കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇതിനായി പ്രത്യേകം വാക്‌സിന്‍ കണ്ടെത്താന്‍ സമയമെടുക്കും എന്നുറപ്പായതോടെയാണ് മറ്റ് മരുന്നുകളിലേക്കും ചികിത്സാരീതികളിലേക്കും ഓരോ രാജ്യവും കടന്നത്. ഇതിനിടെ അമേരിക്കയാണ് 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍' എന്ന മരുന്ന് കൊവിഡ് 19 രോഗലക്ഷണങ്ങളെ ഭേദപ്പെടുത്താന്‍ ഉപകരിക്കുന്നതാണ് എന്ന തരത്തില്‍ അഭിപ്രായപ്പെട്ടത്. 

തുടര്‍ന്ന് ആഗോളതലത്തില്‍ തന്നെ 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍' ഏറ്റവുമധികം ഉത്പാദിപ്പിച്ചെടുക്കുന്ന രാജ്യമായ ഇന്ത്യയോട് ഈ മരുന്ന് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു. അമേരിക്കയ്ക്ക് പിന്നാലെ പല രാജ്യങ്ങളും മരുന്നിനായി ഇന്ത്യയെ സമീപിച്ചു. കയറ്റുമതി നയങ്ങളില്‍ ഇളവ് വരുത്തി വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്നെത്തിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മരുന്ന് ഇന്ന് വിവാദത്തിലാണ്. കൊവിഡ് 19 രോഗികളില്‍ ഈ മരുന്ന് ഏല്‍ക്കുന്നില്ലെന്നും ഇത് നല്‍കിയവര്‍ പോലും രോഗം മൂലം മരണപ്പെട്ടുവെന്നും സൂചിപ്പിക്കുന്ന പല പഠനങ്ങളാണ് പുറത്തുവന്നത്. ഇതോടൊപ്പം തന്നെ 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍' ഒരു ചികിത്സാസാധ്യത മാത്രമാണ് എന്നാല്‍ ഇക്കാര്യത്തില്‍ പൂര്‍ണ്ണമായ ഒരുറപ്പ് നല്‍കാനാവില്ലെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കി. 

Also Read:- ഹൈഡ്രോക്സിക്ലോറോക്വീന്‍ കഴിച്ച രോഗികളില്‍ മരണനിരക്ക് കൂടുതലെന്ന് പഠനം...

ഇതിന് പിന്നാലെ ഈ മരുന്നിനെ മഹത്വവത്കരിച്ചതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'ലാന്‍സെറ്റ്' എഡിറ്റര്‍-ഇന്‍-ചീഫ് ഡോ. റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍. കൊവിഡ് 19ന് വേണ്ടിയുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍' മഹത്വവത്കരിച്ചതിലെ അപാകത അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 

'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊണ്ട് കൊവിഡ് 19 രോഗികളില്‍ എന്തെങ്കിലും ഗുണപരമായ മാറ്റമുണ്ടാക്കാനായിട്ടുണ്ടോ? എന്തെങ്കിലും ഒരു തെളിവ് ഇതിന് വേണ്ടി ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാമോ?..'- ഡോ.റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ ചോദിച്ചു. 

Also Read:- ഹൈഡ്രോക്സി ക്ളോറോക്വിൻ: ഒരു മലേറിയ മരുന്നിനെ ട്രംപ് കൊവിഡിനുള്ള 'മൃതസഞ്ജീവനി'യാക്കിയതിന് പിന്നിൽ...

വാക്‌സിന്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ഏകീകൃതായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെടുകയാണെന്നും എന്നാല്‍ മിടുക്കരായ ഗവേഷകരുണ്ട് എന്നതിനാല്‍ത്തന്നെ ലോകം ഈ മഹാമാരിയെ അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.