എന്തുകൊണ്ടാണ് കൊവിഡ് രോഗികളില്‍ ഒരു വിഭാഗത്തിന് ഇത്തരത്തില്‍ രോഗമുക്തിക്ക് ശേഷം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുന്നത് എന്നതിന് ഇനിയും കൃത്യമായ വിശദീകരണം നല്‍കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടുമില്ല. വൈറസ് രക്തകോശങ്ങളെ ബാധിക്കുന്നതിനാലും, ഹൃദയപേശികളെ തകരാറിലാക്കുന്നതിലുമെല്ലാമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു

കൊവിഡ് 19 ( Covid 19 ) മഹാമാരിയില്‍ നിന്ന് മുക്തി നേടിയാലും പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ദീര്‍ഘകാലത്തേക്ക് ( Long Covid ) രോഗികളെ അലട്ടുന്നതായി നാം കണ്ടു. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ആശങ്കയുണ്ടാക്കുന്ന പ്രശ്‌നമാണ് കൊവിഡാനന്തരം സംഭവിക്കുന്ന ഹൃദയാഘാതവും, ഹൃദ്രോഗവും ഇവ മൂലമുള്ള മരണവും. 

എന്തുകൊണ്ടാണ് കൊവിഡ് രോഗികളില്‍ ഒരു വിഭാഗത്തിന് ഇത്തരത്തില്‍ രോഗമുക്തിക്ക് ശേഷം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുന്നത് എന്നതിന് ഇനിയും കൃത്യമായ വിശദീകരണം നല്‍കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടുമില്ല. വൈറസ് രക്തകോശങ്ങളെ ബാധിക്കുന്നതിനാലും, ഹൃദയപേശികളെ തകരാറിലാക്കുന്നതിലുമെല്ലാമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. 

ഒപ്പം തന്നെ ആരിലാണ് കൊവിഡാനന്തര ഹൃദ്രോഗങ്ങള്‍ പിടിപെടുകയെന്ന് നിര്‍ണയിക്കാനും ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ യുഎസില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. 


മിസോറിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. കൊവിഡ് അത്ര ഗുരുതരമായി ബാധിക്കാത്ത, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായ സാഹചര്യം ഇല്ലാതിരുന്ന രോഗികളില്‍ രോഗമുക്തിക്ക് ശേഷം അടുത്ത ഒരു വര്‍ഷത്തേക്ക് ഹൃദയാഘാതമോ, രക്തം കട്ട പിടിക്കുന്ന അവസ്ഥയോ എല്ലാം നേരിടാനുള്ള സാധ്യത കൂടുതലാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

കൊവിഡ് ഗുരുതരമായി ബാധിക്കപ്പെട്ട്, അത്യാഹിതവിഭാഗത്തില്‍ പ്രവേശിക്കപ്പെട്ട രോഗികളെ സംബന്ധിച്ച് ഹൃദയാഘാതം, പക്ഷാഘാതം, രക്തം കട്ട പിടിക്കല്‍ തുടങ്ങിയ സാധ്യത ഏറെയുള്ളതായി നേരത്തേ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വൈകാതെ തന്നെ കണ്ടേക്കാമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ഗൗരവതരമായി കൊവിഡ് ബാധിക്കാതിരുന്നവരില്‍ നിലനില്‍ക്കുന്ന വെല്ലുവിളിയെ കുറിച്ചാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഇവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അടുത്ത ഒരു വര്‍ഷത്തേക്ക് ഹൃദയാഘാതം, ഹൃദയസ്തംഭനം, മരണത്തിലേക്ക് വരെ നയിക്കാവുന്ന രക്തം കട്ട പിടിക്കുന്ന അവസ്ഥ എന്നിവ സംഭവിക്കാന്‍ 39 ശതമാനം സാധ്യത കൂടുതലാണെന്നാണ് പഠനം അവകാശപ്പെടുന്നത്. 


അതായത് കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാതിരുന്നവരില്‍ ആയിരം പേരെ എടുത്താല്‍ ഇതില്‍ 5.8 കേസുകളില്‍ ഹൃദയസ്തംഭനവും 2.8 കേസുകളില്‍ രക്തം കട്ട പിടിക്കുന്ന സാഹചര്യവും ഉണ്ടാകുന്നതായി പഠനം പറയുന്നു. 

യുഎസില്‍ നിന്ന് തന്നെയുള്ള ഒന്നര ലക്ഷത്തിലധികം കൊവിഡ് രോഗികളുടെ കേസ് വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടന്നിരിക്കുന്നത്. മറ്റിടങ്ങളില്‍ എത്തുമ്പോള്‍ ഈ കണക്കുകളില്‍ വ്യത്യാസം വരാമെന്നും എന്നാല്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അതത് സര്‍ക്കാരുകളും ഈ വിഷയം നിര്‍ബന്ധമായും പഠിച്ച് അതിന് വേണഅട ഗൗരവം നല്‍കണമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ സിയാദ് അല്‍ അലി ( വെട്ടേരന്‍സ് അഫയഴ്‌സ് സെന്റ്. ലൂയിസ് ഹെല്‍ത്ത്‌കെയര്‍ സിസ്റ്റം, മിസോറി ) പറയുന്നു.

Also Read:- കൊവിഡ് 19 കേള്‍വിശക്തിയെ ബാധിക്കുമോ? ചില പഠനങ്ങള്‍ പറയുന്നത് ശ്രദ്ധിക്കൂ...