
ദിവസം മുഴുവൻ ക്ഷീണം അനുഭവപ്പെടുമ്പോൾ ഉറക്കമില്ലായ്മകൊണ്ടും മാനസികസമ്മർദ്ധം കൊണ്ടുമാണ് ഉണ്ടാകുന്നതെന്നാണ് നമ്മൾ കരുതാറുള്ളത്. എന്നാൽ നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിലെ ചില തെറ്റായ ശീലങ്ങളാണ് ഈ ക്ഷീണത്തിന് പിന്നിലെ പ്രധാന വില്ലനെന്ന് വിദഗ്ധർ പറയുന്നു. നമ്മൾ അറിയാതെ പോകുന്ന അത്തരം പ്രധാന ഭക്ഷണശീലങ്ങൾ താഴെ പറയുന്നവയാണ്.
ബിസ്‌ക്കറ്റോ മധുരമുള്ള പലഹാരങ്ങളോ കഴിക്കുമ്പോൾ താൽക്കാലികമായി ഊർജ്ജം ലഭിക്കുമെന്ന് തോന്നുമെങ്കിലും അത് അധികനേരം നീണ്ടുനിൽക്കില്ല. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ 30 മിനിറ്റിനുള്ളിൽ ശരീരം കൂടുതൽ തളരുന്നതായി കാണാം.
ഉച്ചയൂണിന് ശേഷമുള്ള ക്ഷീണത്തിന് കാരണം ആഹാരം മാത്രമല്ല, ശരീരത്തിന്റെ സ്വാഭാവികമായ ബയോളജിക്കൽ ക്ലോക്ക് കൂടിയാണ്. ഉച്ചകഴിഞ്ഞ് ശരീരത്തിന്റെ ഊർജ്ജ നില സ്വാഭാവികമായും കുറയാറുണ്ട്. ഇതിനൊപ്പം കൊഴുപ്പ് ഉയർന്ന അളവിലുള്ള വലിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉറക്കത്തിന് കാരണമാകുന്ന ഹോർമോണുകളുടെ ഉത്പാദനം കൂട്ടുകയും ക്ഷീണം വർദ്ധിപ്പിക്കുകയും ചെയ്യും.
വൈകുന്നേരങ്ങളിലെ കാപ്പി ഉപയോഗം
കാപ്പി ഉന്മേഷം നൽകുമെങ്കിലും അത് കുടിക്കുന്ന സമയം വളരെ പ്രധാനമാണ്. ഉറങ്ങുന്നതിന് 6 മണിക്കൂർ മുമ്പ് പോലും കഫീൻ ശരീരത്തിലെത്തുന്നത് രാത്രിയിലെ ഉറക്കത്തിൽ നിന്ന് ഒരു മണിക്കൂറിലധികം സമയം നഷ്ടപ്പെടുത്തും. ഇത് ക്ഷീണം അനുഭവപ്പെടാൻ ഇടയാക്കുകയും ചെയ്യും.
മദ്യപാനം ഉറക്കത്തെ സഹായിക്കില്ല
മദ്യം കഴിക്കുന്നത് നല്ല ഉറക്കം തരുമെന്നാണ് പലരും കരുതുന്നത്. എന്നാൽ മദ്യം ശരീരത്തിന് വിശ്രമം നൽകുകയല്ല, മറിച്ച് തലച്ചോറിനെ ബോധരഹിതാവസ്ഥയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിന് ആവശ്യമായ 'ആർ.ഇ.എം സ്ലീപ്' തടസ്സപ്പെടുത്തുകയും രാത്രിയിലെ ഉറക്കത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam