
ട്രക്കോമ ഇല്ലാതാകുന്ന 26മത്തെ രാജ്യമായി ഫിജി. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്ലമീഡിയ ട്രാക്കോമാറ്റിസ് മൂലമുണ്ടാകുന്ന ഒരു ബാക്ടീരിയൽ നേത്ര അണുബാധയാണ് ട്രാക്കോമ. ചികിത്സിച്ചില്ലെങ്കിൽ കാഴ്ച്ചവരെ നഷ്ടപ്പെടാൻ സാധ്യതയുള്ള ഈ രോഗം ശുദ്ധ ജലം, വൃത്തി, ശരിയായ ആരോഗ്യ പരിചരണം എന്നിവയില്ലാത്ത സ്ഥലങ്ങളിൽ പെട്ടെന്ന് പടരുന്നു.ഒരുകാലത്ത് ഫിജിയിലെ പ്രധാനമായ പൊതുജനാരോഗ്യ പ്രശ്നമായിരുന്നു ഇത്. അന്ധത വരെ സംഭവിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധിയായ ഈ രോഗത്തെ പൂർണമായും ഇല്ലാതാക്കാൻ സാധിച്ചത് സുപ്രധാന നേട്ടമായാണ് ഫിജി കാണുന്നത്.
2012 മുതൽ ഈ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം സർവേകളും, പഠനങ്ങളും, പരിശോധനകളും നടത്തിയിരുന്നു. എന്നാൽ കുട്ടികളിൽ ഇത് സജീവമായി കണ്ടുതുടങ്ങിയതോടെ മുമ്പ് നടത്തിയ സർവേ അടിസ്ഥാനമാക്കി വീണ്ടും ആരോഗ്യ വകുപ്പ് അവബോധ പരിപാടികൾ സംഘടിപ്പിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയായിരുന്നു. രോഗത്തെ ചെറുക്കാനുള്ള ശ്രമങ്ങളിൽ പൊതുജന അവബോധ കാമ്പെയ്‌നുകളോടൊപ്പം സ്കൂളുകളിലും മറ്റു കമ്മ്യൂണിറ്റികളിലും മെച്ചപ്പെട്ട ശുചിത്വവും, ആരോഗ്യ പരിചരണവും, ശുദ്ധ ജലവും നൽകി. നിരന്തരമായ ശ്രമത്തിനൊടുവിലാണ് രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായത്.