Plastic Surgery : 'ഒരു പ്ലാസ്റ്റിക് സര്‍ജറിയുടെ പേരില്‍ മൂന്ന് വര്‍ഷം പീഡനം നേരിട്ടു'

By Web TeamFirst Published Jan 8, 2022, 7:40 PM IST
Highlights

ഇന്‍ഡസ്ട്രിയില്‍ അടുപ്പമുള്ള പലരും സ്വകാര്യമായി വിളിച്ച് സമാധാനിപ്പിക്കുമെന്നും എന്നാല്‍ പരസ്യമായൊരു വേദി വരുമ്പോള്‍ ഇവര്‍ ആരും തന്നെ തനിക്ക് വേണ്ടി സംസാരിക്കുകയില്ലെന്നും ഇത് തന്നെ പലപ്പോഴും മുറിപ്പെടുത്തിയിട്ടുണ്ടെന്നും കൊയേന കൂട്ടിച്ചേര്‍ക്കുന്നു

സിനിമാമേഖലയില്‍ ഇന്ന് സജീവമായിട്ടുള്ളതും അല്ലാത്തതുമായ നിരവധി താരങ്ങള്‍ ( Movie Stars ) പ്ലാസ്റ്റിക് സര്‍ജറിക്ക് ( Plastic Surgery ) വിധേയരായിട്ടുണ്ട്. മുഖത്തിന്റെ ഘടനയില്‍ വ്യത്യാസ വരുത്താനായി പല രീതികളില്‍ സര്‍ജറി ചെയ്തവരുണ്ട്. ഇന്ത്യയില്‍ ബോളിവുഡാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന് പറയാം. 

ശില്‍പ ഷെട്ടി, കജോല്‍, അനുഷ്‌ക, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങി നീണ്ട നിര തന്നെ നടിമാരുടെ കാര്യത്തില്‍ ഉണ്ട്. നടന്മാരുടെ പട്ടികയും അത്ര ചെറുതല്ല. എങ്കിലും നടിമാരാണ് കാര്യമായും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരാകാറ്. ഗ്ലാമറിന് ഏറെ പ്രാധാന്യം നല്കപ്പെടുന്നത് ഇപ്പോഴും സ്ത്രീ അഭിനേതാക്കള്‍ക്കാണ് എന്നതിലാണിത്. 

ഇതിനിടെ പല താരങ്ങളുടെയും പ്ലാസ്റ്റിക് സര്‍ജറിയില്‍ പിഴവ് സംഭവിക്കുകയും അവര്‍ അതിന്റെ പേരില്‍ ധാരാളം പഴി കേള്‍ക്കേണ്ടി വരികയും ചെയ്യാറുണ്ട്. രാഖി സാവന്ത്, ജൂഹി ചൗള, ഹോമമാലിനി അനുഷ്‌ക ശര്‍മ്മ തുടങ്ങിയ നടിമാരെല്ലാം ഇത്തരത്തില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം ഇതിന്റെ പേരില്‍ പഴി കേട്ടവരാണ്. 

സര്‍ജറിക്ക് മുമ്പുള്ള മുഖമായിരുന്നു കൂടുതല്‍ നല്ലതെന്നും സര്‍ജറി തെറ്റായ തീരുമാനമായിരുന്നുവെന്നുമാണ് പ്രധാനമായും കേള്‍ക്കുന്ന പഴി. ചില നടിമാര്‍ പ്ലാസ്റ്റിക് സര്‍ജറി വിവാദത്തോട് കൂടി സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. 

ഇത്തരത്തില്‍ പ്ലാസ്റ്റിക് സര്‍ജറിയുടെ പേരില്‍ ഏറെ വിവാദങ്ങളും പഴികളും കേട്ടൊരു നടിയാണ് കൊയേന മിത്ര. രാംഗോപാല്‍ വര്‍മ്മയുടെ 'റോഡ്' എന്ന ചിത്രത്തിലെ വേഷത്തോട് കൂടി ശ്രദ്ധേയയായ കൊയേന പിന്നീട് മൂക്കിലും മുഖത്തിന്റെ ഘടന മാറ്റാനുമായി പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്നാണ് വിവരം. 

താന്‍ സര്‍ജറിക്ക് വിധേയയായിട്ടുണ്ടെന്ന് കൊയേന തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴീ വിവാദങ്ങളെ കുറിച്ച് കൂടുതല്‍ പ്രതികരിക്കുകയാണ് കൊയേന. 

ഒരു സര്‍ജറിയുടെ പേരില്‍ മൂന്ന് വര്‍ഷത്തോളമാണ് താന്‍ പീഡനങ്ങള്‍ നേരിട്ടതെന്നാണ് കൊയേന തുറന്ന് പറയുന്നത്. 'ആജ് തക്'ന് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. 

സര്‍ജറിക്ക് ശേഷം ഇന്‍ഡസ്ട്രിയില്‍ തിരിച്ചെത്തിയപ്പോള്‍ താന്‍ സര്‍ജറിയുടെ കാര്യം പരസ്യമായി പറുവെന്നും അത് അത്രയും വലിയ അപരാധമാണെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും കൊയേന പറയുന്നു. 

'സര്‍ജറിയുടെ കാര്യം വളരെ നിസാരമായിട്ടാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ അതിന് ശേഷം എല്ലാവരും എന്റെ പിന്നാലെയായി. തുടര്‍ച്ചയായി ന്യൂസ് പോര്‍ട്ടലുകളില്‍ എന്നെ ഇകഴ്ത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ വന്നു. ഇന്‍ഡസ്ട്രിയില്‍ പലരും എന്നോട് അകലം പാലിക്കാന്‍ ശ്രദ്ധിച്ചു. അതെന്റെ കരിയറിനെയും ബാധിച്ചു...'- കൊയേന പറയുന്നു. 

താന്‍ സര്‍ജറി ചെയ്യാനെടുത്ത തീരുമാനത്തില്‍ ഇന്നും ഖേദിക്കുന്നില്ലെന്നും കൊയേന പറഞ്ഞു. 

'എന്തുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ വലിയ താല്‍പര്യമെന്നത് എനിക്ക് മനസിലാകുന്നില്ല. എന്റെ മുഖം, എന്റെ ജീവിതം... ഞാനെന്റെ ആഗ്രഹപ്രകാരം മുന്നോട്ടുപോകും. അതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കാര്യം' - കൊയേന ചോദിക്കുന്നു. 

ഇന്‍ഡസ്ട്രിയില്‍ അടുപ്പമുള്ള പലരും സ്വകാര്യമായി വിളിച്ച് സമാധാനിപ്പിക്കുമെന്നും എന്നാല്‍ പരസ്യമായൊരു വേദി വരുമ്പോള്‍ ഇവര്‍ ആരും തന്നെ തനിക്ക് വേണ്ടി സംസാരിക്കുകയില്ലെന്നും ഇത് തന്നെ പലപ്പോഴും മുറിപ്പെടുത്തിയിട്ടുണ്ടെന്നും കൊയേന കൂട്ടിച്ചേര്‍ക്കുന്നു. 

'ബോഡിഷെയിമിംഗ്' അഥവാ ശാരീരിക സവിശേഷതകളെ ചൊല്ലി ഒരു വ്യക്തിയെ തേജോവധം ചെയ്യുന്ന പ്രവണത ഏറെ ചര്‍ച്ചയില്‍ സജീവമായ വര്‍ഷങ്ങളാണ് കടന്നുപോയവ. എങ്കിലും ഇപ്പോഴും വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് ഇത്തരത്തില്‍ കടന്നുകയറ്റവും, പീഡനവും നടത്തുന്നവര്‍ കുറവല്ല. മലയാളം സിനിമാതാരങ്ങള്‍ പോലും ഇപ്പോള്‍ പലപ്പോഴും സൈബറിടങ്ങളില്‍ ബോഡിഷെയിമിംഗിന് വിധേയരാകാറുണ്ട്. തീര്‍ത്തും വികലമായൊരു മാനസികാവസ്ഥയാണിതെന്ന് മാത്രമേ വിലയിരുത്താനാകൂ. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ക്ക് മാത്രമേ വിമര്‍ശനത്തിന്റെ മൂല്യമുണ്ടാകൂ എന്നതും നമുക്ക് ഓര്‍ക്കാം. 

Also Read:- ലിംഗാകൃതിയിലുള്ള മൂക്ക്; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടി, ഒടുവിൽ ശസ്ത്രക്രിയ ചെയ്തു

click me!