
ചർമ്മസംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചകൾ എപ്പോഴും ക്രീമുകളിലും സിറങ്ങളിലുമാണ് അവസാനിക്കാറുള്ളത്. എന്നാൽ ചർമ്മത്തിൽ പുരട്ടുന്ന ഉൽപ്പന്നങ്ങളേക്കാൾ ചർമ്മത്തിന്റെ സൗന്ദര്യത്തെയും ആരോഗ്യത്തെയും സ്വാധീനിക്കുന്നത് നമ്മുടെ മാനസികാരോഗ്യമാണെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ശരീരത്തിനുള്ളിലും മനസ്സിലും നടക്കുന്നത് എന്തോ, അത് ചർമ്മത്തിൽ പ്രകടമാകും. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് എങ്ങനെ വഴിയൊരുക്കുന്നു എന്ന് അറിയാം.
നമ്മൾ ദീർഘകാലം മാനസികസമ്മർദ്ദത്തിലൂടെയോ വിഷാദത്തിലൂടെയോ കടന്നുപോകുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് കുത്തനെ കൂടുന്നു. കോർട്ടിസോൾ കൂടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ.
കോർട്ടിസോളിന്റെ ഉയർന്ന അളവ് ശരീരത്തിലെ ഹോർമോൺ സമതുലിതാവസ്ഥ തകർക്കുന്നു. ഇത് ചർമ്മത്തിന്റെ ഉപരിതലത്തിൽ ലക്ഷണങ്ങൾ കാണുന്നതിന് മുൻപ് തന്നെ അകാല വാർദ്ധക്യത്തിന് കാരണമാകുന്നു.
കോളാജൻ ഉൽപ്പാദനം കുറയുന്നു
വിട്ടുമാറാത്ത സമ്മർദ്ദം ചർമ്മത്തിന് ഇലാസ്തികത നൽകുന്ന കോളാജൻ ഉൽപ്പാദനത്തെ തടസ്സപ്പെടുത്തുകയും ചർമ്മത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
മാനസികസമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാം?
ചർമ്മസംരക്ഷണം എന്നാൽ സമ്മർദ്ദത്തോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സമ്മർദ്ദമുണ്ടാകുമ്പോൾ പെട്ടെന്ന് പ്രതികരിക്കുന്നത് ശരീരത്തിലെ കോർട്ടിസോൾ ഉയർത്തും. എന്നാൽ വിവേകത്തോടെ പതുക്കെ പ്രതികരിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഈ മാറ്റം സാധ്യമാക്കാൻ ലളിതമായ ചില ശീലങ്ങൾ വളർത്തിയെടുക്കാം.
കൃത്യമായ ഉറക്കം
ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുന്നത് ശരീരത്തിനും ചർമ്മത്തിനും സ്വയം കേടുപാടുകൾ തീർക്കാനും കോർട്ടിസോൾ നിയന്ത്രിക്കാനും സമയം നൽകുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും സ്‌ക്രീനുകൾ ഒഴിവാക്കുക.
ശരീരവ്യായാമവും മൈൻഡ്ഫുൾനസ്സും
ചെറിയ നടത്തം, യോഗ, അല്ലെങ്കിൽ വ്യായാമം എന്നിവ സമ്മർദ്ദ ഹോർമോണുകൾ കുറയ്ക്കാനും രക്തചംക്രമണം കൂട്ടാനും സഹായിക്കും. ദിവസവും 5 മുതൽ 10 മിനിറ്റ് വരെ ശ്വസനവ്യായാമങ്ങൾ ചെയ്യുന്നത് നാഡീവ്യൂഹത്തെ ശാന്തമാക്കും.
വൈകാരിക അതിരുകൾ നിശ്ചയിക്കുക
നോ എന്ന് പറയാൻ പഠിക്കുക, മാനസികമായി തളർത്തുന്ന സംഭാഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, നിങ്ങൾക്കായി മാത്രം അല്പം സമയം മാറ്റിവെക്കുക എന്നിവ സമ്മർദ്ദം കൂടാതിരിക്കാൻ സഹായിക്കും.
പോഷകാഹാരം
പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയടങ്ങിയ സമീകൃതാഹാരവും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഹോർമോൺ സമതുലിതാവസ്ഥ നിലനിർത്തും.
ബന്ധങ്ങൾ നിലനിർത്തുക
സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുന്നതും മനസ്സ് തുറക്കുന്നതും നൽകുന്ന മാനസിക ആശ്വാസം ഒരു ബ്യൂട്ടി ഉൽപ്പന്നത്തിനും നൽകാനാകില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam