കൊവിഡ് 19; മൂന്നാമത്തെ 'ബൂസ്റ്റര്‍ ഡോസ്' വാക്‌സിന്‍ നിര്‍ബന്ധമോ? ചര്‍ച്ചകള്‍ മുറുകുന്നു

By Web TeamFirst Published Jul 17, 2021, 12:00 PM IST
Highlights

ചര്‍ച്ചകള്‍ ഇത്തരത്തില്‍ പുരോഗമിക്കവേ ചില രാജ്യങ്ങള്‍ മൂന്നാം ഡോസ് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഫ്രാന്‍സ്, ഇസ്രയേല്‍, ഹംഗറി എന്നീ രാജ്യങ്ങളാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുത്തവര്‍ക്ക് മൂന്നാം ഡോസ് പ്രഖ്യാപിച്ചിരിക്കുന്നത്. പല ഘടകങ്ങള്‍ മൂലം പ്രതിരോധ ശേഷി ദുര്‍ബലമായവര്‍ക്കാണ് പ്രഥമപരിഗണന

കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയ മിക്ക രാജ്യങ്ങളിലും പുരോഗമിച്ചുവരികയാണ്. സാധാരണഗതിയില്‍ രണ്ട് ഡോസിലധികം വാക്‌സിന്‍ കൊവിഡിനെതിരെ നല്‍കുന്നില്ലായിരുന്നു. എന്നാല്‍ പ്രതിരോധശേഷി തീരെ കുറഞ്ഞവര്‍ക്ക് മൂന്നാമതായി ഒരു 'ബൂസ്റ്റര്‍ ഡോസ്' വാക്‌സിന്‍ കൂടി പല രാജ്യങ്ങളും ഇപ്പോള്‍ നല്‍കുന്നുണ്ട്. 

ഇതോടെ രണ്ട് ഡോസ് വാക്‌സിന്‍ പര്യാപ്തമല്ലേ, അതോ മൂന്നാമത്തെ ഡോസ് കൂടി നിര്‍ബന്ധമാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ മുറുകിവരികയാണ്. ഇന്ത്യയില്‍ നിന്നുള്ള 'ഡെല്‍റ്റ' വൈറസ് വകഭേദം ആഗോളതലത്തില്‍ തന്നെ ഭീഷണിയായി പടരുന്നതിനിടെയാണ് 'ബൂസ്റ്റര്‍ ഡോസ്' ചര്‍ച്ചയാകുന്നത്. 

വൈകാതെ തന്നെ ബൂസ്റ്റര്‍ ഡോസിന്റെ പ്രാധാന്യത്തെ കുറിച്ചും അത് നിര്‍ബന്ധമാക്കേണ്ടതുണ്ടോ എന്നതിനെ കുറിച്ചും വ്യക്തമായ ചിത്രം പുറത്തുവരുമെന്നാണ് ആരോഗ്യരംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഒരു ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്ത ആളുകള്‍ നിരവധിയുള്ളപ്പോള്‍ നിലവില്‍ അവരിലേക്കാണ് ശ്രദ്ധ പോകേണ്ടതെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. 

ഈ മാസം ആദ്യത്തിലാണ് ഫൈസര്‍/ ബയോഎന്‍ടെക് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ യുഎസിനോടും യൂറോപ്യന്‍ അതോറിറ്റികളോടും മൂന്നാം ഡോസ് വാക്‌സിന്‍ കൂടി വിതരണം ചെയ്യാനുള്ള അനുമതി തേടിയത്. രണ്ട് ഡോസ് കൊണ്ട് പ്രതിരോധ ശേഷിയെ ഉണര്‍ത്താന്‍ സാധിക്കാത്തവരില്‍ ഈ മൂന്നാമത് ഡോസ് ഫലം ചെയ്യുമെന്നായിരുന്നു ഇവരുടെ വാദം. 

 


കഴിഞ്ഞ ആറ് മാസത്തിലധികമായി തങ്ങളുടെ വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ തന്നെ രോഗത്തെ ഫലപ്രദമായി ചെറുക്കുന്നുണ്ട്. എന്നാല്‍ പുതിയ വൈറസ് വകഭേദങ്ങള്‍ വന്നതോടെ മൂന്നാമതൊരു ഡോസിന്റെ കൂടി ആവശ്യം ഉയര്‍ന്നിരിക്കുന്നുവെന്നാണ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ കമ്പനികള്‍ ഉയര്‍ത്തിക്കാട്ടുന്ന വിഷയം. മുമ്പ് സൂചിപ്പിച്ചത് പോലെ 'ഡെല്‍റ്റ' വകഭേദം ഇത്രമാത്രം ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വാദവും വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. 

'വരാനിരിക്കുന്ന സമയത്തില്‍ ഒരുപക്ഷേ കാര്യമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ബൂസ്റ്റര്‍ ഡോസ് സഹായകമായിരിക്കും. എന്നാല്‍ എല്ലാവരും നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന നിലപാട് ശരിയുമല്ല. അങ്ങനെ തുടങ്ങിയാല്‍ അത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാം...'- യുഎസില്‍ നിന്നുള്ള കൊവിഡ് വിദഗ്ധനും വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ അഡൈ്വസറും കൂടിയായ ആന്തണി ഫൗച്ചി പറയുന്നു. 

ഇപ്പോഴും രണ്ട് ഡോസ് വാക്‌സിന്‍ തികച്ചും കിട്ടാത്തവരുണ്ടെന്നും അക്കാര്യമാണ് അടിയന്തരമായി പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരോഗ്യവൃത്തങ്ങള്‍ മൂന്നാമതൊരു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ സാധ്യത കുറവാണ്. എങ്കിലും 'ദ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി'യും 'യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍'ഉം മൂന്നാം ഡോസ് പ്രാധാന്യം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

 

 

അതേസമയം ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ധര്‍ മൂന്നാം ഡോസ് വാക്‌സിനെ കുറിച്ച് കാര്യമായ പ്രതികരണങ്ങളൊന്നും നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. മൂന്നാം ഡോസ് കൂടിയേ തീരൂ എന്നതിന് കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഡബ്ല്യൂഎച്ച്ഒ അടിയന്തര സമിതി ഡയറക്ടര്‍ ദിദിയെര്‍ ഹൊസിന്‍ അറിയിച്ചത്. ഇതുവരെയും രണ്ട് ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്തവരുള്ള സാഹചര്യത്തില്‍ മൂന്നാം ഡോസ് പുതിയ പ്രശ്‌നമായി ഉയരുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. 

ചര്‍ച്ചകള്‍ ഇത്തരത്തില്‍ പുരോഗമിക്കവേ ചില രാജ്യങ്ങള്‍ മൂന്നാം ഡോസ് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഫ്രാന്‍സ്, ഇസ്രയേല്‍, ഹംഗറി എന്നീ രാജ്യങ്ങളാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുത്തവര്‍ക്ക് മൂന്നാം ഡോസ് പ്രഖ്യാപിച്ചിരിക്കുന്നത്. പല ഘടകങ്ങള്‍ മൂലം പ്രതിരോധ ശേഷി ദുര്‍ബലമായവര്‍ക്കാണ് പ്രഥമപരിഗണന. അതുപോലെ പ്രായമായവര്‍ക്കും ഒരുപക്ഷേ മൂന്നാം ഡോസ് നല്‍കുന്ന കാര്യത്തില്‍ പല രാജ്യങ്ങളിലും ഉടന്‍ തീരുമാനമുണ്ടായേക്കാം. 

Also Read:- കൊവിഡ് നെഞ്ചുവേദനയും അല്ലാത്ത നെഞ്ചുവേദനയും എങ്ങനെ തിരിച്ചറിയാം?

click me!