
കറ്റാർവാഴയിൽ നിരവധി പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കറ്റാർവാഴ ജ്യൂസ് പഞ്ചസാരയും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്ന എൻസൈമുകളാൽ സമ്പുഷ്ടമാണ്. ഇത് ദഹനവ്യവസ്ഥയ്ക്ക് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു.
കറ്റാർവാഴ ജ്യൂസ് ദഹനനാളത്തെ ശമിപ്പിക്കാനും ശുദ്ധീകരിക്കാനും സഹായിക്കുന്നതായി ജേണൽ ഓഫ് ന്യൂറോഗാസ്ട്രോഎൻട്രോളജി ആൻഡ് മോട്ടിലിറ്റിയിലെ പഠനം വ്യക്തമാക്കുന്നു. വയറുവേദന, അസിഡിറ്റി അല്ലെങ്കിൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ പതിവായി കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്.
കറ്റാർവാഴയിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും. കറ്റാർവാഴ ജ്യൂസിൽ പോളിസാക്രറൈഡുകളും അടങ്ങിയിട്ടുണ്ട്. ഇത് വെളുത്ത രക്താണുക്കളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) നടത്തിയ ഗവേഷണത്തിൽ പറയുന്നു.
ജലാംശം നൽകുന്ന ഗുണങ്ങളും ഉയർന്ന ആന്റിഓക്‌സിഡന്റും കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ ജ്യൂസ് ചർമ്മത്തിന്റെ ഘടനയും വ്യക്തതയും മെച്ചപ്പെടുത്താൻ സഹായിക്കും. പതിവായി കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് മുഖക്കുരു, വരൾച്ച, വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കും.
കറ്റാർവാഴ ജ്യൂസ് പതിവായി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ധാരാളം പോഷകങ്ങൾ അടങ്ങിയതിനാൽ കറ്റാർവാഴ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, ശരീരത്തിന്റെ പോഷകങ്ങളുടെ ആഗിരണവും ഉപയോഗവും മെച്ചപ്പെടുത്തുന്നു.
കറ്റാർവാഴ ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് സപ്ലിമെന്റായി കറ്റാർവാഴ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ധമെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കറ്റാർ വാഴ ജ്യൂസ് കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കാൻ സഹായിച്ചേക്കാം. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മൊത്തത്തിലുള്ള ഹൃദയ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നു. പതിവായി കറ്റാർവാഴ ജ്യൂസ് കഴിക്കുന്നത് ആരോഗ്യകരമായ രക്തസമ്മർദ്ദ നില നിലനിർത്താനും സഹായിക്കും. കറ്റാർവാഴ ജ്യൂസിൽ അൽപം നാരങ്ങ നീരോ തേനോ ചേർക്കുന്നത് നല്ലതാണ്.