Latest Videos

കൊവിഡ് 19 രണ്ട് വര്‍ഷക്കാലത്തേക്ക് നീണ്ടുനില്‍ക്കുമോ? ഞെട്ടിക്കുന്ന വിവരങ്ങളുമായി ഗവേഷകര്‍...

By Web TeamFirst Published May 1, 2020, 10:01 PM IST
Highlights

കൊവിഡ് 19 എന്ന വൈറസ് പുതിയതാണ്. അതിനാല്‍ത്തന്നെ ഇതിനോട് പോരാടാനുള്ള പ്രതിരോധശക്തി മനുഷ്യരിലില്ല. ഇനി, ആ ശക്തി ആര്‍ജ്ജിച്ചെടുക്കുക എന്നതാണ് മനുഷ്യന് മുന്നിലുള്ള ഒരു പോംവഴി. അതിന് ഏറ്റവും കുറഞ്ഞത് 18 മാസം മുതല്‍ 24 മാസം വരെയെങ്കിലും സമയമെടുക്കും

ലോകരാജ്യങ്ങളെ ഒന്നടങ്കം വിറപ്പിച്ചുകൊണ്ടാണ് കൊറോണ വൈറസ് എന്ന മഹാമാരി കടന്നുവന്നത്. രണ്ടര ലക്ഷത്തോളം പേര്‍ക്ക് ഇതിനോടകം  ജീവന്‍ നഷ്ടപ്പെട്ടു. ലക്ഷങ്ങളാണ് ഇപ്പോഴും വിവിധ രാജ്യങ്ങളില്‍ രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. വൈറസ് പടരാതിരിക്കാന്‍ പ്രതിരോധമാര്‍ഗമെന്നോണം കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ ജനജീവിതം ആകെയും സ്തംഭിച്ചിരിക്കുന്നു. തൊഴില്‍മേഖലകളുള്‍പ്പെടെ മനുഷ്യരെ പിടിച്ചുനിര്‍ത്തുന്ന വിവിധ മേഖലകള്‍ അടിപതറി വീണുകൊണ്ടിരിക്കുന്നു. 

എപ്പോഴാണ് ഈ ദുരിതകാലത്തില്‍ നിന്ന് കര കയറാനാവുകയെന്ന ഒറ്റച്ചോദ്യമാണ് ഓരോരുത്തരുടേയും ഉള്ളില്‍ നിന്നുയരുന്നത്. എന്നാല്‍ ശുഭകരമായ വാര്‍ത്തകളല്ല പുറത്തുവരുന്നത്. ഞെട്ടിക്കുന്ന ചില പുതിയ വിവരങ്ങളാണ് പ്രമുഖരായ ഗവേഷകര്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. 

കൊറോണ വൈറസ് എന്ന പേടിസ്വപ്‌നത്തില്‍ നിന്ന് നാം മോചിതരാകാന്‍ ഇനിയും മാസങ്ങളോ ഒരുപക്ഷേ വര്‍ഷങ്ങളോ എടുക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 

 


(മാർക് ലിപ്സ്റ്റിച്ച്,  മൈക്ക് ഓസ്‌റ്റെര്‍ഹോം എന്നിവർ...)

 

ലോകം കണ്ട മഹാമാരികളെക്കുറിച്ച് കഴിഞ്ഞ 20 വര്‍ഷമായി പഠനം നടത്തുന്ന പ്രമുഖ ഗവേഷകനും മിനോസോട്ട യൂണിവേഴ്‌സിറ്റിയിലെ 'സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് റിസര്‍ച്ച് ആന്റ് പോളിസി' ഡയറക്ടറുമായ മൈക്ക് ഓസ്‌റ്റെര്‍ഹോം, 'ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തി'ലെ എപിഡെമോളജിസ്റ്റ് മാര്‍ക് ലിപ്സ്റ്റിച്ച്, യുഎസിലെ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനി'ല്‍ എപിഡെമോളജിസ്റ്റായിരുന്ന ഡോ. ക്രിസ്റ്റീന്‍ മൂര്‍, 1918ല്‍ തുടങ്ങി 36 മാസം നീണ്ടുനിന്ന്- ലക്ഷങ്ങളുടെ ജീവന്‍ കവര്‍ന്ന സ്പാനിഷ് ഫ്‌ളൂ എന്ന മഹാമാരിയെക്കുറിച്ച് പുസ്തകമെഴുതിയ പ്രമുഖ ചരിത്രകാരന്‍ ജോണ്‍ ബാരി എന്നിവരാണ് കൊവിഡ് 19നെ കുറിച്ച് നിര്‍ണ്ണായകമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. 

18 മുതല്‍ 24 മാസം വരെ കൊവിഡ് 19 തുടര്‍ന്നേക്കുമെന്നാണ് ഇവര്‍ നല്‍കുന്ന സൂചന. ലോകത്തെ ആകെ ജനസംഖ്യയില്‍ 60 മുതല്‍ 70 ശതമാനം വരെ ആളുകള്‍ വൈറസ് ബാധിതരാവുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. 

കൊവിഡ് 19 എന്ന വൈറസ് പുതിയതാണ്. അതിനാല്‍ത്തന്നെ ഇതിനോട് പോരാടാനുള്ള പ്രതിരോധശക്തി മനുഷ്യരിലില്ല. ഇനി, ആ ശക്തി ആര്‍ജ്ജിച്ചെടുക്കുക എന്നതാണ് മനുഷ്യന് മുന്നിലുള്ള ഒരു പോംവഴി. അതിന് ഏറ്റവും കുറഞ്ഞത് 18 മാസം മുതല്‍ 24 മാസം വരെയെങ്കിലും സമയമെടുക്കും. 

 

 

സ്പാനിഷ് ഫ്‌ളൂ നല്‍കിയ പാഠങ്ങളുള്‍പ്പെടെ മഹാമാരികളുടെ ചരിത്രവും സ്വഭാവവും ഒപ്പം തന്നെ കൊവിഡ് 19നെ കുറിച്ച് വന്ന പഠനങ്ങളുമെല്ലാം പരിഗണിച്ചാണ് ഇവര്‍ തങ്ങളുടെ നിരീക്ഷണങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

'സീസണല്‍ പകര്‍ച്ചവ്യാധികളെപ്പോലെ ഇത് ഒടുങ്ങുമെന്ന് കരുതാനാകില്ല. ഒന്നാമത്, കൊവിഡ് 19 വൈറസ് ഒരാളില്‍ കയറിക്കൂടിയാല്‍ അത് പ്രകടമാകണമെങ്കില്‍ എത്ര ദിവസങ്ങളാണ് എടുക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കണം. അതായത്, അതിന്റെ ഇന്‍കുബേഷന്‍ പിരീഡ്. രണ്ടാമത്- ലക്ഷണങ്ങളില്ലാതെ തന്നെ നിരവധി പേരില്‍ കൊവിഡ് കണ്ടെത്തുന്നുണ്ട്. അങ്ങനെയാകുമ്പോള്‍ ഒരാളില്‍ നിന്ന് മാത്രം എത്ര പേരിലേക്ക് രോഗം എത്തും എന്ന് ചിന്തിച്ച് നോക്കൂ. ഈ ഘടകങ്ങളെല്ലാം തന്നെ കൊവിഡ് ഇനിയും വ്യാപിക്കാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വാക്‌സിന്‍ കണ്ടെത്തുക എന്നത് ശ്രമകരമായ ജോലിയാണ്. ഓരോ ദിവസവും കൊവിഡ് 19മായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളാണ് ശാസ്ത്രലോകത്ത് എത്തുന്നത്. അതെല്ലാം വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള വെല്ലുവിളിയാണ്..' ഗവേഷകസംഘം പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. 

കൊറോണ വൈറസ് എന്ന മഹാമാരി ഉടന്‍ തന്നെ ലോകത്ത് നിന്ന് നാമാവശേഷമാകുമെന്ന് ജനങ്ങളോട് ഭരണാധികാരികള്‍ ആഹ്വാനം ചെയ്യരുത്. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏറ്റവും മോശപ്പെട്ട സാഹചര്യത്തിനായി സജ്ജമാവുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്- ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. 

Also Read:- 'ആ മരുന്ന് കൊണ്ട് എന്തെങ്കിലും ഫലമുണ്ടായി എന്നതിന് തെളിവുണ്ടോ?'...

 

 

പല ഘട്ടങ്ങളിലായാണ് കൊവിഡ് 19 പടരുകയെന്നും ഇനിയും ലോകത്ത് നിരവധി ജീവന്‍ ഇത് കവരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വരും വരായ്കകളെ കുറിച്ചോര്‍ക്കാതെ നിയന്ത്രണങ്ങള്‍ തിരിച്ചെടുക്കുന്ന രാജ്യങ്ങളുടേയും സംസ്ഥാനങ്ങളുടേയും അവസ്ഥയോര്‍ത്ത് ഭയമുണ്ടെന്നും ജനങ്ങളുടെ ജീവന്‍ വച്ചാണ് ഇവര്‍ കളിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

Also Read:- കൊവിഡ് 19; രോഗികളില്‍ രക്തം കട്ടപിടിക്കുന്നത് പുതിയ വെല്ലുവിളിയാകുമോ?...

click me!