
ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർ ഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കുന്ന ചില ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ട്. എണ്ണ അടങ്ങിയ ഭക്ഷണങ്ങളും മധുര പലഹാരങ്ങളും ഒഴിവാക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, ചിലർ പാലുൽപ്പന്നങ്ങളും ഒഴിവാക്കുന്നതായി കാണാം. യഥാർത്ഥത്തിൽ പാലുൽപ്പന്നങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുമോ? ഇതിനെ കുറിച്ച് ഡയറ്റീഷ്യൻ ശിഖ കുമാരി പറയുന്നത് കേൾക്കാം.
പാൽ ആരോഗ്യകരമായ പാനീയമാണ്. അതിൽ യാതൊരു സംശയവുമില്ല. അതിൽ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. പാലിന് ശരീരഭാരം വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് ഡയറ്റീഷ്യൻ ശിഖ കുമാരി വിശദീകരിച്ചു.
' പാൽ ആരോഗ്യകരവും ഉയർന്ന നിലവാരമുള്ള പ്രോട്ടീന്റെ ഉറവിടവുമാണ്. പേശികളുടെ നിർമ്മാണത്തിനും പേശികളുടെ വളർച്ചയ്ക്കും ആവശ്യമായ പോഷകമാണ്. സിങ്ക്, മഗ്നീഷ്യം, കാൽസ്യം, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉപാപചയം വർദ്ധിപ്പിക്കാനും സഹായിക്കും. 250 മില്ലി പാലിൽ 8 ഗ്രാം പ്രോട്ടീനും 125 മില്ലിഗ്രാം കാൽസ്യവും അടങ്ങിയിട്ടുണ്ട്. അതിനാൽ, നിങ്ങൾ ഡയറ്റിലാണെങ്കിലും ദിവസേന പരിമിതമായ അളവിൽ പാൽ കഴിക്കുന്നത് ദോഷകരമല്ല...' - ശിഖ കുമാരി വ്യക്തമാക്കി.
സ്തനാർബുദം ; ആരംഭത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയാം
' ഒരു കപ്പ് പാൽ ഊർജ്ജസ്വലനാക്കും. പാൽ അലർജി പ്രശ്നമുള്ളവർ മാത്രം അത് ഒഴിവാക്കുക. അത്തരം ആളുകൾക്ക് സോയ, നട്ട് മിൽക്ക് പോലുള്ള സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാം...' - അവർ പറഞ്ഞു.
നിങ്ങൾ പശുവിൻ പാൽ തിരഞ്ഞെടുക്കുകയാണെങ്കിൽ അത് കൊഴുപ്പില്ലാത്തതാണെന്ന് ഉറപ്പാക്കുക. കൊഴുപ്പില്ലാത്ത പാലിൽ ഒരു കപ്പിൽ 83 കലോറി ഉണ്ട്. ഒരു കപ്പ് മുഴുവൻ പാലിൽ 150 കലോറിയാണ്. പാലുൽപ്പന്നത്തിന് പകരമായി സോയ മിൽക്ക് പോലുള്ള ഒരു പാനീയമാണ് നിങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് മധുരമില്ലാത്തതായിരിക്കണം.
പ്രോട്ടീന്റെ അംശം കൂടുതലായതിനാൽ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുമെന്നും ശിഖ കുമാരി പറഞ്ഞു. പ്രഭാതഭക്ഷണത്തിന് പാൽ അത്യുത്തമമാണ്. കാരണം ഇത് ദിവസത്തിന്റെ തുടക്കത്തിൽ നിങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നു. വയറ്റിലെ പ്രശ്‌നങ്ങളോ ദഹനപ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ പാൽ കുടിക്കുന്നത് ഒഴിവാക്കണമെന്നും അവർ പറയുന്നു.