ചര്‍മ്മത്തിലെ നിറമാറ്റം, ചൊറിച്ചില്‍; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കുക...

By Web TeamFirst Published Dec 7, 2022, 7:59 PM IST
Highlights

ചര്‍മ്മത്തിന് പുറത്തായി പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങളാണ് സ്കിന്‍ ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങള്‍. ചര്‍മ്മത്തിലെ നിറമാറ്റം, രൂപമാറ്റം എന്നിവയൊക്കെ ചിലപ്പോള്‍ സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം. 

സ്കിന്‍ ക്യാന്‍സര്‍ ഇന്ന് ആളുകള്‍ക്കിടയില്‍ മുന്‍പെങ്ങും ഇല്ലാത്തവിധം വ്യാപകമാകുകയാണ്. എന്നാല്‍ നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗം കൂടിയാണ് ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം. എന്നാല്‍ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍. പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ സംഭവിക്കാം. മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള ത്വക്ക് അര്‍ബുദങ്ങളുണ്ട്. 

ചര്‍മ്മത്തിന് പുറത്തായി പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങളാണ് സ്കിന്‍ ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങള്‍. ചര്‍മ്മത്തിലെ നിറമാറ്റം, രൂപമാറ്റം എന്നിവയൊക്കെ ചിലപ്പോള്‍ സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം. ഒരു പുതിയ പാടോ ഒരു മറുകോ ഒക്കെ നിസാരമായി കാണേണ്ടതല്ലെന്ന് സാരം. ചിലര്‍ക്ക് തൊലിപ്പുറത്ത് ചൊറിച്ചില്‍, പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയൊക്കെയാകാം ലക്ഷണം. തലയോട്ടിയിലെ ത്വക്കില്‍, കണ്ണിന്റെ പാളികളില്‍ , കൈവിരലുകളില്‍, കാല്‍വിരലുകള്‍ക്കിടയില്‍ അങ്ങനെ എവിടെ വേണമെങ്കിലും സ്കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം.

ചർമ്മത്തിൽ വ്രണം,  രക്തസ്രാവം, ത്വക്കിൽ രൂപമാറ്റം, സമചതുര ചർമ്മമേഖലകൾ പരിശോധിക്കുമ്പോൾ അവയുടെ ആകൃതി, വലിവ്, ഘടന എന്നിവയിൽ  വ്യത്യാസം, നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍,  മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക,  പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍, ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍, പുതിയ മറുകുകള്‍ പ്രത്യക്ഷപെടുക തുടങ്ങിയവ കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്നുകരുതി സ്വയം രോഗം ഉണ്ടെന്ന് ഉറപ്പിക്കേണ്ട. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ഒരു ഡോക്ടറുടെ സേവനം  തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകുക.

Also Read: കഴുത്തിലെ ഇരുണ്ട നിറം അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

click me!