
ചെവിക്കുള്ളില്‍ ചെറുപ്രാണികളോ കുഞ്ഞ് ജീവികളോ ഒക്കെ പെട്ടുപോയതായ എത്രയോ സംഭവങ്ങള്‍ നമ്മള്‍ കേട്ടിരിക്കുന്നു. മിക്കവാറും അവയെല്ലാം ചെവിക്കുള്ളില്‍ പെട്ടുപോയി അധികം വൈകാതെ തന്നെ ചത്തുപോകാറാണ് പതിവ്. എങ്കിലും അത് അകത്ത് കിടന്ന് അണുബാധയുണ്ടാകാതിരിക്കാന്‍ എത്രയും പെട്ടെന്ന് പുറത്തെടുത്തേ മതിയാകൂ. എന്നാല്‍ ചെവിക്കകത്ത് കയറിക്കൂടിയ ജീവി ചത്തില്ലെങ്കിലോ?
അത് ചെവിക്കകത്ത് തന്നെ താമസമാക്കുന്ന കാര്യമൊന്ന് ഓര്‍ത്തുനോക്കൂ. അക്കാര്യം ഓര്‍ക്കുമ്പോഴേ ഒരസ്വസ്ഥ തോന്നുന്നുണ്ടല്ലേ. അപ്പോള്‍ അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോയ ആളെപ്പറ്റി ചിന്തിച്ചാലോ!
സത്യമാണ്. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം. അസാധാരണമായ തരത്തില്‍ ചെവിവേദനയും അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു സ്ത്രീ സിചുവാനിലെ മിയാന്‍യാംഗ് എന്ന ആശുപത്രിയില്‍ ചികിത്സ തേടിയെത്തി.
സംഗതി എന്താണെന്ന് ആദ്യം ഡോക്ടര്‍മാര്‍ക്ക് മനസിലായില്ല. എന്നാല്‍ പിന്നീട് 'ഓട്ടോസ്‌കോപി' ചെയ്തുനോക്കിയപ്പോള്‍ ചെവിക്കകത്ത് ഒരു എട്ടുകാലിയെ ഇവര്‍ കണ്ടെത്തുകയായിരുന്നു. അതും ജീവനുള്ള ഒരെണ്ണം.
ഏഴ് ദിവസത്തോളമായി ചെവിക്കുള്ളില്‍ ഇത് പെട്ടിട്ട്. ജീവന് ഭീഷണിയൊന്നും ഉയരാഞ്ഞതിനാല്‍ തന്നെ, അത് ചെവിക്കകത്തെ കനാലിനുള്ളില്‍ വല കെട്ടി താമസം തുടങ്ങുകയായിരുന്നു. 'ഓട്ടോസ്‌കോപ്പി'യിലൂടെ ഡോക്ടര്‍മാര്‍ കണ്ട ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏറെ അസ്വസ്ഥതപ്പെടുത്തുന്നതും പേടിപ്പെടുത്തുന്നതുമാണ് ഈ ദൃശ്യങ്ങള്‍.
വീഡിയോ കാണാം...
ചെറിയ എട്ടുകാലിയായിരുന്നത് കൊണ്ട് തന്നെ അത് ചെവിക്കകത്ത് കാര്യമായ തകരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും, ഭാഗ്യം കൊണ്ട് മാത്രമാണ് കേള്‍വിത്തകരാറ് സംഭവിക്കാഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പിന്നീട് മരുന്നൊഴിച്ച് മയക്കിയ ശേഷമാണ് ഇവര്‍ എട്ടുകാലിയെ പുറത്തെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam