വാക്‌സിനേഷന്‍ ഉറപ്പുവരുത്തക എന്നിവയാണ് നമുക്ക് ചെയ്യാനുള്ളത്.
Also Read:- ഒമിക്രോണിനെ നിസാരമായി കാണേണ്ട; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന