
രാവിലെ ഉണര്‍ന്നയുടൻ തന്നെ ഒരു കപ്പ് കാപ്പിയോ ചായയോ കഴിക്കുന്നതായിരിക്കും മിക്കവരുടെയും താല്‍പര്യം. ഇത് പെട്ടെന്ന് തന്നെ നമുക്ക് ഉന്മേഷവും ഊര്‍ജ്ജവുമെല്ലാം നല്‍കാം. എന്നാല്‍ രാവിലെ ഉണര്‍ന്നയുടൻ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ദഹനപ്രശ്നങ്ങള്‍ തന്നെയാണ് പ്രധാനമായും ഇതുണ്ടാക്കുക.
രാവിലെ ഉറക്കമുണര്‍ന്നയുടൻ ആദ്യം തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. അതും ഇളം ചൂടുവെള്ളമാണെങ്കില്‍ ഉചിതം. ഇതിന് ശേഷം ചായയോ കാപ്പിയോ എല്ലാം കഴിക്കുന്നതിന് പകരം ഒരു ആപ്പിള്‍ കൊണ്ട് ദിവസം തുടങ്ങിനോക്കൂ. ആരോഗ്യകാര്യങ്ങളില്‍ നല്ലരീതിയില്‍ മെച്ചം സംഭവിക്കാം.
ആപ്പിളിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ 'ഷുഗര്‍' രാവിലെയുണ്ടാകുന്ന ഉറക്കച്ചടവോ ആലസ്യമോ മാറ്റാൻ ഉപകരിക്കും. ഉന്മേഷത്തോടെ ദിവസത്തിലേക്ക് കടക്കാൻ ഇത് സഹായിക്കും. എന്നാല്‍ ഇത് പെട്ടെന്ന് തന്നെ ഷുഗര്‍ കൂടാൻ ഇടയാക്കുമെന്നും കരുതേണ്ടതില്ല. ആപ്പിളിലുള്ള ഫൈബര്‍ ഷുഗര്‍ 'ബാലൻസ്' ചെയ്യാൻ സഹായിക്കും.
ആപ്പിള്‍ കൊണ്ട് വേറെയും ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. ഏതെല്ലാമാണിവ എന്നുകൂടി അറിയാം.
ഒന്ന്...
മിക്കവരും നേരിടാറുള്ളൊരു പ്രശ്നമാണ് ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍. ഇത് പരിഹരിക്കുന്നതിന് ആപ്പിള്‍ സഹായകമാണ്. ആപ്പിളിലടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് സഹായിക്കുന്നത്. മലബന്ധം, ആമാശയസംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവ പരിഹരിക്കുന്നതിനെല്ലാം ഇത് പ്രയോജനപ്പെടും.
രണ്ട്...
ആപ്പിളിലടങ്ങിയിരിക്കുന്ന 'പോളിഫിനോള്‍സ്' ശരീരത്തിലേക്ക് അമിതമായി കാര്‍ബോഹൈഡ്രേറ്റ് എത്തുന്നത് തടയും. ഇത് ഷുഗര്‍ നിയന്ത്രിച്ചുനിര്‍ത്താൻ സഹായിക്കുന്നു.
മൂന്ന്...
ഇന്ത്യയില്‍ സ്ത്രീകളും കുട്ടികളുമടക്കം വലിയൊരു വിഭാഗം നേരിടുന്നൊരു അസുഖമാണ് വിളര്‍ച്ച, അഥവാ 'അനീമിയ'. വിളര്‍ച്ചയുള്ളവര്‍ ആപ്പിള്‍ കഴിക്കുന്നത് അയേണ്‍ വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് വിളര്‍ച്ച പരിഹരിക്കുന്നതിന് ക്രമേണ പ്രയോജനപ്പെടുന്നു.
നാല്...
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും വളരെയധികം അനുയോജ്യമായൊരു ഭക്ഷണമാണ് ആപ്പിള്‍. ആപ്പിളിലെ ഫൈബറാണ് ഇതിന് സഹായകമാകുന്നത്.
അഞ്ച്...
ആപ്പിള്‍ കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ്. വൻ കുടലിലെ ബാക്ടീരിയകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നത് മുഖാന്തിരം ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമായി പോവുകയും ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് സഹായകമാവുകയും ചെയ്യുന്നു.
Also Read:- ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം; ഇത് രാവിലെ ഉണര്‍ന്നയുടന്‍ കുടിക്കുകയാണെങ്കില്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam