യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുന്നു. രോഗവ്യാപനം വലിയ തോതില്‍ ഉയര്‍ത്താന്‍ സാധിക്കുന്ന പുതിയ വൈറസ് പടര്‍ന്നുപിടിക്കാതിരിക്കാന്‍ ഗതാഗത നിയന്ത്രണങ്ങളുള്‍പ്പെടെയുള്ള കരുതലുകളേര്‍പ്പെടുത്തിയിട്ടും ഫലം കണ്ടില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. 

കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ലെബനന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം തന്നെ യുകെ വൈറസ് എന്നറിയപ്പെടുന്ന പുതിയ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, സ്‌പെയിന്‍, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളിലും യുകെ വൈറസ് എത്തിക്കഴിഞ്ഞിട്ടുണ്ട്. 

രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ യുകെ വൈറസിന് കഴിവില്ലെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. അതേസമയം ഏതാണ്ട് 70 ശതമാനത്തോളം രോഗവ്യാപനം വര്‍ധിപ്പിക്കാന്‍ ഈ വൈറസിന് കഴിയുമത്രേ. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും ആരോഗ്യ മേഖല പ്രതിസന്ധിയിലാവുകയും ചെയ്‌തേക്കാം. അങ്ങനെ വന്നാല്‍ കൊവിഡ് മരണനിരക്കും വര്‍ധിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

പലയിടങ്ങളിലും യുകെ വൈറസ് സ്ഥിരീകരിച്ചവര്‍ യാത്ര ചെയ്തവരല്ല. ഇതിനര്‍ത്ഥം കമ്മ്യൂണിറ്റി വ്യാപനത്തിലേക്ക് പുതിയ വൈറസും എത്തിയിരിക്കുന്നു എന്നതാണ്. ഏറെ ആശങ്കപ്പെടുത്തുന്നതാണ് ഈ വിവരം. ഇന്ത്യയില്‍ ഇതുവരെ ഔദ്യോഗികമായി യുകെ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ കൊവിഡ് ബാധിതരായ ചില മലയാളികളുടെ സ്രവ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. 

കൊവിഡ് 19 ഏറ്റവുമധികം തിരിച്ചടികള്‍ സമ്മാനിച്ച യുഎസില്‍ പക്ഷേ ഇതുവരെയായിട്ടും യുകെ വൈറസ് കണ്ടെത്തപ്പെട്ടിട്ടില്ല. നിലവിലെ അവസ്ഥയില്‍ കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുക കൂടി ചെയ്താല്‍ യുഎസില്‍ വലിയ തോതിലുള്ള പ്രതിസന്ധിയായിരിക്കും ഉടലെടുക്കുക. 

Also Read:- 'ജനിതകമാറ്റം സംഭവിച്ച കൊറോണ മരണനിരക്ക് ഉയര്‍ത്തിയേക്കും'...