കണ്ണൂരില്‍ ആഫ്രിക്കൻ പന്നിപ്പനി; ഇത് മനുഷ്യര്‍ക്ക് ഭീഷണിയോ?

Published : Aug 19, 2023, 05:32 PM IST
കണ്ണൂരില്‍ ആഫ്രിക്കൻ പന്നിപ്പനി; ഇത് മനുഷ്യര്‍ക്ക് ഭീഷണിയോ?

Synopsis

എന്താണ് ആഫ്രിക്കൻ പന്നിപ്പനിയെ ഇത്രകണ്ട് പേടിക്കാൻ എന്ന സംശയം പലരിലുമുണ്ടാകാം. അതുപോലെ തന്നെ ഇത് മനുഷ്യരെ ബാധിക്കുമോ? ബാധിച്ചാല്‍ തന്നെ എത്രമാത്രം അപകടമാണ്... തുടങ്ങിയ സംശയങ്ങളും ഏറെ വരാം.

കണ്ണൂര്‍ കണിച്ചാര്‍ പഞ്ചായത്തില്‍ ആഫ്രിക്കൻ പന്നിപ്പനി പടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഫാമുകളിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കാൻ ഇന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.  ഈ മാസം ആദ്യം തൃശൂരിലും പന്നികളെ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചിരുന്നു. തുടര്‍ന്ന് ഒരു ഫാമിലെ നൂറ്റമ്പതോളം പന്നികളെ കൊന്നൊടുക്കിയിരുന്നു. 

പനി സ്ഥിരീകരിക്കുന്ന ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ കൊല്ലണം. ചുറ്റുപാടുമുള്ള മറ്റ് ഫാമുകള്‍ അടച്ചിടണം. ഇതെല്ലാം ആഫ്രിക്കൻ പന്നിപ്പനി തുടര്‍ന്നും പടരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ്. ഇത്ര സമയബന്ധിതമായി തിരക്കിട്ട് ഇങ്ങനെയെല്ലാം ചെയ്യുന്നത് രോഗബാധ തടായാൻ തന്നെ, പക്ഷേ എന്താണ് ആഫ്രിക്കൻ പന്നിപ്പനിയെ ഇത്രകണ്ട് പേടിക്കാൻ എന്ന സംശയം പലരിലുമുണ്ടാകാം. അതുപോലെ തന്നെ ഇത് മനുഷ്യരെ ബാധിക്കുമോ? ബാധിച്ചാല്‍ തന്നെ എത്രമാത്രം അപകടമാണ്... തുടങ്ങിയ സംശയങ്ങളും ഏറെ വരാം.

എന്താണ് ആഫ്രിക്കൻ പന്നിപ്പനി?

പന്നികളെ ബാധിക്കുന്ന വളരെയധികം ഗൗരവമുള്ള വൈറല്‍ അണുബാധയാണ് ആഫ്രിക്കൻ പന്നിപ്പനി. 1900കളില്‍ ഈസ്റ്റ് ആഫ്രിക്കയിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിക്കുന്നത്. രോഗബാധയുണ്ടായാല്‍ പന്നികളില്‍ മരണനിരക്ക് കൂടുതലാകുന്ന- അത്രയും ഗൗരവമുള്ള രോഗം. 

ലക്ഷണങ്ങള്‍ കൊണ്ട് ഏറെക്കുറെ ഒരുപോലെ ആണെങ്കിലും പന്നിപ്പനിയും ആഫ്രിക്കൻ പന്നിപ്പനിയുമുണ്ടാക്കുന്നത് രണ്ട് തരം വൈറസുകളാണ്. രണ്ടും ഗൗരവമുള്ള രോഗം തന്നെ. 

മനുഷ്യര്‍ക്ക് ഭീഷണിയോ?

ആഫ്രിക്കൻ പന്നിപ്പനി ഒരിക്കലും മനുഷ്യര്‍ക്ക് ആരോഗ്യപരമായി ഭീഷണി ഉയര്‍ത്തുന്നില്ല. എന്നാല്‍ സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങളാണ് ഇത് മനുഷ്യര്‍ക്ക് അധികവുമുണ്ടാക്കുന്നത്. രോഗബാധയുണ്ടായാല്‍ ഒന്നിച്ച് ഫാമുകളിലെ പന്നികളെ കൂട്ടക്കുരുതി ചെയ്യണം. ഇതുണ്ടാക്കുന്ന പ്രയാസങ്ങള്‍ തന്നെയാണ് പ്രധാനം.

ലോകമെമ്പാടും തന്നെ പന്നികളെ ബാധിക്കുന്ന പന്നിപ്പനിയും, ആഫ്രിക്കൻ പന്നിപ്പനിയുമെല്ലാം ഭക്ഷ്യമേഖലയെയും സാമ്പത്തിക മേഖലയെയുമെല്ലാം കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 

മനുഷ്യരെ ബാധിക്കുന്ന പന്നിപ്പനി...

യഥാര്‍ത്ഥത്തില്‍ പന്നിപ്പനി മനുഷ്യരെ ബാധിക്കുമോയെന്ന ആശങ്ക അസ്ഥാനത്താണ്. മനുഷ്യരെ പന്നിപ്പനി ബാധിക്കുന്ന സാഹചര്യം സാധാരണമല്ല. മനുഷ്യരെ ബാധിക്കുന്ന പന്നിപ്പനി എച്ച്1എൻ1 വൈറസുണ്ടാക്കുന്നതാണ്. എച്ച്1എൻ1 ഹ്യൂമണ്‍ വൈറസുമുണ്ട്, അതുപോലെ തന്നെ പന്നിപ്പനിയുണ്ടാക്കുന്ന വൈറസിന്‍റെ വകഭേദവുമുണ്ട്. 

മനുഷ്യശരീരത്തില്‍ കടന്നുകൂടാനും, അവിടെ നിലനില്‍ക്കാനും ശക്തരാകും വിധത്തില്‍ ജനിതകമാറ്റം സംഭവിക്കുന്ന വൈറസുകളാണ് മനുഷ്യരില്‍ രോഗബാധയുണ്ടാക്കുന്നത്. പക്ഷേ പന്നിപ്പനിയുടെ കാര്യത്തില്‍ മനുഷ്യര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്ന് തന്നെ പറയാം. കാരണം ഇതിനുള്ള സാധ്യതകള്‍ കുറവാണ്. 

Also Read:- കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി; 2 ഫാമുകളിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കാൻ നിർദ്ദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചീസ് വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് പ്രേമി ദിനം, ചില ചീസ് വിശേഷങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം