'കൊവിഡിനെക്കാള്‍ ഭയാനകമായ മഹാമാരികള്‍ വരാം'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

By Web TeamFirst Published Dec 30, 2020, 9:19 PM IST
Highlights

വരും വര്‍ഷവും ഈ പ്രതിസന്ധിയില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനാകില്ലേ എന്ന ആധിയാണ് നിലവിലെ സാഹചര്യത്തില്‍ ഏവരും പങ്കുവയ്ക്കുന്നത്. അതേസമയം കൊവിഡിനെക്കാള്‍ ഭീകരമായ മഹാമാരികള്‍ ഇനിയും വന്നേക്കാമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കുന്നത്

കൊവിഡ് 19 എന്ന മഹാമാരിയില്‍ ലോകമാകെയും വിറങ്ങലിച്ചുപോയ വര്‍ഷമാണ് 2020. ഇപ്പോഴും ഇതിനെതിരായ പോരാട്ടത്തില്‍ തന്നെയാണ് നാം. ഇതിനിടെ മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം കൊവിഡിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വാക്‌സിനുകളും എത്തിക്കഴിഞ്ഞിരിക്കുന്നു. എല്ലാവര്‍ക്കും ലഭ്യമായിത്തുടങ്ങിയില്ലെങ്കില്‍ പോലും വലിയൊരാശ്വാസമാണ് വാക്‌സിനുകളുടെ വരവ് നമുക്ക് സമ്മാനിച്ചത്. 

എന്നാല്‍ ഈ ആശ്വാസത്തിന് മുകളിലേക്കാണിപ്പോള്‍ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസുകളുടെ വരവും, അതുണ്ടാക്കുന്ന ആശങ്കകളും വന്നുനിറയുന്നത്. രോഗവ്യാപനം അതിവേഗത്തിലാക്കാന്‍ കഴിയുന്ന പുതിയ വൈറസ് ആദ്യമായി യുകെയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും തുടര്‍ന്ന് പല രാജ്യങ്ങളിലും ഇതിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. 

വരും വര്‍ഷവും ഈ പ്രതിസന്ധിയില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനാകില്ലേ എന്ന ആധിയാണ് നിലവിലെ സാഹചര്യത്തില്‍ ഏവരും പങ്കുവയ്ക്കുന്നത്. അതേസമയം കൊവിഡിനെക്കാള്‍ ഭീകരമായ മഹാമാരികള്‍ ഇനിയും വന്നേക്കാമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കുന്നത്. ലോകത്തെ കൂടുതല്‍ തകര്‍ച്ചയിലേക്കും നഷ്ടങ്ങളിലേക്കും നയിക്കുന്നതിന് ഇടയാക്കുന്ന മഹാമാരികള്‍ ഇനിയും വന്നേക്കാമെന്നും കൊവിഡ് 19 ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണെന്നുമാണ് ലോകാരോഗ്യ സംഘടന വക്താവ് മൈക്കല്‍ റയാന്‍ വ്യക്തമാക്കുന്നത്. 

'കൊവിഡ് 19 മഹാമാരി ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ എത്തിക്കഴിഞ്ഞു. എന്നാല്‍ ഇതാണ് നാം കണ്ടതില്‍ വച്ചേറ്റവും വലിയ മഹാമാരി എന്ന വിധിയെഴുത്തിലേക്ക് ആരും കടക്കേണ്ടതില്ല. ഇതിലും രൂക്ഷമായ മഹമാരികള്‍ ഇനിയും വന്നേക്കാം. കൊവിഡ് ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്..'- മൈക്കല്‍ റയാന്റെ വാക്കുകള്‍. 

കൊവിഡ് 19 ഉയര്‍ത്തിയ ഭീഷണികള്‍ ഇനിയും തുടരുമെന്നും എല്ലാവരും ഒറ്റക്കെട്ടായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുക എന്നത് മാത്രമേ ഇതിനെതിരെ ചെയ്യാനുള്ളൂവെന്നും മൈക്കല്‍ റയാന്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- യുകെയില്‍ നിന്നുള്ള പുതിയ കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളില്‍ വ്യാപിക്കുന്നു...

click me!