
ഉറക്കം ഒട്ടും ശരിയാകുന്നില്ല, ക്ഷീണമാണ്, തലവേദനയാണ് എന്നെല്ലാം ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ? അല്ലെങ്കില്‍ നിങ്ങള്‍ക്ക് തന്നെ അത്തരം അനുഭവങ്ങളുണ്ടാകാറില്ലേ? ഉറക്കം പ്രശ്‌നമാകുന്നത് വളരെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്. അതിനെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.
വല്ലപ്പോഴും ഉറക്കം ശരിയാകാത്ത പ്രശ്‌നമേ തോന്നുന്നുള്ളൂവെങ്കില്‍, ജീവിതചര്യകളില്‍ ചില മാറ്റം വരുത്തിനോക്കാം. എന്നിട്ടും പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഇതിനൊരു ഡോക്ടറെ കണ്ട് നിര്‍ദേശം ചോദിക്കേണ്ടതാണ്.
ആദ്യം സൂചിപ്പിച്ച പോലെ ജീവിതരീതികളില്‍ മാറ്റം വരുത്തുന്നത് പല തരത്തിലാകാം. സ്‌ട്രെസ്, മാനസിക വിഷമതകള്‍ എന്നിവ ഒഴിവാക്കാന്‍ യോഗയോ വ്യായാമമോ ചെയ്യാം. അതുപോലെ ഉറങ്ങാന്‍ കിടക്കുന്ന സമയം, ഇടം എന്നിവയെ കുറിച്ചെല്ലാം അല്‍പം കൂടി കരുതലെടുക്കാം.
അതോടൊപ്പം തന്നെ ഭക്ഷണപാനീയങ്ങളുടെ കാര്യത്തിലും ചെറിയ ജാഗ്രത പുലര്‍ത്തിനോക്കണം. അത്തരമൊരു വിഷയത്തെ പറ്റിയാണ് സൂചിപ്പിക്കുന്നത്. അതായത്, ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് നമ്മള്‍ കഴിക്കരുതാത്ത ചില പാനീയങ്ങളുണ്ട്. അവ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുമെന്നതിലാണിത്.
അധികവും 'കഫീന്‍' അടങ്ങിയ പാനീയങ്ങളാണ് ഒഴിവാക്കേണ്ടത്. കാപ്പി, ചായ എന്നിവയെല്ലാം ഇതില്‍ പ്രധാനമാണ്.
'കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ തീര്‍ച്ചയായും ഉറക്കത്തെ ബാധിക്കുന്നുണ്ട്. അത് ഓരോ വ്യക്തിയിലും ഓരോ രീതിയിലാകാം. വൈകീട്ടോടെ ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നത് നിര്‍ത്തലാക്കാം. അതൊരു ശീലമാക്കിയാല്‍ മതി. കൂട്ടത്തില്‍ നേരത്തിന് അത്താഴവും പതിവാക്കാം...'- ന്യൂട്രീഷന്‍ ആന്റ് ഫുഡ് സ്റ്റഡീസ് പ്രൊഫസറായ ജെസിക്ക ഗാരേ പറയുന്നു.
കാപ്പി, ചായ, ചോക്ലേറ്റ് ഡ്രിംഗ്‌സ്, സോഡ, കോള്‍ഡ് ഡ്രിംഗ്‌സ്, ആല്‍ക്കഹോള്‍ എന്നിവയാണ് പ്രധാമായും ഉറക്കത്തെ പ്രശ്‌നത്തിലാക്കുന്ന വില്ലന്‍ പാനീയങ്ങളായി വിദഗ്ധര്‍ പട്ടികപ്പെടുത്തുന്നത്. ഉറങ്ങുന്നതിന് അഞ്ചോ ആറോ മണിക്കൂര്‍ മുമ്പ് തന്നെ ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് നിര്‍ത്തണമെന്നാണ് ഇവര്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam