ശരീരഭാരം കൂടിക്കൊണ്ടിരുന്നു, കടുത്ത വയറുവേദനയും; മദ്ധ്യവയസ്‌കയ്ക്ക് സംഭവിച്ചത്...

By Web TeamFirst Published Aug 22, 2020, 6:39 PM IST
Highlights

സ്ത്രീയുടെ അണ്ഡാശയത്തിനകത്ത് വമ്പനൊരു മുഴ രൂപപ്പെട്ടിരിക്കുന്നു. ആന്തരീകാവയവങ്ങളെയെല്ലാം ഞെരുക്കിക്കൊണ്ട് അത് വളര്‍ന്നുവലുതായിക്കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്താന്‍ വിദഗ്ധരുടെ സംഘം തീരുമാനിച്ചു. 

നാള്‍ക്കുനാള്‍ ശരീരഭാരം കൂടിക്കൊണ്ടേയിരുന്നു. അതിനൊപ്പം തന്നെ കടുത്ത വയറുവേദനയും ശ്വാസതടസവും. അല്‍പദൂരം പോലും നടക്കാന്‍ വയ്യാത്ത അവസ്ഥ കൂടിയായതോടെയാണ് ദില്ലി സ്വദേശിനിയായ അമ്പത്തിരണ്ടുകാരിയെ ഡോക്ടറെ കാണിക്കാന്‍ വീട്ടുകാര്‍ തീരുമാനിക്കുന്നത്. 

ആദ്യം വീടിനടുത്തുള്ള ഒരു ആശുപത്രിയില്‍ കാണിച്ചെങ്കിലും അവിടെ നിന്ന് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള മറ്റൊരാശുപത്രിയിലേക്ക് രോഗിയെ മാറ്റാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഞെട്ടിക്കുന്ന ആ സംഗതി കണ്ടെത്തിയത്. 

സ്ത്രീയുടെ അണ്ഡാശയത്തിനകത്ത് വമ്പനൊരു മുഴ രൂപപ്പെട്ടിരിക്കുന്നു. ആന്തരീകാവയവങ്ങളെയെല്ലാം ഞെരുക്കിക്കൊണ്ട് അത് വളര്‍ന്നുവലുതായിക്കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്താന്‍ വിദഗ്ധരുടെ സംഘം തീരുമാനിച്ചു. അങ്ങനെ മൂന്നര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 50 കിലോ തൂക്കം വരുന്ന മുഴയായിരുന്നു!

ലോകത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണെന്നാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറയുന്നത്. രോഗിയുടെ ആകെ ഭാരം 106 ആയിരുന്നു. ഇതിന്റെ പകുതിയോളം ഭാരമാണ് മുഴയ്ക്കുള്ളത്. ഇത്രയും വലിയൊരു മുഴ അണ്ഡാശയത്തില്‍ നിന്ന് നീക്കം ചെയ്യുന്നത് ചരിത്രമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

മുഴ വലുതായിക്കൊണ്ടിരുന്നപ്പോഴാണ് സ്ത്രീയുടെ ശരീരഭാരം കൂടി വന്നത്. അതിനൊപ്പം തന്നെ കുടലിനേയും മറ്റ് ആന്തരീകാവയവങ്ങളേയുമെല്ലാം ഞെരുക്കിക്കൊണ്ടായിരുന്നു മുഴയുടെ നില്‍പ്. ഇതിനാലാണത്രേ കടുത്ത വേദനയും ശ്വാസതടസവുമെല്ലാം അനുഭവപ്പെട്ടിരുന്നത്. ഇപ്പോഴെങ്കിലും മുഴ പുറത്തെടുത്തില്ലായിരുന്നുവെങ്കില്‍ ആന്തരീകാവയവങ്ങളില്‍ ഏതെങ്കിലും പൊട്ടുകയും അതുമുഖേന മരണം വരെ സംഭവിക്കുകയും ചെയ്യുമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 

'മുപ്പത് വര്‍ഷത്തെ അനുഭവപരിചയമാണ് എനിക്ക് സര്‍ജറി മേഖലയിലുള്ളത്. ഞാനിതുവരെ ഇത്തരമൊരു കേസ് അറ്റന്‍ഡ് ചെയ്തിട്ടില്ല. ഞാന്‍ എന്ന് മാത്രമല്ല, ലോകത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമാണെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. 2017ല്‍ കോയമ്പത്തൂരില്‍ ഒരു യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് 34 കിലോഗ്രാം ഭാരം വരുന്ന മുഴ നീക്കം ചെയ്തിട്ടുണ്ട്. അതല്ലാതെ സമാനമായ മറ്റ് കേസുകളൊന്നും ഞങ്ങളുടെ അറിവിലില്ല...'- ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. അരുണ്‍ പ്രസാദ് പറയുന്നു. 

എന്തായാലും ശസ്ത്രക്രിയയ്ക്ക് ശേഷം മദ്ധ്യവയസ്‌ക സുഖം പ്രാപിച്ച് വരികയാണെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഒന്നും നിലവില്‍ ഇവര്‍ക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു. അതേസമയം എന്തുകൊണ്ടാണ് ഇത്രയും വലിയൊരു മുഴ ഇവരുടെ അണ്ഡാശയത്തിലുണ്ടാകാന്‍ കാരണമെന്നത് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കായിട്ടില്ല. പുതിയ കോശങ്ങള്‍ ഉണ്ടായി വരുന്ന പ്രക്രിയയില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോഴെല്ലാം ഇത്തരത്തില്‍ ട്യൂമറുകള്‍ രൂപപ്പെടാറുണ്ടെന്നും അതുതന്നെയായിരിക്കാം ഈ കേസിലും സംഭവിച്ചതെന്നും ഇവര്‍ അനുമാനിക്കുന്നു.

Also Read:- നട്ടെല്ല് 95 ഡിഗ്രി വരെ വളഞ്ഞു; പന്ത്രണ്ടുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ...

click me!