ലോകരാജ്യങ്ങളെയൊട്ടാകെ വിറപ്പിച്ചുകൊണ്ട് നിര്‍ബാധം വ്യപാനം തുടരുകയാണ് കൊറോണ വൈറസ് എന്ന മാരക രോഗകാരി. ഓരോ ദിവസവും പുതിയ സംശയങ്ങളും ആശങ്കകളും പ്രതിസന്ധികളുമാണ് കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിലുണ്ടാകുന്നത്. ഇതിനിടെ മറ്റൊരു സുപ്രധാന വെല്ലുവിളി കൂടി ചൂണ്ടിക്കാട്ടുകയാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം. 

കൊവിഡ് 19 രോഗികളില്‍ അസാധാരണമായി രക്തം കട്ട പിടിക്കുന്നതായി ഇവര്‍ കണ്ടെത്തിയിരിക്കുകയാണിപ്പോള്‍. ഇത് ചെറുപ്പക്കാരായ രോഗികളില്‍ വരെ മസ്തിഷ്‌കാഘാതത്തിന് ഇടയാക്കുന്നതായും ഇവര്‍ കണ്ടെത്തിയിരിക്കുന്നു. തങ്ങളുടെ അധികാരപരിധിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളുടെ കേസുകള്‍ പരിശോധിച്ച ശേഷമാണ് ഇവര്‍ വിഷയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചിരിക്കുന്നത്. 

'മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് സമീപദിവസങ്ങളിലായി ഇവിടെ പ്രവേശിപ്പിക്കപ്പെട്ട 32 പേരില്‍ പകുതി പേരും കൊറോണ വൈറസ് പൊസിറ്റീവായ കേസുകളാണ്. എല്ലാവരുടേയും തലച്ചോറിനകത്ത് വലിയ ക്ലോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ സ്‌ട്രോക്കിനുള്ള യാതൊരു സാധ്യതകളും അവശേഷിക്കുന്നവരായിരുന്നില്ല. 49 വയസിന് താഴെയാണ് ഈ അഞ്ച് പേരുടേയും പ്രായം. വളരെ അസാധാരണമാണ് ഈ സാഹചര്യം...'- ന്യൂയോര്‍ക്കിലെ മൗണ്ട് സിനായ് ആശുപത്രിയില്‍ ന്യൂറോസര്‍ജനായ ഡോ. ജെ മൊക്കോ പറയുന്നു. 

Also Read:- വെന്റിലേറ്ററുകൾ നിലയ്ക്കുന്ന നിമിഷം; മരണത്തെ വിളിച്ചുവരുത്താൻ വിധിക്കപ്പെടുന്ന ഒരു നഴ്‌സിന്റെ ധർമ്മസങ്കടം...

വെന്റിലേറ്ററില്‍ കഴിയുന്ന 14 കൊവിഡ് 19 രോഗികളില്‍ ശ്വാസകോശത്തിലൂടെ ശരിയായ രീതിയില്‍ രക്തയോട്ടം നടക്കുന്നില്ലെന്ന് മൊണ്ട് സിനായിലെ ലംഗ് സ്‌പെഷ്യലിസ്റ്റായ ഡോ. ഹൂമന്‍ പോറും പറയുന്നു. ഈ രോഗികളുടെ കാര്യത്തില്‍ ശ്വാസകോശത്തിലാവാം രക്തം കട്ട പിടിച്ചിരിക്കുന്നതെന്നും ഡോ.ഹൂമന്‍ പറയുന്നു. 

ഒരാഴ്ച മുമ്പ് നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള ഗവേഷകര്‍ പുറത്തുവിട്ട ഒരു പഠനറിപ്പോര്‍ട്ടിലും സമാനമായ പ്രശ്‌നത്തെക്കുറിച്ച് സൂചനയുണ്ടായിരുന്നു. കൊവിഡ് 19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ 31 ശതമാനം പേരിലും രക്തം കട്ടപിടിക്കുന്ന അവസ്ഥ കണ്ടെത്തിയെന്നതായിരുന്നു അവര്‍ പഠനറിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. 

നേരത്തേ, കനേഡിയന്‍ സിനിമാതാരമായ നിക്ക് കൊര്‍ഡേറോയുടെ വലതുകാല്‍ കൊവിഡ് 19 ബാധയെ തുടര്‍ന്ന് മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. ഇതും വൈറസ് ബാധയെത്തുടര്‍ന്ന് കാലില്‍ രക്തം കട്ട പിടിച്ചതിന് പിന്നാലെയായിരുന്നു. 

Also Read:- കൊവിഡ്; പ്ലാസ്മ തെറാപ്പി പരീക്ഷിക്കാൻ 99 സ്ഥാപനങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് ഐസിഎംആര്‍...

കൊവിഡ് 19 രോഗികളില്‍ വ്യാപകമായ തരത്തില്‍ ഈ പ്രശ്‌നം ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇത്തരത്തിലൊരു വെല്ലുവിളി പുതുതായി ഉയരുകയാണെങ്കില്‍ അത് ആഗോളതലത്തില്‍ തന്നെ നിലവിലുള്ള കൊവിഡ് 19 ചികിത്സാരീതികള്‍ക്ക് മുകളിലേല്‍ക്കുന്ന വന്‍ പ്രഹരമായിരിക്കുമെന്നതില്‍ സംശയമില്ല.