പ്രമേഹമുള്ളവര്‍ നമുക്കറിയാം പ്രധാനമായും ഡയറ്റിലാണ് കാര്യമായ നിയന്ത്രണങ്ങള്‍ വരുത്തുന്നത്. ഇതിനൊപ്പം തന്നെ വര്‍ക്കൗട്ട് കൊണ്ടുപോകുകയും വേണം. 

ജീവിതശൈലീരോഗങ്ങളില്‍ ഏറ്റവുമധികം പേരെ ബാധിക്കുന്നൊരു രോഗമാണ് പ്രമേഹം ( Diabetes Disease ) . ഒരിക്കല്‍ പിടിപെട്ടാല്‍ നിയന്ത്രണം കൊണ്ട് കൈകാര്യം ചെയ്ത് മുന്നോട്ടുപോകാന്‍ മാത്രമേ പ്രമേഹത്തില്‍ സാധ്യയുള്ളൂ. പൂര്‍ണമായൊരു മുക്തി പ്രതീക്ഷിക്കാവുന്നതല്ല. 

രക്തത്തിലെ ഷുഗര്‍നില ഉയരുന്നു എന്നതില്‍ അധികം പ്രമേഹത്തില്‍ ഹൃദയം അടക്കം പല അവയവങ്ങളും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ നിസാരമായി ഇതിനെ സമീപിക്കരുത്. 

പ്രമേഹമുള്ളവര്‍ നമുക്കറിയാം പ്രധാനമായും ഡയറ്റിലാണ് ( Diabetes Diet ) കാര്യമായ നിയന്ത്രണങ്ങള്‍ വരുത്തുന്നത്. ഇതിനൊപ്പം തന്നെ വര്‍ക്കൗട്ട് കൊണ്ടുപോകുകയും വേണം. എന്നാല്‍ പ്രമേഹമുള്ളവര്‍ ശരീരകാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര, മറിച്ച് മനസിന്റെ ആരോഗ്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പ്രത്യേകിച്ച് ഇന്ന് വിഷാദരോഗവും ഉത്കണ്ഠയുമെല്ലാം നേരിടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പ്രമേഹരോഗികളിലുണ്ടായാല്‍ ( Diabetes Disease ) അത് പ്രമേഹം അധികരിക്കാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതെങ്ങനെയെന്ന് വിശദമാക്കാം. 

വിഷാദരോഗം, ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ജീവിതരീതികളില്‍ കാര്യമായ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സാധിക്കാതിരിക്കാം. സമയത്തിന് ഭക്ഷണം കഴിക്കുക, ആരോഗ്യസ്ഥിതിക്ക് അനുസരിച്ച ഭക്ഷണം കഴിക്കുക, വര്‍ക്കൗട്ട് ചെയ്യുക, കൃത്യമായി രക്ത പരിശോധന നടത്തുക, ഡോക്ടറെ കാണുക, മരുന്ന് എടുക്കുക തുടങ്ങിയ കാര്യങ്ങളൊന്നും ഇവര്‍ക്ക് ചെയ്യാന്‍ കഴിയാതെ വരും. 

ഇത് പ്രമേഹത്തിന്റെ പ്രശ്‌നങ്ങളെ കാര്യമായി തന്നെ കൂട്ടുന്നു. ഉത്കണ്ഠയോ മാനസിക സമ്മര്‍ദ്ദമോ അധികരിക്കുമ്പോഴുണ്ടാകുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും പ്രമേഹത്തിന് പ്രതികൂലമാകുന്നു. 

ഇതുകൊണ്ടെല്ലാം തന്നെ പ്രമേഹമുള്ളവര്‍ ശാരീരികാരോഗ്യത്തിനൊപ്പം തുല്യപ്രാധാന്യത്തോടെ മാനസികാരോഗ്യവും പരിപാലിക്കണം. വിഷാദം പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന പക്ഷം മാനസികരോഗ വിദഗ്ധരെ കാണുകയും വേണ്ട പരിഹാരം വൈകാതെ തേടുകയും വേണം. ഒപ്പം വീട്ടുകാരെയോ സുഹൃത്തുക്കളെയോ മറ്റ് പ്രിയപ്പെട്ടവരെയോ കാര്യം പറഞ്ഞുമനസിലാക്കി കൂടെ പിന്തുണയായി നിര്‍ത്തേണ്ടതുമുണ്ട്. 

യോഗ പോലുള്ള പരിശീലനങ്ങള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. അതിനാല്‍ അത്തരത്തിലുള്ള ശീലങ്ങള്‍ ആവാം. മനസിന് സന്തോഷം പകരുന്ന തരത്തിലുള്ള വിനോദങ്ങള്‍, ചെറിയ ജോലികള്‍ എന്നിവയിലേര്‍പ്പെടുക. ചിട്ടയായ ജീവിതരീതി മുന്നോട്ടുകൊണ്ടുപോകുന്നിതന് തടസമാകുന്നത് ഏത് ഘടകമാണെങ്കിലും അതിനെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുകയോ, പരിഹരിക്കുകയോ ചെയ്യുക. 

ഭക്ഷണകാര്യങ്ങളിലേക്ക് വന്നാല്‍ ആന്റി ഓക്‌സിഡന്റുകളടങ്ങിയ ചുവപ്പ്-മഞ്ഞ- ഓറഞ്ച് നിറങ്ങളിലുള്ള ഫ്രൂട്ട്സ്, പച്ചക്കറി, വൈറ്റമിന്‍-സി അടങ്ങിയ സിട്രസ് ഫ്രൂട്ട്‌സ്, പപ്പായ, പേരക്ക, തക്കാളി, നട്ട്‌സ്, സീഡ്‌സ്, ധാന്യങ്ങള്‍, നേന്ത്രപ്പഴം, പയറ്-പരിപ്പ് വര്‍ഗങ്ങള്‍, ഒമേഗ- 3 ഫാറ്റ് അടങ്ങിയ സാല്‍മണ്‍ മത്സ്യം, വാള്‍നട്ട്‌സ്, ചിയ സീഡ്‌സ്, യോഗര്‍ട്ട്, തുടങ്ങിയവയെല്ലാം ഡയറ്റിലുള്‍പ്പെടുത്താം( Diabetes Diet ). ഇവയെല്ലാം തന്നെ മാനസികാരോഗ്യത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. 

Also Read:- അമിതവണ്ണമുള്ള കുട്ടികളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ...