Asianet News MalayalamAsianet News Malayalam

കൊവിഡ് നെഞ്ചുവേദനയും അല്ലാത്ത നെഞ്ചുവേദനയും എങ്ങനെ തിരിച്ചറിയാം?

ഉത്കണ്ഠ മൂലമുള്ള നെഞ്ചുവേദന അഞ്ച് മുതല്‍ ഇരുപത് മിനുറ്റ് വരെയൊക്കെയേ നീണ്ടുനില്‍ക്കൂ. ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. കൊവിഡ് രോഗികളില്‍ തന്നെ രോഗത്തെ ചൊല്ലിയുള്ള ആശങ്ക വര്‍ധിച്ച് നെഞ്ചുവേദനയുണ്ടാകാം. എന്നാലിത് കൊവിഡ് ഉത്കണ്ഠയാണെന്ന് രോഗി സ്വയം തന്നെ തിരിച്ചറിയേണ്ടതുണ്ട്

how can we differentiate covid chest pain and other chest pain
Author
Trivandrum, First Published Jul 16, 2021, 10:14 PM IST

സാധാരണഗതിയില്‍ കൊവിഡ് 19ന്റെ ഭാഗമായി നെഞ്ചുവേദന വരാന്‍ സാധ്യത വളരെ കുറവാണ്. കാര്യമായ ലക്ഷണങ്ങളോടെയും തീവ്രതയോടെയും രോഗം ബാധിക്കപ്പെട്ടവരിലാണ് പ്രധാനമായും ശ്വാസതടസവും നെഞ്ചുവേദനയുമെല്ലാം കാണുന്നത്. 

കൊവിഡിന്റെ ഭാഗമല്ലാതെയും നെഞ്ചുവേദന അനുഭവപ്പെടാം. ഉദാഹരണത്തിന്, ഉത്കണ്ഠയുള്ളവരില്‍ ഇടയ്ക്ക് ഇതിന്റെ ഭാഗമായി നെഞ്ചുവേദനയുണ്ടാകാറുണ്ട്. 'പാനിക് അറ്റാക്ക്' എന്നാണ് ഇത് അറിയപ്പെടുന്നത്. അതുപോലെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവരിലും നെഞ്ചുവേദന വരാം. 

എങ്ങനെയാണ് കൊവിഡ് മൂലമുള്ള നെഞ്ചുവേദനയും അല്ലാത്ത നെഞ്ചുവേദനയും തിരിച്ചറിയാന്‍ സാധിക്കുക? അറിയാം ചില കാര്യങ്ങള്‍...

നെഞ്ചുവേദനയുടെ കാരണങ്ങള്‍...

നെഞ്ചില്‍ അസ്വസ്ഥത, സമ്മര്‍ദ്ദം, വേദന എന്നിവ അനുഭവപ്പെടുന്ന അവസ്ഥയെ നെഞ്ചുവേദനയായി കണക്കാക്കാം. ഇത് ആദ്യം സൂചിപ്പിച്ചത് പോലെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സൂചനയാകാം. ഹൃദയപേശികളിലേക്ക് രക്തവും ഓക്‌സിജനും എത്തിക്കുന്ന പ്രക്രിയയില്‍ താളപ്പിഴ സംഭവിക്കുമ്പോഴാണ് സാധാരണഗതിയില്‍ കാര്‍ഡിയാക് (ഹൃദയസംബന്ധമായ) നെഞ്ചുവേദന അനുഭവപ്പെടുന്നത്. 

 

how can we differentiate covid chest pain and other chest pain

 

ഈ വേദന ക്രമേണ തോള്‍ഭാഗം, കൈകള്‍, കഴുത്ത്, മുതുക് എന്നിവിടങ്ങളിലേക്ക് പകരാം. ഹൃദയസംബന്ധമല്ലാതെ വരുന്ന നെഞ്ചുവദേനയാണെങ്കില്‍ അതിനും ആദ്യം സൂചിപ്പിച്ചത് പോലെ പല കാരണങ്ങള്‍ വരാം. പേശികളിലോ എല്ലുകളിലോ അണുബാധ, ചെസ്റ്റ് അണുബാധ, ഉത്കണ്ഠ അങ്ങനെ പല ഘടകങ്ങള്‍ ഇതിലേക്ക് നയിക്കുന്നു. ഏതവസ്ഥയിലും അസഹ്യമായി തോന്നുകയും നീണ്ടുനില്‍ക്കുകയും ചെയ്താല്‍ നെഞ്ചുവേദനയ്ക്ക് വൈദ്യസഹായം തേടേണ്ടതാണ്. 

കൊവിഡ് 19 നെഞ്ചുവേദന...

തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ തീവ്രമായ രീതിയില്‍ രോഗം ബാധിക്കപ്പെട്ടവരിലാണ് കൊവിഡ് മൂലമുള്ള നെഞ്ചുവേദന കാണുകയുള്ളൂ. ശ്വാസകോശരോഗമാണ് എന്നതുകൊണ്‍് കൊവിഡ് ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. മറ്റ് പല ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കുന്നുണ്ട്. ഇത് പേശികളില്‍ സമ്മര്‍ദ്ദം വരാനിടയാക്കുകയും ഇക്കൂട്ടത്തില്‍ നെഞ്ചിലെ പേശികളും ഇറുകുകയും വേദന അനുഭവപ്പെടുകയും ചെയ്‌തേക്കാം. ഒപ്പം തന്നെ ശ്വാസതടസവും നേരിടാം. 

കൊവിഡ് തന്നെ മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ രോഗിയില്‍ 'ന്യുമോണിയ' വരാം. ന്യുമോണിയ വന്നാലും നെഞ്ചുവേദനയുണ്ടാകാം. 

ഉത്കണ്ഠ മൂലമുള്ള നെഞ്ചുവേദന...

എല്ലായ്‌പ്പോഴും ഭയവും ആശങ്കയും തന്നെ അനുഭവപ്പെടുന്ന അവസ്ഥയാണ് ഉത്കണ്ഠ. ചില സന്ദര്‍ഭങ്ങളില്‍ ഉത്കണ്ഠ അധികരിക്കുമ്പോള്‍ ചില ശാരീരിക പ്രശ്‌നങ്ങള്‍ കാണാം. ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ് നെഞ്ചുവേദനയും. ശ്വാസതടസം, വിയര്‍ക്കല്‍, തലകറക്കം, ഹൃദയമിടിപ്പ് കൂടുക, വിറയല്‍ എന്നിവയെല്ലാം ഉത്കണ്ഠ അധികരിക്കുമ്പോള്‍ വരാം. എന്നാല്‍ ഉത്കണ്ഠ മൂലമുണ്ടാകുന്ന മിക്ക ശാരീരികപ്രശ്‌നങ്ങളും പ്രത്യേകിച്ച് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ കഴിവുള്ളവയല്ല. 

 

how can we differentiate covid chest pain and other chest pain

 

ഉത്കണ്ഠ മൂലമുള്ള നെഞ്ചുവേദന അഞ്ച് മുതല്‍ ഇരുപത് മിനുറ്റ് വരെയൊക്കെയേ നീണ്ടുനില്‍ക്കൂ. ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. കൊവിഡ് രോഗികളില്‍ തന്നെ രോഗത്തെ ചൊല്ലിയുള്ള ആശങ്ക വര്‍ധിച്ച് നെഞ്ചുവേദനയുണ്ടാകാം. എന്നാലിത് കൊവിഡ് ഉത്കണ്ഠയാണെന്ന് രോഗി സ്വയം തന്നെ തിരിച്ചറിയേണ്ടതുണ്ട്. കൊവിഡ് നെഞ്ചുവേദനയ്ക്കാണെങ്കില്‍ പനി, ചുമ പോലുള്ള ലക്ഷണങ്ങളും കൂടെ കാണും. ഇതും പ്രത്യേകം കരുതുക.

മാനസികമായി ആരോഗ്യത്തോടെയിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. ഈ മഹാമാരിക്കാലത്ത് അതിനുള്ള പ്രാധാന്യം വളരെ വലുതാണ്. രോഗം പിടിപെടാതിരിക്കാന്‍ പറ്റാവുന്ന പോലെ ജാഗരൂകരാകാം. രോഗം പിടിപെട്ടാല്‍ അതിനെ കൂടുതല്‍ സങ്കീര്‍ണമാക്കാതെ ഭംഗിയായും ചിട്ടയായും പരിചരിച്ച് അതിനെ അതിജീവിക്കാം. അതുപോലെ കൊവിഡ് മൂലം തന്നെ ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അത് സമയത്തിന് തിരിച്ചറിഞ്ഞ് വേണ്ട വൈദ്യസഹായം തേടി അതിജീവനം നടത്തുകയും വേണം. 

Also Read:- കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന

Follow Us:
Download App:
  • android
  • ios