കാലില്‍ ഞരമ്പുകള്‍ പിണഞ്ഞുകിടക്കുന്നത്; നിസാരമായി തള്ളിക്കളയല്ലേ...

By Web TeamFirst Published Nov 6, 2021, 8:35 PM IST
Highlights

ചില ആളുകളുടെ കാലില്‍ ചര്‍മ്മത്തിന് പുറത്തേക്കായി ഞരമ്പുകള്‍ കെട്ടുപിണഞ്ഞ് കിടക്കുന്നത് കാണാറില്ലേ? ഇതൊരുപക്ഷേ ഡിവിടിയുടെ ലക്ഷണമായി വരാം. ഇത്തരം പ്രശ്‌നങ്ങള്‍ തുടക്കത്തിലേ ശ്രദ്ധിക്കുകയും വേണ്ട ചികിത്സ തേടുകയും ചെയ്തില്ലെങ്കില്‍ ഒരുപക്ഷേ ജീവന്‍ തന്നെ നഷ്ടമായേക്കാം

നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും നാം നമ്മുടെ പല ആരോഗ്യപ്രശ്‌നങ്ങളും ( Health Issues ) അവഗണിച്ചുകളയാറുണ്ട്. എന്നാലിവ പിന്നീട് വളരെയധികം സങ്കീര്‍ണതകളിലേക്കും നമ്മെ നയിക്കാം. അത്തരത്തിലൊരു അസുഖമാണ് 'ഡീപ് വെയിന്‍ ത്രോംബോസിസ്' ( ഡിവിടി) ( Deep Vein Thrombosis ). 

ചില ആളുകളുടെ കാലില്‍ ചര്‍മ്മത്തിന് പുറത്തേക്കായി ഞരമ്പുകള്‍ കെട്ടുപിണഞ്ഞ് കിടക്കുന്നത് കാണാറില്ലേ? ഇതൊരുപക്ഷേ ഡിവിടിയുടെ ലക്ഷണമായി വരാം. ഇത്തരം പ്രശ്‌നങ്ങള്‍ തുടക്കത്തിലേ ശ്രദ്ധിക്കുകയും വേണ്ട ചികിത്സ തേടുകയും ചെയ്തില്ലെങ്കില്‍ ഒരുപക്ഷേ ജീവന്‍ തന്നെ നഷ്ടമായേക്കാം. 

രക്തം കട്ട പിടിച്ചുകിടക്കുന്നതാണ് ഇത്തരത്തില്‍ പുറത്തേക്ക് കാണുന്നത്. പരിക്കുകളോ മറ്റോ സംഭവിക്കുന്ന സാഹചര്യത്തില്‍ രക്തം കട്ട പിടിക്കുന്നത് നല്ലതാണ്. അതുപോലെ ചലനമില്ലാത്ത അവസ്ഥയില്‍ രക്തം കട്ട പിടിച്ച് ശരീരത്തിലെവിടെയെങ്കിലും കിടപ്പുണ്ടെങ്കില്‍ അതും അപകടകരമല്ല. അതേസമയം രക്തം കട്ട പിടിച്ചുകിടക്കുന്നത് ചലിച്ച് അത് തലച്ചോറിലോ ശ്വാസകോശത്തിലോ എല്ലാം എത്തുന്നപക്ഷം വളരെയേറെ അപകടകരമാണ്. മരണം വരെ സംഭവിക്കാം. 

 

 

ഡിവിടിയുടെ കാര്യത്തിലും ഇങ്ങനെയാണ് സംഭവിക്കുന്നത്. ഞരമ്പിനകത്ത് രക്തം കട്ടയായി കിടക്കുന്ന അവസ്ഥയാണ് ഡിവിടി. ഒന്നോ അതിലധികമോ ഞരമ്പുകളില്‍ ഇത് സംഭവിക്കാം, പ്രത്യേകിച്ച് കാലുകളില്‍. ദീര്‍ഘനേരം അനക്കമില്ലാതെ ഒരേ രീതിയില്‍ ശരീരം വയ്ക്കുന്നത്, ദോഷകരമായ രീതിയില്‍ ഉറങ്ങുന്നത്, മണിക്കൂറുകളോളം ഒരേ ഘടനയില്‍ നിന്ന് ജോലി ചെയ്യുന്നത്- എല്ലാം ഡിവിടിയിലേക്ക് നയിച്ചേക്കാം. 

ദിവസവും 200 പേര്‍ക്കെങ്കിലും ഡിവിടി മൂലമുള്ള സങ്കീര്‍ണതകളാല്‍ ജീവന്‍ നഷ്ടമാകുന്നുണ്ടെന്നാണ് 'നാഷണല്‍ ബ്ലഡ് ക്ലോട്ട് അലയന്‍സ്' ( എന്‍ബിസിഎ) ചൂണ്ടിക്കാട്ടുന്നത്. വളരെ പെട്ടെന്നുള്ള മരണമായിരിക്കും അധികവും ഇത്തരത്തില്‍ സംഭവിക്കുകയെന്നും ഇവര്‍ പറയുന്നു. 

കട്ട പിടിച്ചുകിടക്കുന്ന രക്തം പൊട്ടുകയും അത് ശ്വാസകോശത്തിലേക്കോ തലച്ചോറിലേക്കോ നീങ്ങുകയും ചെയ്യുന്നതോടെയാണ് ഇങ്ങനെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നത്. ലക്ഷണങ്ങളിലൂടെ ഡിവിടി മനസിലാക്കാന്‍ നമുക്ക് സാധിക്കും. അത്തരത്തിലൊരു പ്രധാന ലക്ഷണമാണ് കാലില്‍ ഞരമ്പുകള്‍ കെട്ടുപിണഞ്ഞ് കിടക്കുന്നത്. ഇങ്ങനെയുള്ള ഭാഗങ്ങളില്‍ കുത്തുന്നത് പോലുള്ള വേദന, അസാധാരണമായ മാര്‍ദ്ദവം, വീക്കം എന്നിവ കാണുന്നപക്ഷം വേഗത്തില്‍ തന്നെ വൈദ്യസഹായം തേടുക. 

 

 

അധികവും ഒരു കാലില്‍ എന്ന രീതിയിലായിരിക്കും വേദന. കണങ്കാല്‍, തുട എന്നിവിടങ്ങളിലെ വേദന പ്രത്യേകം കരുതുക. കാല്‍ ചുവന്ന നിറം പടരുന്നതും ശ്രദ്ധിക്കുക. ഞരമ്പുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നത് പോലെ കാണപ്പെടുന്നതും ഡിവിടിയുടെ ലക്ഷണമാകാം. ഇവിടങ്ങളില്‍ തൊടാന്‍ സാധിക്കാത്തത് പോലെ വേദനയും അനുഭവപ്പെടാം. 

ഡിവിടി അപൂര്‍വ്വമായ ഒരസുഖമല്ല. അതിനാല്‍ തന്നെ ഇക്കാര്യം ഏവരും ശ്രദ്ധിക്കേണ്ടതുണ്ട്. ചികിത്സയിലൂടെ രോഗത്തെ അതിജീവിക്കാനായാല്‍ ജീവന് തന്നെ വെല്ലുവിളിയാകുന്ന അവസരങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ സാധിക്കും. 

Also Read:- കൊവിഡിന് ശേഷം ഹൃദയാഘാതവും മരണവും; പുതിയ പഠനം...

click me!