
ജോലിത്തിരക്കിലാകുമ്പോൾ പലരും ചെയ്യുന്ന തെറ്റായ ഒരു കാര്യമാണ് മൂത്രം ഒഴിക്കാതെ പിടിച്ചുവെക്കുന്നത്. എന്നാൽ ഇത് ദീർഘനേരം തുടർന്നാൽ മൂത്രാശയത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. മടി കാരണവും ജോലികൾ വേഗത്തിൽ തീർക്കുന്നതിനും വേണ്ടി ശരീരത്തിന്റെ പ്രാഥമിക ആവശ്യങ്ങളെ മാറ്റിനിർത്തുന്നത് എത്രത്തോളം അപകടകരമാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
വല്ലപ്പോഴും മൂത്രം പിടിച്ചുവെയ്ക്കുന്നത് സാധാരണയായി വലിയ പ്രശ്നമുണ്ടാക്കാറില്ല. കാരണം മൂത്രം കുറച്ചുസമയം സംഭരിച്ചുവെക്കാൻ തക്കവണ്ണമാണ് മൂത്രാശയം രൂപപ്പെട്ടിരിക്കുന്നത്. എന്നാൽ ഓരോരുത്തരും കുടിക്കുന്ന വെള്ളത്തിന്റെ അളവ്, ശാരീരിക അധ്വാനം, മൂത്രാശയത്തിന്റെ ശേഷി എന്നിവയെ ആശ്രയിച്ചാണ് മൂത്രമൊഴിക്കാൻ മുട്ടുന്നത്. മൂത്രം ഒഴിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക സിഗ്നലുകളെ സ്ഥിരമായി അവഗണിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
മൂത്രം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും ഈ ശീലം തുടർന്നാൽ മൂത്രാശയ പേശികൾ ദുർബലമാകും. ഇത് കൂടാതെ ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുക, മൂത്രം പൂർണ്ണമായി പോകാത്ത അവസ്ഥ, മൂത്രനാളിയിലെ അണുബാധ എന്നിവയ്ക്കും ഇത് കാരണമാകും.
ആരൊക്കെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്?
മൂത്രം പിടിച്ചുവെക്കുന്നത് വഴി ഉണ്ടാകുന്ന അണുബാധ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ചിലരെ കൂടുതൽ ഗുരുതരമായി ബാധിക്കാം. പ്രമേഹം, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പം കൂടുന്ന അവസ്ഥ, ഞരമ്പ് സംബന്ധമായ പ്രശ്നങ്ങൾ, മുൻപ് മൂത്രത്തിൽ അണുബാധയോ മൂത്രാശയ സംബന്ധമായ അസുഖങ്ങളോ വന്നവർ എന്നിവർ ഈ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam