Weight Loss : കാപ്പി പതിവായി കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ?

By Web TeamFirst Published Dec 3, 2021, 6:55 PM IST
Highlights

ഗ്രൗണ്ട് ബീന്‍സില്‍ നിന്നെടുത്ത റെഗുലര്‍ കോഫിയാണെങ്കില്‍ ഒരു കപ്പില്‍ രണ്ട് കലോറിയാണ് അടങ്ങിയിരിക്കുക. ബ്ാക്ക് എസ്‌പ്രെസോ ആണെങ്കില്‍ ഒരു കലോറി. ഇനി ഡീകഫീനേറ്റഡ് കോഫി ആണെങ്കില്‍ പൂജ്യമാണ് കലോറിയുടെ അളവ്

രാവിലെ ഉണര്‍ന്നയുടന്‍ ഒരു കപ്പ് ചൂട് കാപ്പിയോടെയോ ( Hot Coffee ) ചായയോടെയോ ( Hot Tea) ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ മിക്കവരും. ആരോഗ്യത്തെ കുറിച്ച് ജാഗ്രത പുലര്‍ത്തുന്നവര്‍ പക്ഷേ, പലപ്പോഴും ഈ ശീലം വിട്ടുപിടിക്കാറാണ് പതിവ്. കാപ്പിയും ചായയും ആരോഗ്യത്തിന് ദോഷകരമാണെന്ന ( Bad for Health ) സങ്കല്‍പത്തിലാണ് ഇത്തരത്തില്‍ ചിലര്‍ ശീലങ്ങള്‍ മാറ്റുന്നത്. 

കാപ്പിയും ചായയും ആരോഗ്യത്തിന് ദോഷകരമായി വരാം. എന്നാല്‍ കഴിക്കേണ്ട രീതിയിലാണെങ്കില്‍ കാപ്പി, പല തരത്തിലുമുള്ള ആരോഗ്യഗുണങ്ങളുമുണ്ടാക്കും. ഇതില്‍ പ്രധാനമാണ് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നത്. 

'അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍' നടത്തിയ പഠനം പറയുന്നത് കാപ്പിയിലടങ്ങിയിരിക്കുന്ന 'കഫീന്‍' വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തുമെന്നാണ്. ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ആക്കം കൂട്ടുകയും, ഉന്മേഷം വര്‍ധിപ്പിക്കുകയും, വിശപ്പിനെ ഒതുക്കുകയും ചെയ്യുന്നതിലൂടെയാണ് കാപ്പി വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നത്. 


എന്നാല്‍ ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചിലതുണ്ട്. പാല്‍, പഞ്ചസാര എന്നി ചേര്‍ത്ത് തയ്യാറാക്കുന്ന കാപ്പിയല്ല പഠനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ബ്ലാക്ക് കോഫിയാണ് ഇതിനായി കഴിക്കേണ്ടത്. കഴിക്കുന്ന കലോറിയുടെ അളവ് കൃത്യമായി ശ്രദ്ധിക്കുന്നവരാണെങ്കില്‍ കൂടി അവര്‍ക്കും ധൈര്യമായി ബ്ലാക്ക് കോഫി കഴിക്കാം.

ഗ്രൗണ്ട് ബീന്‍സില്‍ നിന്നെടുത്ത റെഗുലര്‍ കോഫിയാണെങ്കില്‍ ഒരു കപ്പില്‍ രണ്ട് കലോറിയാണ് അടങ്ങിയിരിക്കുക. ബ്ാക്ക് എസ്‌പ്രെസോ ആണെങ്കില്‍ ഒരു കലോറി. ഇനി ഡീകഫീനേറ്റഡ് കോഫി ആണെങ്കില്‍ പൂജ്യമാണ് കലോറിയുടെ അളവ്. 

ഗ്രീന്‍ കോഫിയും സമാനമായ രീതിയില്‍ വണ്ണം കുറയ്ക്കാന്‍ സഹായകമാണ്. ഇതും മധുരവും പാലും ചേര്‍ക്കാതെ വേണം കഴിക്കാന്‍. ഗ്രീന്‍ കോഫിയിലടങ്ങിയിരിക്കുന്ന 'ക്ലോറോജെനിക് ആസിഡ്' പല ആരോഗ്യഗുണങ്ങളും നമുക്കേകുന്നുണ്ട്. 

'ഗ്രീന്‍ കോഫിയിലെ ക്ലോറോജെനിക് ആസിഡ് ഒരു ആന്റിഓക്‌സിഡന്റായാണ് പ്രവര്‍ത്തിക്കുന്നത്. ബിപി നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും ഷുഗര്‍ നില ബാലന്‍സ് ചെയ്യാനുമെല്ലാം ഇത് സഹായകമാണ്..' - ദില്ലി ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിന്നുള്ള ഡോ. സിമ്രന്‍ സായിനി പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഗുണങ്ങളെല്ലാം ലഭിക്കണമെങ്കില്‍ തീര്‍ച്ചയായും കാപ്പി, പാലും മധുരവും ഒഴിവാക്കി കഴിക്കണമെന്നും ഡോ. സിമ്രനും ഓര്‍മ്മിപ്പിക്കുന്നു. 

വെള്ളം തിളപ്പിച്ച് അതിലേക്ക് കാപ്പിപ്പൊടി മാത്രം ചേര്‍ത്ത് കഴിക്കാം. അല്ലെങ്കില്‍ കറുവപ്പട്ട, ഏലയ്ക്ക പോലുള്ള സ്‌പൈസുകള്‍ ചേര്‍ക്കാം. അതല്ലെങ്കില്‍ നാരങ്ങ, ഇഞ്ചി, മിന്റ് പോലുള്ളവ ചേര്‍ത്തും കഴിക്കാം. ഇവയെല്ലാം തന്നെ ആരോഗ്യകരമായ രീതികളാണ്. 

Also Read:- ഈ പാനീയങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായി​ക്കും

click me!