ഏഴര കിലോയോളം വരുന്ന വൃക്ക; ചരിത്രമെന്ന് ഡോക്ടര്‍മാര്‍

By Web TeamFirst Published Nov 26, 2019, 10:54 PM IST
Highlights

വൃക്കയ്ക്കകത്ത് ദ്രാവകം നിറഞ്ഞ മുഴകള്‍ വളര്‍ന്നുവരുന്ന ദാരുണമായ അവസ്ഥയായിരുന്നു രോഗി. സാമാന്യത്തിലധികം വലിപ്പത്തിലാണ് വൃക്കയുള്ളതെന്ന് ഡോക്ടര്‍മാര്‍ക്ക് നേരത്തേ മനസിലായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ നടത്തിയപ്പോള്‍ മാത്രമാണ് ഇത്രയും ഭാരവും വലിപ്പവുമുള്ള വൃക്കയായിരുന്നു അകത്തുണ്ടായിരുന്നതെന്ന് മനസിലാകുന്നത്

സാധാരണഗതിയില്‍ ഒരു വൃക്കയുടെ ഭാരം 120 മുതല്‍ 150 ഗ്രാം വരെയാണ്. ഏകദേശം 12 സെന്റിമീറ്ററോളം നീളവും വരും. ഇനി, ഏഴരക്കിലോയോളം തൂക്കമുള്ള ഒരു വൃക്കയെ പറ്റി ഓര്‍ത്തുനോക്കൂ. എങ്ങനെ ഒരു മനുഷ്യന്‍ അങ്ങനെയൊരു വൃക്കയുമായി ജീവിക്കും!

അതെ, ഒരു മനുഷ്യന്‍ ഏഴരക്കിലോയോളം തൂക്കവും 45 സെന്റിമീറ്റര്‍ നീളവുമുള്ള വൃക്കയും കൊണ്ട് ജീവിച്ചു. ഒടുവില്‍ ജീവന് ഭീഷണിയാകുമെന്ന ഘട്ടത്തിലാണ് ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. 

ദില്ലിയിലെ സര്‍ ഗംഗ രാം ആശുപത്രിയില്‍ കഴിഞ്ഞ മാസമാണ് നിര്‍ണായകമായ ശസ്ത്രക്രിയ നടന്നത്. രോഗിയുടെ പേരുവിവരങ്ങളൊന്നും ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അമ്പത്തിയാറുകാരനായ മനുഷ്യന്‍ വൃക്കയെ ബാധിക്കുന്ന അപൂര്‍വ്വരോഗത്തെ തുടര്‍ന്നാണ് ചികിത്സ തേടി ഇവിടെയെത്തിയത്. 

വൃക്കയ്ക്കകത്ത് ദ്രാവകം നിറഞ്ഞ മുഴകള്‍ വളര്‍ന്നുവരുന്ന ദാരുണമായ അവസ്ഥയായിരുന്നു രോഗി. സാമാന്യത്തിലധികം വലിപ്പത്തിലാണ് വൃക്കയുള്ളതെന്ന് ഡോക്ടര്‍മാര്‍ക്ക് നേരത്തേ മനസിലായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ നടത്തിയപ്പോള്‍ മാത്രമാണ് ഇത്രയും ഭാരവും വലിപ്പവുമുള്ള വൃക്കയായിരുന്നു അകത്തുണ്ടായിരുന്നതെന്ന് മനസിലാകുന്നത്. 

രോഗിയുടെ വയറിന്റെ പകുതിയോളം ഭാഗം നിറഞ്ഞുകിടക്കുകയായിരുന്നത്രേ വൃക്ക. ശസ്ത്രക്രിയയ്ക്ക് ശേഷം ഡയാലിസിസ് നടന്നുവരികയാണിപ്പോള്‍. അദ്ദേഹം അപകടനില തരണം ചെയ്തതായും എന്നാല്‍ വൈകാതെ പുതിയ വൃക്ക വയ്‌ക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

സംഭവം ചരിത്രമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഗിന്നസ് റെക്കോര്‍ഡില്‍ പോലും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏറ്റവും ഭാരം കൂടിയ വൃക്ക നാലരക്കിലോയോളമേ വരുന്നുള്ളൂ. 2017ല്‍ ദുബായിലായിരുന്നു ഈ ശസ്ത്രക്രിയ നടന്നത്.

click me!