ഇതുവരെ കൊവിഡ് വാക്‌സിനെടുത്തില്ലേ? നിങ്ങളറിയേണ്ടത്...

By Web TeamFirst Published Oct 24, 2021, 9:46 PM IST
Highlights

ഒരിക്കല്‍ കൊവിഡ് വന്നവരില്‍ അടുത്ത നാല് മാസത്തിന് ശേഷം വീണ്ടും രോഗം പിടിപെടാനുള്ള സാധ്യത കാണുന്നുവെന്നാണ് അടുത്തിടെ യുഎസില്‍ നിന്ന് പുറത്തുവന്നൊരു പഠനം സൂചിപ്പിക്കുന്നത്. ഏതാണ്ട് അഞ്ച് ശതമാനത്തോളം ഈ സാധ്യത നിലനില്‍ക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു

കൊവിഡ് 19 മഹാമാരിയെ  (Covid 19 ) ചെറുക്കാന്‍ വാക്‌സിനോളം ( Covid Vaccine ) ഫലപ്രദമായ മറ്റൊരു മാര്‍ഗം നിലവില്‍ ലഭ്യമല്ല. മാസ്ത് ധരിക്കുന്നതും, സാമൂഹികാകലം പാലിക്കുന്നതും, ഇടവിട്ട് കൈകള്‍ ശുചിയാക്കുന്നതുമെല്ലാം കൊവിഡ് പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍ തന്നെ. എന്നാല്‍ വാക്‌സിനോളം രോഗത്തെ ചെറുക്കാന്‍ ഇതൊന്നും തന്നെ പര്യാപ്തമല്ല. 

വാക്‌സിനെടുത്തവരിലും കൊവിഡ് പിടിപെടുന്നുണ്ട് എന്നതിനാല്‍ വാക്‌സിനെതിരെയുള്ള വികാരവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വാക്‌സിനെടുക്കുന്നത് കൊണ്ട് രോഗതീവ്രത കുറയ്ക്കാമെന്നതാണ് പ്രധാനമായ നേട്ടം. 

കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാനും മരണനിരക്ക് കുറയ്ക്കാനുമെല്ലാം വാക്‌സിനേഷനാണ് സഹായകമായിട്ടുള്ളത്. അതേസമയം ഒരിക്കല്‍ കൊവിഡ് പിടിപെട്ടാല്‍ പിന്നീട് പ്രതിരോധശേഷി ആര്‍ജ്ജിക്കുന്നത് മൂലം വീണ്ടും രോഗം പിടിപെടില്ലെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. ഇക്കാരണം കൊണ്ട് വാക്‌സിന്‍ വേണ്ടെന്ന് വയ്ക്കുന്നവരുമുണ്ട്. 

 

 

എന്നാല്‍ ഒരിക്കല്‍ കൊവിഡ് വന്നുപോയാലും വീണ്ടും കൊവിഡ് പിടിപെടാമെന്നും അതിനാല്‍ സമയം അനുസരിച്ച് കൊവിഡ് അതിജീവിച്ചവരും വാക്‌സിന്‍ സ്വീകരിക്കേണ്ടതുണ്ടെന്നുമാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 

ഒരിക്കല്‍ കൊവിഡ് വന്നവരില്‍ അടുത്ത നാല് മാസത്തിന് ശേഷം വീണ്ടും രോഗം പിടിപെടാനുള്ള സാധ്യത കാണുന്നുവെന്നാണ് അടുത്തിടെ യുഎസില്‍ നിന്ന് പുറത്തുവന്നൊരു പഠനം സൂചിപ്പിക്കുന്നത്. ഏതാണ്ട് അഞ്ച് ശതമാനത്തോളം ഈ സാധ്യത നിലനില്‍ക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇതുതന്നെ 17 മാസമാകുമ്പോള്‍ 50 ശതമാനമായി ഉയരുകയും ചെയ്യുമത്രേ. അതായത് കൊവിഡ് പിടിപെട്ട ശേഷവും വാക്‌സിന്‍ സ്വീകരിക്കേണ്ടത് അവശ്യം വേണ്ട കാര്യമാണെന്ന് സാരം. 

'പ്രതിരോധശേഷി എന്നത് എല്ലാക്കാലത്തും ഒരുപോലെ നിലനില്‍ക്കുന്നതല്ല. അതിന് കാലാവധിയുണ്ട്. രോഗം വന്ന ശേഷം ലഭിക്കുന്ന പ്രതിരോധശേഷിയാണെങ്കിലും അങ്ങനെ തന്നെ. അതിനാല്‍ വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുണ്ട്..'- പഠനത്തില്‍ പങ്കാളിയായ ഗവേഷകന്‍ ജെഫ്രി ടൗണ്‍സെന്‍ഡ് പറയുന്നു. 

 


'പാന്‍ഡെമിക്' (മഹാമാരി) എന്നതില്‍ നിന്ന് 'എന്‍ഡെമിക്' (എല്ലാക്കാലത്തും ഉണ്ടായിരിക്കുന്ന രോഗം) എന്ന തരത്തിലേക്ക് കൊവിഡ് മാറിക്കൊണ്ടിരിക്കുകയാണെന്നും ജെഫ്രി ടൗണ്‍സെന്‍ഡ് കൂട്ടിച്ചേര്‍ക്കുന്നു. അങ്ങനെയെങ്കില്‍ കൊവിഡുമായി സമരസപ്പെട്ടും പൊരുതിയും ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ വിവിധ തലങ്ങളില്‍ അവലംബിക്കേണ്ടതായി വരാം. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ഇനിയും വരേണ്ടിയിരിക്കുന്നുവെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു.

Also Read:- 'സംസ്ഥാനത്ത് വാക്സീനെടുക്കാത്ത 70% പേർക്കും പ്രതിരോധശേഷി കിട്ടിയത് രോഗം വന്നതിലൂടെ'; സെറോ സർവ്വേ

click me!