'മൂന്നാംകിട ജനറിക് മരുന്നുകൾ എഴുതാൻ നിർബന്ധിക്കുന്നത് ലക്ഷക്കണക്കിന് പേരെ കൊല്ലുന്നതിന് തുല്യം'- കുറിപ്പ്

Published : Aug 15, 2023, 11:18 AM IST
'മൂന്നാംകിട ജനറിക് മരുന്നുകൾ എഴുതാൻ നിർബന്ധിക്കുന്നത് ലക്ഷക്കണക്കിന് പേരെ കൊല്ലുന്നതിന് തുല്യം'- കുറിപ്പ്

Synopsis

ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ പെരുമാറ്റത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിൽ പറയുന്ന ജനറിക് മരുന്നുമായി ബന്ധപ്പെട്ട നിർദേശത്തിനെതിരെ ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുൽഫി നൂഹു

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ പെരുമാറ്റത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിൽ പറയുന്ന ജനറിക് മരുന്നുമായി ബന്ധപ്പെട്ട നിർദേശത്തിനെതിരെ ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുൽഫി നൂഹു.  ജനറിക് മരുന്ന് നിര്‍ദ്ദേശിക്കണമെന്ന നിർദേശത്തിനെതിരെയാണ് ഡോ. സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. 'കഴിച്ച് കാണിക്കൂ.. വെല്ലുവിളിയാണ്! ജനറിക് മരുന്ന് കഴിച്ചു കാണിക്കാൻ വെല്ലുവിളിക്കുന്നു. നാഷണൽ മെഡിക്കൽ കമ്മീഷനോടാണ്. അതിലെ ഉന്നത അധികാരികളോടാണ്;- എന്ന് തുടങ്ങുന്ന കുറിപ്പിൽ, നിർദേശത്തെ പാടേ തള്ളുകയാണ് നൂഹു.

നേരത്തെ, നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) യുടെ കീഴിലുള്ള എത്തിക്സ് ആന്‍ഡ് മെഡിക്കല്‍ രജിസ്ട്രേഷന്‍ ബോര്‍ഡാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.  ജനറിക് മരുന്നുകളുടെ നിർദേശത്തിന് പുറമെ, രോഗികളെ ബോധവല്‍ക്കരിക്കുന്നതിനും അഭ്യര്‍ത്ഥിക്കുന്നതിനുമായി മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നും പറയുന്നുണ്ട്. 60-ലധികം പേജുകളുള്ള മാര്‍ഗ നിര്‍ദശങ്ങളില്‍, ഡോക്ടര്‍ക്ക്  പ്രിസ്‌ക്രിപ്ഷന്‍ പാഡുകളില്‍ ഉപയാഗിക്കേണ്ട മെഡിക്കല്‍ ബിരുദങ്ങളു, പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള പരസ്യങ്ങളും, ടെലികണ്‍സള്‍ട്ടേഷനിലൂടെ രോഗികളോട് പെരുമാറുന്ന രീതി എന്നിവയടക്കമുള്ള കാര്യങ്ങളിൽ വ്യവസ്ഥകള്‍ ഉണ്ട്.

സുൽഫി നൂഹുവിന്റെ കുറിപ്പിങ്ങനെ..

കഴിച്ച് കാണിക്കൂ.. വെല്ലുവിളിയാണ്! ജനറിക് മരുന്ന് കഴിച്ചു കാണിക്കാൻ വെല്ലുവിളിക്കുന്നു. നാഷണൽ മെഡിക്കൽ കമ്മീഷനോടാണ്. അതിലെ ഉന്നത അധികാരികളോടാണ്.  താങ്കൾക്കോ അടുത്ത ബന്ധുക്കൾക്കോ അസുഖം വന്നാൽ ജനറിക് മരുന്ന് കഴിക്കാൻ വെല്ലുവിളിക്കുന്നു. അസുഖം കുറയില്ല എന്ന് മാത്രമല്ല മറ്റു ചില ബുദ്ധിമുട്ടുകളും കൂടി വരും.

കടുത്ത ആന്റിബയോട്ടിക് റെസിസ്റ്റൻസിന്റെ ഈ കാലത്ത് മൂന്നാംകിട ജനറിക് മരുന്നുകൾ എഴുതാൻ നിർബന്ധിക്കുന്നത് ലക്ഷക്കണക്കിന് ആൾക്കാരെ കൊല്ലുന്നതിന് തുല്യം. മരുന്നുകൾ ഏറ്റവും നല്ല ക്വാളിറ്റി ഉള്ളതായിരിക്കണം.  ക്വാളിറ്റി കുറഞ്ഞ മരുന്നുകൾ രോഗികൾക്ക് നൽകിയാൽ അസുഖം കുറയില്ല എന്ന്  മാത്രമല്ല ആന്റിബയോട്ടിക്കുകളുടെ കാര്യത്തിൽ കടുത്ത റസിസ്റ്റൻസും നിലവിൽ വരും അതായത്  ശതാബ്ദങ്ങളോളം നീണ്ടുനിൽക്കുന്ന വലിയ അപകടം.

 ബ്രാൻഡഡ് മരുന്നുകൾ എല്ലാം നല്ല ക്വാളിറ്റി ആണോ എന്നാകും ചോദ്യം. തീർച്ചയായും അങ്ങനെ പറയാൻ കഴിയില്ല. എന്നാൽ 99% ജനറ്റിക് മരുന്നുകളും കോളിറ്റി ഇല്ലാത്തതാ കുമ്പോൾ വളരെ ചെറിയ ശതമാനം ബ്രാൻഡഡ് മരുന്നുകൾ മാത്രം ക്വാളിറ്റി ഇല്ലാത്തതാകുന്നു.  മരുന്നു മാഫിയ എന്നൊക്കെ പറഞ്ഞുവയ്ക്കാൻ വരട്ടെ അസുഖം കുറയണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് രോഗിയും അത് കഴിഞ്ഞാൽ ഡോക്ടറും തന്നെയാണ്. ഒരു സംശയവും വേണ്ട. അതുകൊണ്ടുതന്നെ രോഗിക്ക് ഏറ്റവും നല്ല മരുന്ന് ലഭിക്കേണ്ടത് ഡോക്ടറുടെ ഉത്തരവാദിത്വം.

 ജനറിക് മരുന്ന്  എഴുതുന്നത് നിർബന്ധം പിടിക്കുന്നതിന് പകരം ബ്രാൻഡഡ് മരുന്നുകൾ നിരോധിക്കുകയും ഉന്നത നിലവാരമുള്ള ജനറിക് മരുന്നുകൾ ഉണ്ടാക്കുകയുമാണ് ഉത്തമം അതിനു പകരം ഇപ്പോൾ നിലവിലുള്ള ചാത്തൻ ജനറിക് എഴുതാൻ പറഞ്ഞാൽ അല്പം ബുദ്ധിമുട്ട് തന്നെയാണ്  ജനറിക് മരുന്ന് എഴുതിയാൽ ഏതു മരുന്ന് നൽകണമെന്ന് മരുന്ന് വിൽക്കുന്നവർ തീരുമാനിക്കും രോഗം കുറയണമെന്ന് ആഗ്രഹം ഡോക്ടറിനും രോഗിക്കും മാത്രം. അതുകൊണ്ടുതന്നെ ഡോക്ടർ പറയുന്ന മരുന്നുകൾ തന്നെ കഴിക്കുന്നതാണ് ഉത്തമം.  ഈ പറയുന്ന മരുന്ന് മാഫിയക്ക് ലാഭം മാത്രം കിട്ടിയാൽ മതി അതുകൊണ്ടുതന്നെ ജനറിക് മരുന്ന് കഴിച്ചു കാണിക്കാൻ വീണ്ടും ഒന്നുകൂടി എൻ എം സി  ഉന്നത അധികാരികളെ വെല്ലുവിളിക്കുന്നു. ഒന്ന് കഴിച്ച് കാണിക്കൂ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ