
ലോകമെമ്പാടുമുള്ള സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണവും അപകടകരവുമായ രോഗങ്ങളിൽ ഒന്നാണ് സ്തനാർബുദം. ഇന്ത്യയിലും ഏറ്റവും സാധാരണമായ മൂന്ന് ക്യാൻസറുകളിൽ ഒന്നാണ്. കൂടുതൽ ആശങ്കാജനകമായ കാര്യം, പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കൂടുതൽ ചെറുപ്പക്കാരായ സ്ത്രീകളെ ബാധിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രവണതകൾ ഉയർത്തിക്കാട്ടുന്നത്. രോഗത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിച്ച് വരുന്നു.
സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിക്കുന്നത് വളരെ പ്രധാനമാണ്. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ മാറ്റാവുന്ന ഒരു രോഗമാണ് ഇതെന്ന് വിദഗ്ധർ പറയുന്നു. സ്തനാർബുദം ആരംഭത്തിലേ തന്നെ സ്വയം കണ്ട് പിടിക്കാൻ കഴിയുന്ന ഏറ്റവും ലളിതമായ മാർഗമാണ് സ്വയം പരിശോധന (ബ്രെസ്റ്റ് സെൽഫ് എക്‌സാമിനേഷൻ).
സ്തനങ്ങളിൽ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിച്ചാൽ വളരെ നേരത്തേതന്നെ സ്തനാർബുദം കണ്ടെത്താൻ സാധിക്കും. എല്ലാ മാസവും കഴിവതും ആർത്തവ ദിവസങ്ങൾ കഴിഞ്ഞ് ആദ്യത്തെ 10 ദിവസത്തിനുള്ളിൽ ഒരു കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വയം സ്തന പരിശോധന നടത്തേണ്ടത് പ്രധാനമാണ്.
സ്തനാർബുദത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?
ചുറ്റുപാടുമുള്ള ടിഷ്യൂകളിൽ നിന്ന് വ്യത്യസ്തമായി അനുഭവപ്പെടുന്ന സ്തനത്തിലോ ചുറ്റുപാടിലോ ഒരു പിണ്ഡം അല്ലെങ്കിൽ കട്ടിയാകുന്നത് ഒരു സാധാരണ ലക്ഷണമാണ്. സ്തനത്തിലെ വേദനയില്ലാത്ത, കഠിനമായ വീക്കമാണ് സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണമായി പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. അത്തരം മുഴകൾ മിക്കവയും ക്യാൻസറല്ലെങ്കിലും അവ പരിശോധിക്കേണ്ടത് പ്രധാനമാണ്.
വലിപ്പം, ആകൃതി, നിറവ്യത്യാസം എന്നിവ സ്തനത്തിന്റെ ശാരീരിക രൂപത്തിലുള്ള ഏതൊരു മാറ്റവും ലക്ഷണമാകാം. സ്തനങ്ങളിൽ നിറവ്യത്യാസം കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടർ കണ്ട് പരിശോധിക്കേണ്ടത് പ്രധാനമാണ്.
ആർത്തവ ദിവസങ്ങളിൽ സ്ത്രീകൾക്ക് സ്തനങ്ങളിൽ വേദനയുണ്ടാവുന്നത് സാധാരണയാണ്. ഇത് തെറ്റിദ്ധരിക്കേണ്ടതില്ല. ആർത്തവ ആരംഭത്തിന് മുമ്പ് തന്നെ തുടങ്ങുന്ന ഇത്തരം വേദന അടുത്ത ആർത്തവചക്രം തുടങ്ങി ഉടൻ തന്നെ ഇല്ലാതാവും. എന്നാൽ ഇതല്ലാതെ മറ്റു തരത്തിൽ വേദനയുണ്ടാവുന്നുണ്ടെങ്കിൽ പരിശോധന ആവശ്യമാണ്.
സ്തനത്തിന് മുകളിലുള്ള ചർമ്മത്തിലെ മാറ്റമാണ് മറ്റൊരു ലക്ഷണം. മുലക്കണ്ണിൽ നിന്നും ഡിസ്ചാർജ് വരുന്നത് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു ലക്ഷണമാണ്. കുടുംബത്തിൽ സ്തനാർബുദത്തിന്റെ ചരിത്രമുള്ള അല്ലെങ്കിൽ ലോബുലാർ കാർസിനോമ ഇൻ സിറ്റു (എൽസിഐഎസ്) അല്ലെങ്കിൽ വിഭിന്ന ഹൈപ്പർപ്ലാസിയ പോലുള്ള സ്തനാവസ്ഥകളുടെ ചരിത്രമുള്ള സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, പൊണ്ണത്തടി, മദ്യപാനം, ആർത്തവവിരാമം എന്നിവയും രോഗം വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
നേരിയ കൊവിഡ് അണുബാധ പോലും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു: പഠനം